എല്ലാവരുടെയും കൂട്ടുകാരൻ
പി.റ്റി. ചാക്കോ
Thursday, July 17, 2025 11:59 PM IST
ദീപികയിൽ ഒന്നര ദശാബ്ദത്തോളം പത്രാധിപസമിതിയംഗം ആയിരുന്നശേഷമാണ് ഞാൻ സർക്കാർ സർവീസിലെത്തുന്നതും തുടർന്ന് 2004ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറിയായി ചുമതലയേല്ക്കുന്നതും. തികച്ചും ആകസ്മികമായി കിട്ടിയ അവസരം വിനിയോഗിക്കാനുള്ള ആത്മവിശ്വാസം ഉണ്ടായത് ദീപികയിൽനിന്നു ലഭിച്ച പരിശീലനവും അനുഭവസമ്പത്തും മൂലമാണ്. കംപ്യൂട്ടറിൽ പത്രം ആദ്യം തയാറാക്കിയതും ഓണ്ലൈൻ പത്രം തുടങ്ങിയതും ദീപികയാണല്ലോ. എഡിറ്റർമാർ സ്വന്തമായി ടൈപ് ചെയ്യണമെന്നു നിഷ്കർഷിച്ചതും ദീപികയാണ്.
ചെന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ സുകുമാർ അഴീക്കോടിന് മറുപടി തയാറാക്കണം എന്ന ജോലിയാണ് ആദ്യം കിട്ടിയത്. മാഷിനായിരുന്നു ആ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരം. അദ്ദേഹമത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽനിന്ന് സ്വീകരിക്കില്ലെന്നു പ്രഖ്യാപിച്ചു. കോഴിക്കോട് ജയിലിനടുത്തുള്ള ഒരു കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു അത്. ചട്ടം ലംഘിച്ചാണ് കെട്ടിടം നിർമിച്ചത് എന്നാണ് മാഷിന്റെ നിലപാട്. മഹാപണ്ഡിതനായ മാഷിനെ അനുനയിപ്പിക്കാൻ എന്തെഴുതണം എന്നായിരുന്നു എന്റെ സമസ്യ. കോഴിക്കോട് ജില്ലാ കളക്ടറിൽനിന്നു പരമാവധി വിശദാംശങ്ങൾ സമാഹരിച്ച്, ചട്ടലംഘനം നടന്നിട്ടില്ല എന്നു തെളിയിക്കാനായിരുന്നു എന്റെ ശ്രമം. അങ്ങനെ തയാറാക്കിയ കത്തിന്റെ കരടുമായി ഞാൻ മുഖ്യമന്ത്രിയുടെ അടുത്തെത്തി. അദ്ദേഹം പതിവുപോലെ ആൾക്കൂട്ടത്തിന്റെ നടുവിലാണ്. കത്ത് ഓടിച്ചുനോക്കിയിട്ട് അദ്ദേഹം കസേരയിലിരുന്നു. പിന്നെ പേനയെടുത്ത് ഒരു ഖണ്ഡിക എഴുതിച്ചേർത്തു: “എഴുത്തച്ഛൻ പുരസ്കാരം എന്റെ കൈയിൽനിന്നു വാങ്ങില്ലെന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു. അത് അങ്ങയുടെ പൂർണമായ സ്വാതന്ത്ര്യത്തിലുള്ള കാര്യമാണ്. മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ പേരിലുള്ള പുരസ്കാരം അങ്ങേക്കു തന്നെ ലഭിക്കണമെന്ന് ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ. അത് ആരുടെ കൈയിൽനിന്നു വാങ്ങുമെന്നു പറഞ്ഞാൽ അതും അനുസരിക്കാൻ തയാറാണ്. അല്ലെങ്കിൽ അങ്ങയുടെ വീട്ടിൽ പുരസ്കാരം എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ ഒരുക്കമാണെന്നും അറിയിക്കട്ടെ.”
ഒരു മാസ്റ്റർ സ്ട്രോക്ക്. അഴീക്കോട് മാഷ് വഴങ്ങി. അദ്ദേഹം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വന്ന് മുഖ്യമന്ത്രിയിൽനിന്ന് അവാർഡ് വാങ്ങി. ഉമ്മൻ ചാണ്ടിയെക്കുറിച്ച് നല്ല വാക്കുകൾ പറഞ്ഞു. സമ്മാനമായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു. എനിക്കും പ്രയോജനം കിട്ടി; 2006ൽ ഞാൻ എഴുതിയ "തുറന്നിട്ട വാതിൽ' എന്ന ഉമ്മൻ ചാണ്ടിയുടെ ജീവചരിത്രത്തിനു മനോഹരമായ അവതാരിക എഴുതിത്തന്നു.
