സ്കൂൾ സുരക്ഷ: സിസ്റ്റമാണ് ഇവിടെയും പ്രശ്നം
ബിജു കുര്യന്
Sunday, July 20, 2025 12:21 AM IST
സ്കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ക്ക് ഒരു പഞ്ഞവുമില്ലെന്നു സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകള്‍ പരിശോധിച്ചാല്‍ വ്യക്തം. ഉത്തരവുകള്‍ കൃത്യമായി വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന സ്കൂളുകളില്‍ എത്തുകയും അനന്തര നടപടിയെന്തെന്ന വിശദീകരണം തിരികെ വാങ്ങുകയും പരിശോധനകള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നാണു പറയുന്നത്. പക്ഷേ നടപടികളെല്ലാം കടലാസിൽ മാത്രമെന്നാണു സമീപകാല സംഭവങ്ങള്‍ നല്കുന്ന സൂചന.
പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തിലാണ് സ്കൂള്‍ സുരക്ഷാ നടപടികള്‍. മേല്‍നോട്ടച്ചുമതല വിദ്യാഭ്യാസവകുപ്പിനുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഇതു സംബന്ധിച്ച ചോദ്യാവലി ദിവസവുമെത്തുന്നുണ്ട്. നേരത്തേയുള്ള ഉത്തരവുകളുടെ തുടര്‍ച്ചയായാണ് ഇത്തരം ചോദ്യാവലി. മണിക്കൂറുകള്‍ക്കുള്ളില്‍ മറുപടി ആവശ്യപ്പെടുന്നവയ്ക്ക് സ്ഥിരം ഉത്തരങ്ങള്‍ സ്കൂളുകളില്‍നിന്നു ലഭിക്കാറുമുണ്ട്. പക്ഷേ എല്ലാം വഴിപാടായി മാറുന്നു. മേൽത്തട്ട് മുതല്‍ താഴെവരെ സിസ്റ്റം ഒന്നിച്ചു നീങ്ങില്ലെന്നു മറുപടി നല്കുന്നവര്ക്കും അറിയാം.
ഈ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് 2025 മേയ് 13ന് ഡിജിഇ/9520/2025 ക്യുപിഐ1 എന്ന ഉത്തരവിലൂടെ സ്കൂള്‍ തുറക്കുന്നതു സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. തദ്ദേശസ്ഥാപനത്തില്‍നിന്ന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ക്ലാസ് നടത്താന്‍ കഴിയൂവെന്ന് ഉത്തരവിന്റെ തുടക്കത്തില്‍തന്നെ പറയുന്നു. സ്കൂള്‍ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതുമാണെന്ന് തുടര്‍ന്നു പറയുന്നു.
ഒമ്പതാം നമ്പര്‍ സുരക്ഷയില്‍ കെഎസ്ഇബി ലൈനുകളും
സുരക്ഷയെ സംബന്ധിച്ച് ഒമ്പതാം നമ്പര്‍ നിര്‍ദേശമായി പറയുന്നതുതന്നെ സ്കൂളിലേക്കള്ള വഴി, സ്കൂള്‍ പരിസരം, കോമ്പൗണ്ട് എന്നിവിടങ്ങളിലുള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈന്‍, സ്റ്റേ വയര്‍, സുരക്ഷാവേലികള്‍ ഇല്ലാതെയുള്ള ട്രാന്‍സ്ഫോര്‍മറുകള്‍ മുതലായവ അപകടകരമാണെന്നു കാണുകയാണെങ്കില്‍ ബന്ധപ്പെട്ട കെഎസ്ഇബി അധികൃതരെ അറിയിച്ച് സുരക്ഷിതത്വം ഉറപ്പാക്കണമെന്നതാണ്. സ്കൂളിനടുത്തുള്ള വെള്ളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മിക്കാനും വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അപകടസാധ്യതാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും ശ്രദ്ധിക്കുക, ഇഴജന്തുക്കള്‍ കയറിയിരിക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുക തുടങ്ങി 11 പ്രത്യേക നിര്‍ദേശങ്ങള്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുണ്ട്.
