ആൾക്കൂട്ടം ഊർജമാക്കിയ നേതാവ്
Friday, July 18, 2025 12:22 AM IST
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)
‘’ഉമ്മന്‍ചാണ്ടിക്കുനേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിന് അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റക്കാരണംകൊണ്ട് മൗനത്തിലൂടെ ഞാന്‍ നല്കിയ അധാര്‍മിക പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഇത് പറയാന്‍ ഓസിയുടെ മരണം വരെ ഞാന്‍ എന്തിന് കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയേ ഉള്ളൂ. നിങ്ങള്‍ക്ക് മനസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക.’’
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്ന എന്‍. മാധവന്‍കുട്ടി ഉമ്മന്‍ ചാണ്ടിയുടെ വിയോഗ വാര്‍ത്തയ്ക്കു പിന്നാലെ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണിത്. ഉമ്മന്‍ ചാണ്ടിക്കെതിരേ നികൃഷ്ടമായ ആരോപണം ഉന്നയിക്കപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന തുറന്നു പറച്ചിലാണിത്.
ആരോപണ വിധേയയായ ഒരു സ്ത്രീയില്‍നിന്നു മൊഴി എഴുതി വാങ്ങിയാണ് ഉമ്മന്‍ ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ സിബിഐ അന്വേഷണം നടത്തിയത്. ആ കേസിന്റെ ഗതിയും വിധിയും എന്തായി? കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നത് ഒരു പ്രകൃതി നിയമമാണ്. ഉമ്മന്‍ ചാണ്ടി ഇല്ലാത്ത രണ്ടാം വര്‍ഷത്തിലും ഞാന്‍ അത് ആവര്‍ത്തിക്കുന്നു; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.
രോഗം തളര്‍ത്തിയ കാലത്ത് പോലും ഉമ്മന്‍ ചാണ്ടിക്കു പിന്നാലെ വേട്ടപ്പെട്ടിയെ പോലെ ചിലര്‍ പിന്തുടര്‍ന്നാക്രമിച്ചു. എന്നാല്‍ കെണിവച്ചു പിടിക്കാന്‍ നോക്കിയപ്പോഴും പുഞ്ചിരി മാത്രമായിരുന്നു ആ മനുഷ്യന്റെ മറുപടി. തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം ഉമ്മന്‍ ചണ്ടിയുടെ ചങ്കുറപ്പ് കൂട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ സത്യം ജയിക്കുന്നതും കണ്ട ശേഷമാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്.
ഉമ്മന്‍ ചാണ്ടി എന്ന ജനനേതാവിന്റെ രാഷ്ട്രീയ ചരിത്രം കേരളത്തിന്റെ തന്നെ രാഷ്ട്രീയ ചരിത്രമാണ്. ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയുള്ള ഒരു രാഷ്ട്രീയ ചരിത്രവും ഏഴ് ദശാബ്ദത്തോളം കേരളത്തിലുണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഓരോ മനുഷ്യനും ഓരോരോ കഥകളും അനുഭവങ്ങളും പറയാനുണ്ടാകും. കണ്ടുമുട്ടുന്ന ജീവിതങ്ങളില്‍, അവരുടെ പ്രതിസന്ധികളില്‍ നടത്തിയ ഇടപെടലുകളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതം. അത് അദ്ദേഹത്തിന് ദൈനംദിന ജീവിതത്തിന്റെ ഭാഗവുമായിരുന്നു. ആള്‍ക്കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ ഊര്‍ജം. ആള്‍ക്കൂട്ടം ഇല്ലാത്ത ഉമ്മന്‍ ചാണ്ടിയെന്നത് കരയ്ക്ക് പിടിച്ചിട്ട മീനിനെ പോലെ ശ്വാസംമുട്ടും. സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാനാണ് ഉമ്മന്‍ ചാണ്ടി എപ്പോഴും ആഗ്രഹിച്ചിരുന്നത്.
ലോകത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്കും ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ആ പുതുപ്പള്ളിക്കാരന്‍ ജ്വലിച്ച് നിന്നു. കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയത്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു.
അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.