ഞാൻ ഒരു വിസ്മയത്തിന്റെ കൂടെയാണ് ജീവിക്കാൻ പോകുന്നതെന്ന് മനസിൽ അന്നു കുറിച്ചിട്ടതാണ്. അദ്ദേഹം മരണമടഞ്ഞ 2023 ജൂലൈ 18 വരെ ഇത്തരം വിസ്മയക്കാഴ്ചകൾ അടുത്തു നിന്നു കാണാൻ കഴിഞ്ഞു. അന്ത്യവിശ്രമം കൊള്ളുമ്പോൾ പോലും അദ്ദേഹമൊരു മഹാവിസ്മയമായിരുന്നു. മരണാനന്തര ബഹുമതിയായി നല്കുന്ന ഗണ് സല്യൂട്ട് വേണ്ടെന്ന് നിർദേശിച്ചിട്ടാണ് മുൻ മുഖ്യമന്ത്രി കണ്ണടച്ചത്. പകരം, ജനലക്ഷങ്ങൾ അദ്ദേഹത്തിന് ഹൃദയസല്യൂട്ട് നല്കിയാണ് വിടചൊല്ലിയത്.
നിമിഷപ്രിയ
യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ, ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. രോഗഗ്രസ്തനായുള്ള അവസാനനാളുകളിൽപ്പോലും അദ്ദേഹം നിമിഷപ്രിയയുടെ മോചനത്തിനു ശ്രമിച്ചതാണ്. ശബ്ദം തീരെ ദുർബലമായിരിക്കുമ്പോഴും പലരെയും ഫോണിൽ വിളിക്കുകയും ഇടപെടാൻ ശ്രമിക്കുകയുമൊക്കെ ചെയ്തു. അദ്ദേഹം വിദേശത്തു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട എത്രയോ മലയാളികളെ തൂക്കുകയറിൽനിന്ന് ഊരിക്കൊണ്ടു വന്നു. സൗദിയിൽ തൂക്കുമരത്തിലേക്കു നടന്നുനീങ്ങിയ കൊല്ലം പള്ളിമുക്ക് സ്വദേശികളായ മൂന്നുപേരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസിലെത്തിയപ്പോൾ അദ്ദേഹം ‘സോളാറിന്റെ’ ചൂടിൽ നിന്നുരുകുകയായിരുന്നു. സൊമാലിയൻ കൊള്ളക്കാരുടെ പിടിയിൽനിന്ന് കൂത്താട്ടുകുളം സ്വദേശി ജോർജ് ജോസഫിനെ രക്ഷിക്കാനുള്ള കത്ത് പ്രധാനമന്ത്രിക്കു തയാറാക്കി നല്കിയത് കൊച്ചിയിൽ ആഗോള സംഗമത്തിനിടയിലാണ്. ഒരിക്കൽ, ദുബായ് സന്ദർശനത്തിനിടെ അനേകം ഔദ്യോഗിക പരിപാടിക്കിടയിലും പ്രാമുഖ്യം നല്കിയത് അവിടെ ജയിലിൽ കഴിയുന്ന ജോയി ജോസഫിന്റെ മോചനത്തിനായിരുന്നു. കുവൈറ്റ് ജയിലിൽ വധശിക്ഷ കാത്തുകിടന്ന ആലപ്പുഴ തോട്ടപ്പള്ളി സിമിലിനെയും, സൗദി ജയിലിൽ സമാനമായ അവസ്ഥയിലൂടെ കടന്നുപോയ ചങ്ങനാശേരി സ്വദേശി സിനോയ് മാത്യുവിനെയും ചേർത്തുപിടിച്ചു. ഇവർക്കെല്ലാം ബ്ലഡ് മണി ഏർപ്പാടാക്കിയും തന്റെ വിപുലമായ നെറ്റ്വർക്ക് ഉപയോഗിച്ചുമാണ് മോചനം സാധ്യമാക്കിയത്.