പിന്നാലെ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാനുള്ള ഏഴ് നിര്‍ദേശങ്ങളുണ്ട്. സ്കൂള്‍ പരിസരങ്ങളിൽ ലഹരി തടയുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഇതിലുണ്ട്. പരിസര ശുചീകരണം, ഉച്ചഭക്ഷണം തുടങ്ങിയവ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നേരത്തേതന്നെ നല്‍കിയതാണ്. ഏഴ് തലക്കെട്ടുകളിലായി നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സമിതികളുടെ രൂപീകരണം, യോഗങ്ങള്‍ എന്നിവയെക്കുറിച്ചും നിര്‍ദേശമുണ്ട്.
‘എല്ലാം ഓക്കെ’ എന്ന് വകുപ്പുകള്‍; സര്‍ട്ടിഫിക്കറ്റുമായി സ്കൂള്‍
സ്കൂള്‍സുരക്ഷ ഉറപ്പാക്കാനായി സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങളില്‍ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്വങ്ങളും വ്യക്തമാണ്. ഇതെല്ലാം നടത്തിയിട്ടുണ്ടെന്നാണു ബന്ധപ്പെട്ട വകുപ്പുകളുടെ രേഖകളിലുള്ളത്. തദ്ദേശസ്ഥാപന എന്‍ജിനിയര്‍മാരാണ് സ്കൂള്‍ കെട്ടിടങ്ങള്‍ പരിശോധിച്ച് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സംബന്ധിച്ചും ഇവര്‍ റിപ്പോര്‍ട്ട് നല്‍കണം. കെഎസ്ആര്‍ടിസി, തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യം, പോലീസ്, കെഎസ്ഇബി, എക്സൈസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ്, പട്ടികവര്‍ഗം, വനം വകുപ്പുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്കൂള്‍തല യോഗങ്ങള്‍ വിളിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ജനജാഗ്രതാ സമിതിയും ഇതിനൊപ്പം കൂടണം.
സ്കൂള്‍ തലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മേയ് 22നും 27നും മധ്യേ സ്കൂളുകള്‍ നേരിട്ടു സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചിരുന്നു. രേഖകളില്‍ ഇതനുസരിച്ച് പരിശോധനകള്‍ നടത്തി ഓരോ ദിവസവും റിപ്പോര്‍ട്ട് ഡിഡിഇയ്ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വിദ്യാഭ്യാസ ഓഫീസുകളില്‍നിന്നുള്ള സംഘം സ്കൂള്‍ പരിസരങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ച് സുരക്ഷാ റിപ്പോര്‍ട്ട് നല്‍കിയതാണ്. എല്ലാവരും വന്നുപോകുകയും എല്ലാ ശുഭമെന്ന് വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്ത ശേഷമാണ് സ്കൂളുകള്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി ക്ലാസുകള്‍ തുടങ്ങുന്നതെന്നാണ് വയ്പ്. മിഥുന് പഠിച്ച തേവലക്കര സ്കൂളിലും ഇതൊക്കെ നടന്നിട്ടുണ്ടെന്നാണ് രേഖകളില്‍ പറയുന്നത്. പിന്നെ എങ്ങനെ ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നതിനുമാത്രം ആര്‍ക്കും ഉത്തരവും ഉത്തരവാദിത്വവുമില്ല.
പഴയ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുന്നു
സംസ്ഥാനത്തെ പല സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ വളപ്പുകളിലും പഴയ കെട്ടിടങ്ങള്‍ പലതും നിത്യസ്മാരകമായി നിലനില്‍ക്കുന്നുണ്ട്. രാജഭരണകാലത്തെ പ്രതാപവുമായി നില്ക്കുന്ന കെട്ടിടങ്ങളും ഇക്കൂട്ടത്തിലുണ്ട്. പൈതൃകങ്ങളായി സംരക്ഷിക്കപ്പെടേണ്ടവയെന്ന പേരില്‍ മാറ്റിയിട്ടവ തകര്‍ന്നുവീണു തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുമ്പേ ഉപയോഗശൂന്യമെന്നു കണ്ടെത്തിയ കെട്ടിടങ്ങളാണിവ. ക്ലാസ് മുറികള്‍ ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയില്ലെങ്കില്പോലും പൊളിച്ചുനീക്കാനും അനുമതിയില്ല. കെട്ടിടം പൊളിച്ചുമാറ്റണമെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പല കടമ്പകളും കടക്കേണ്ടതുണ്ട്. ഇതെല്ലാം പൂര്‍ത്തീകരിച്ച് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വാങ്ങണം. വിദ്യാഭ്യാസ വകുപ്പും അനുമതി നല്‍കണം. എല്ലാം കഴിയുമ്പോഴേക്കും കാലം കുറെയെടുക്കും.