ഇറാഖിലെ തിക്രിത്തിൽനിന്ന് മലയാളി നഴ്സുമാരുടെ മോചനം സാധിച്ചത് ഉമ്മൻ ചാണ്ടി ദിവസങ്ങളോളം നടത്തിയ കഠിനാധ്വാനത്തിലൂടെയാണ്. അദ്ദേഹം ഡൽഹിയിൽ തമ്പടിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി സഹകരിച്ചു നടത്തിയ ഓപ്പറേഷനായിരുന്നു അത്. നഴ്സുമാർ താമസിക്കുന്ന കെട്ടിടത്തിൽ സ്ഫോടകവസ്തുക്കൾ വച്ചിട്ടുണ്ടെന്നും ബസിൽ കയറിയാൽ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് ഭീകരർ വന്നതോടെയാണ് മറീന ജോസ് എന്ന നഴ്സ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്. നഴ്സുമാരെ തട്ടിക്കൊണ്ടുപോകാനാണോ എന്നായിരുന്നു ഇവിടെയുള്ളവരുടെ ഭയം. ഉമ്മൻ ചാണ്ടി ഉടൻതന്നെ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഓഫീസിൽ തമ്പടിച്ചു. നാലാം ദിവസവും ഭീകരർ വന്നപ്പോൾ സുഷമ പറഞ്ഞു; “മിസ്റ്റർ ഉമ്മൻ ചാണ്ടീ, താങ്കൾകൂടി സമ്മതിച്ചാൽ നമുക്ക് അവരെ ഒഴിപ്പിക്കാം. അവർ ബസിൽ കയറട്ടെ.” അതിവേഗം തീരുമാനമെടുക്കുന്ന ഉമ്മൻ ചാണ്ടി പക്ഷെ അപ്പോൾ ഒന്നു പതറി. ഈശ്വരവിശ്വാസിയായ അദ്ദേഹം അല്പനേരം പ്രാർഥിച്ചു. എന്നിട്ടു പറഞ്ഞു: “ഒഴിപ്പിക്കാം.” 46 നഴ്സുമാർ ഉമ്മൻ ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് കെട്ടിടത്തിൽനിന്നിറങ്ങി ഭീകരർ കൊണ്ടുവന്ന ബസിൽ കയറി. വണ്ടി പുറപ്പെട്ട് മിനിറ്റുകൾക്കകം ആശുപത്രിക്കെട്ടിടം ബോംബ് സ്ഫോടനത്തിൽ തകർന്നു. നഴ്സുമാർ അവിടെനിന്നു പോന്നശേഷം ഉമ്മൻ ചാണ്ടി കേരളത്തിലേക്കു മടങ്ങി. ആലുവ ഗസ്റ്റ് ഹൗസിൽ എത്തുമ്പോൾ പുലർച്ചെ ഒരു മണി. അപ്പോഴാണ് നഴ്സുമാരെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനത്തിന് ഇറാന്റെ ഖുർദ് മേഖലയിലുള്ള ഇർബിൽ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചത്. വിമാനം തിരിച്ചുപോരുകയാണ്. അസമയത്താണെങ്കിലും സുഷമ സ്വരാജിനെ വീണ്ടും വിളിച്ചുണർത്തി. തുടർന്നാണ് വിമാനം അവരെ കൊണ്ടുപോന്നത്. ഉമ്മൻ ചാണ്ടി പിന്നെ ഉറങ്ങിയില്ല. പുലർച്ചെ നാലരയ്ക്ക് നെടുമ്പാശേരിയിൽ എത്തേണ്ട വിമാനത്തിനു കാത്തിരുന്നു. പക്ഷേ വിമാനം വന്നത് 9.30ന്. വലിയൊരു തുക ബ്ലഡ് മണി നല്കേണ്ടിവന്നു. അത് ആരു നല്കിയെന്നത് സുഷമ സ്വരാജിനും ഉമ്മൻ ചാണ്ടിക്കും മാത്രമറിയാവുന്ന രഹസ്യം.
തമിഴ് പത്രപ്രവർത്തകർ
2011 മേയിൽ ഉമ്മൻ ചാണ്ടി വീണ്ടും അധികാരമേറ്റയുടൻ മുല്ലപ്പെരിയാർ വിഷയം ജ്വലിച്ചു. നവംബറിൽ ആശങ്കാജനകമാം വിധം ജലനിരപ്പ് ഉയർന്നു. ചപ്പാത്തിൽ ജനപ്രതിനിധികൾ സമരം ആരംഭിച്ചു. അണക്കെട്ട് പരിസരത്ത് ഉണ്ടായ ഭൂകമ്പം ഭീതി പടർത്തി. "ഡാം 999' സിനിമ എരിതീയിൽ എണ്ണയൊഴിച്ചു. മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെ മനുഷ്യമതിൽ ഉയർന്നു. പുതിയ ഡാം നിർമിക്കണമെന്നു കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. തമിഴ്നാടിനെതിരേ കേരളത്തിലും കേരളത്തിനെതിരേ തമിഴ്നാട്ടിലും വികാരം ആളിക്കത്തി. തമിഴ്നാട്ടിൽ ചില അനിഷ്ട സംഭവങ്ങളുണ്ടായി. കേരളത്തിലും സമാന സംഭവങ്ങളുണ്ടായെന്ന് കള്ളപ്രചാരണവും ഉയർന്നു. ശബരിമല സീസണ് ആരംഭിച്ച് വലിയ തോതിൽ അവിടെനിന്ന് ആളുകൾ വരുന്ന സമയം. "തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ' എന്ന മുദ്രാവാക്യം ഉമ്മൻ ചാണ്ടി ഉയർത്തി. പത്രങ്ങളിൽ പരസ്യം നല്കി.
തുടർന്ന് മീഡിയയിലൂടെ പ്രചാരണം നടത്താൻ തീരുമാനിച്ചു. തമിഴ് പത്രപ്രവർത്തകരെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് ചർച്ച നടത്തി. ഡൽഹി കേരള ഹൗസിൽ തമിഴ് പത്രപ്രവർത്തകരുടെ യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ മുറിയിൽ പത്രക്കാർക്ക് ആവശ്യത്തിന് കസേരകളിടാൻ സ്ഥലം ഇല്ലായിരുന്നു. അവർ മുഖ്യമന്ത്രിയുടെ തൊട്ടടുത്തൊക്കെയാണ് ഇരുന്നത്. പൊതുവെ വികാരജീവികളെന്നു കരുതപ്പെടുന്ന തമിഴ് പത്രപ്രവർത്തകർ അക്രമോത്സുകരായിരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. പക്ഷേ നല്ല ഒരു ചർച്ചയായി അതു മാറി. പത്രസമ്മേളനം കഴിഞ്ഞിട്ടും അവർ പിരിഞ്ഞുപോകുന്നില്ല. അവരങ്ങനെ ഇരിക്കുകയാണ്. എന്തോ ഒരു ഗ്രാമർ മിസ്റ്റേക്ക് ഉണ്ടല്ലോ എന്നു കരുതിയപ്പോൾ അതിലൊരാൾ പറഞ്ഞു: “ഞങ്ങളിങ്ങനെ ഒരു മുഖ്യമന്ത്രിയുടെ അടുത്തിരിക്കുന്നത് ആദ്യമായാണ്. ഞങ്ങളുടെ മുഖ്യമന്ത്രിയെ ഞങ്ങൾ കണ്ടിട്ടുപോലുമില്ല -” ഉമ്മൻ ചാണ്ടി ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു.
കൂഞ്ഞൂഞ്ഞിന്റെ തോളിൽ കൈയിട്ട് കൂട്ടുകാരനെപ്പോലെ പുതുപ്പള്ളി പെരുന്നാളിന് പോയ കാര്യം മമ്മൂട്ടി അനുസ്മരിച്ചിട്ടുണ്ട്. എല്ലാവരുടെയും തോളിൽ കൈയിട്ടു നടന്ന കൂട്ടുകാരനായിരുന്നു ഉമ്മൻ ചാണ്ടി. എല്ലാവർക്കും അദ്ദേഹത്തിന്റെ തോളിൽ കൈയിട്ടു നടക്കാമായിരുന്നു. ഒരു കൂട്ടുകാരനെയാണ് നമുക്കു നഷ്ടപ്പെട്ടത്. ഭരണാധികാരികൾ കൂട്ടുകാരനെപ്പോലെയായിരിക്കണം. നമുക്ക് തോളിൽ കയ്യിട്ടു നടക്കാവുന്ന ഒരു കൂട്ടുകാരൻ!
(ലേഖകൻ ഉമ്മൻ ചാണ്ടിയുടെ മുൻ പ്രസ് സെക്രട്ടറിയാണ്)