പത്തനംതിട്ട കടമ്മനിട്ട ഗവണ്മെന്റ് എച്ച്എസ്എസിന്റെ പഴയ കെട്ടിടം കഴിഞ്ഞദിവസം തകര്‍ന്നുവീണു. രാത്രിയിലായിരുന്നതിനാല്‍ അപകടം ഒഴിവായി. ഈ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ ഒരു നാട് ഒന്നാകെ ആവശ്യപ്പെട്ടതാണ്. കെട്ടിടത്തോടു ചേര്‍ന്നാണ് സ്കൂള്‍ ഗ്രൗണ്ട്. ഗ്രൗണ്ടില്‍ കളിക്കാനെത്തുന്ന കുട്ടികള്‍ മഴയത്തും മറ്റും കെട്ടിടവരാന്തയില്‍ കയറി നില്‍ക്കുന്നത് നാട്ടുകാര്‍ ദിവസവും കാണുന്നതാണ്. അപകടം മണത്തപ്പോഴാണ് അവര്‍ ഒന്നിച്ചു പരാതി നല്‍കിയത്. പയ്യന്നൂരില്‍ ബിആര്‍സി കെട്ടിടം തകര്‍ന്നുവീണതും ഇതേ ദിവസമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടിയ എയ്ഡഡ് സ്കൂളുകളുടെ കെട്ടിടങ്ങള്‍ മാനേജ്മെന്റുകള്‍ക്ക് കൈമാറാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്ത്തീകരിച്ചിട്ടില്ലെന്നതാണു ന്യായം. 2001 മുതല്‍ അടച്ചുപൂട്ടിയ പല സര്‍ക്കാര്‍, എയ്ഡഡ് പ്രൈമറി സ്കൂളുകളുടെയും കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ പലയിടങ്ങളിലായി കിടപ്പുണ്ട്.
എയ്ഡഡ് സ്കൂളുകള്‍ക്കു സര്‍ക്കാര്‍ നല്‍കുന്നത് തുച്ഛമായ മെയിന്റനന്‍സ് ഗ്രാന്റാണ്. പ്രൈമറി ക്ലാസുകളില്‍ കുട്ടി ഒന്നിന് 60 രൂപയും ഹൈസ്കൂളില്‍ 80 രൂപയും കണക്കാക്കിയാണ് പ്രതിവര്‍ഷം മെയിന്റനന്‍സ് ഗ്രാന്റ് നല്‍കുന്നത്. സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തേണ്ടത് മാനേജ്മെന്റുകളാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ പലയിടത്തും സ്കൂളുകള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ മാനേജര്‍മാര്‍ക്കു താത്പര്യം കുറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ മാനേജ്മെന്റുകള്‍ തയാറായിട്ടില്ല. വ്യക്തിഗത മാനേജ്മെന്റ് സ്കൂളുകളാണ് ഇത്തരത്തില്‍ അവഗണിക്കപ്പെടുന്നതില്‍ ഏറെയും. സര്‍ക്കാര്‍ സ്കൂളുകളുടെ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിയതോടെ അറ്റകുറ്റപ്പണികളും പുതിയ കെട്ടിടനിര്‍മാണവുമൊക്കെ അവരുടെ ചുമതലയായി മാറി. ഫണ്ടിന്റെ അഭാവം തദ്ദേശ സ്ഥാപനങ്ങളിലുണ്ട്.
അപകടം വരുമ്പോള്‍ നാം ഉണരും
അനാസ്ഥ മൂലം അപകടങ്ങളുണ്ടാകുകയും ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ നാം ഉണരും. മാധ്യമങ്ങള്‍ ആഘോഷമായി ഇതു കൊണ്ടുനടക്കും. പിന്നീട് എല്ലാവരും ഇതെല്ലാം മറക്കും.
2019 നവംബര്‍ 20നാണ് ബത്തേരി സര്‍ക്കാര്‍ സര്‍വജന സ്കൂളിലെ ക്ലാസ്മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹല ഷെറിന് (10) പാമ്പു കടിയേറ്റു മരിച്ചത്. ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവത്തിനുശേഷം സംസ്ഥാനത്തെ സ്കൂളുകളില്‍ വ്യാപക പരിശോധന നടന്നു. ഭിത്തികളിലും തറകളിലും സ്കൂള്‍ വളപ്പിലും പാമ്പുകള്‍ ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പിക്കുകയായിരുന്നു പിന്നീട് ചെയ്തത്. തുടര്‍ന്ന് എല്ലാ വര്‍ഷവും സ്കൂള്‍ തുറക്കുന്നതിനു മുമ്പായുള്ള പരിശോധനയില്‍ സ്കൂളിലോ പരിസരത്തോ പാമ്പുകള്‍ക്ക് ഒളിച്ചിരിക്കാനുള്ള ഇടമില്ലെന്നുറപ്പാക്കി പ്രഥമാധ്യാപകര്‍ മറുപടി നല്‍കേണ്ടി വരുന്നുണ്ട്.
ബത്തേരി സംഭവത്തിനുശേഷം 2024 ഡിസംബര്‍ 20ന് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിള യുപിസ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി നേഹയ്ക്ക് (12) ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റു. പെട്ടെന്നു ചികിത്സ ലഭ്യമാക്കിയതിനാല്‍ കുട്ടി രക്ഷപ്പെട്ടു. അത്യാഹിതം ഉണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്വം പ്രഥമാധ്യാപകര്ക്കുമേല് ചുമത്തി രക്ഷപ്പെടുകയാണ് വകുപ്പ് ചെയ്യുന്നത്. പലയിടങ്ങളിലും ഏറെ പരാതികള്‍ നല്കിയാലും ബന്ധപ്പെട്ട പല വകുപ്പുകളും തങ്ങളുടെ ഉത്തരവാദിത്വം നിര്വഹിക്കാറില്ലെന്ന പരാതി പ്രഥമാധ്യാപകര്ക്കുമുണ്ട്.
അനാസ്ഥയില്‍ മുങ്ങിയ കെഎസ്ഇബി
2000 ജൂലൈ പത്തിന് മഞ്ചേശ്വരത്ത് ആറ് പിഞ്ചുകുട്ടികളാണ് പൊട്ടിവീണ വൈദ്യുതലൈനില്‍ തട്ടി മരിച്ചത്. ബജലകരിയ ശ്രീ വിദ്യാബോധിനി എഎല്‍പി സ്കൂളിലെ ഒന്നും രണ്ടും മൂന്നും ക്ലാസുകളിലെ മൂന്ന് പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമാണ് ദാരുണമായി മരിച്ചത്. കുട്ടികള്‍ വരുന്ന വഴിയില്‍ മഴയിലും കാറ്റിലും ഒടിഞ്ഞുവീണ മരക്കമ്പുകളില്‍ കുരുങ്ങി റോഡിലേക്കു വീണ വൈദ്യുതകമ്പിയില്‍ ചവിട്ടിയാണ് ഓരോരുത്തരായി പിടഞ്ഞുമരിച്ചത്. കേരളത്തെ നടുക്കിയ ഈ സംഭവത്തിനുശേഷം വൈദ്യുതലൈന്‍ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി മാര്ഗനിര്ദേശങ്ങളുണ്ടായി. 1910ലെ ഇന്ത്യന്‍ വൈദ്യുതി ചട്ടത്തിനും 1956 ലെ ഇന്ത്യന്‍ വൈദ്യുതി നിയമത്തിനും അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ വൈദ്യുതി ബോര്‍ഡ് പാലിച്ചിരിക്കണമെന്ന് കേരള ഹൈക്കോടതി 2006 ജൂണ്‍ രണ്ടിന് ഉത്തരവിട്ടു. പത്തനംതിട്ട പ്രക്കാനം സ്വദേശി ബിജി മാത്യു കുളങ്ങര നല്കിയ പൊതുതാത്പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന വിധി.
വൈദ്യുതിസുരക്ഷാ നിയമം പാലിക്കാതെയുണ്ടാകുന്ന അപകടങ്ങളില്‍ കെഎസ്ഇബിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാണ് കോടതി ഉത്തരവ്. സംസ്ഥാനത്തെ വൈദ്യുതി വിതരണം ആറുമാസത്തിനുള്ളില്‍ അപകടരഹിതമാക്കുമെന്നും കെഎസ്ഇബി അന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വീണ്ടും വൈദ്യുതലൈന്‍ മുഖേനയുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കാന്‍ പോയിട്ട്, കുറ്റക്കാരാണെന്നുറപ്പിച്ചു പറയാനുള്ള ധൈര്യംപോലും സംവിധാനങ്ങള്‍ക്കില്ല.