നമ്മുടെ മകൾ: നിമിഷപ്രിയയും കാരുണ്യത്തിന്റെ അനിവാര്യതയും
ശശി തരൂർ
Thursday, July 17, 2025 11:58 PM IST
അനേകം മലയാളികൾക്കൊപ്പം എന്റെ ഹൃദയവും നിമിഷപ്രിയയുടെ ദുരവസ്ഥയിൽ വേദനിക്കുന്നു. നമ്മുടെ മണ്ണിന്റെ മകളായ ഈ യുവതി, യെമനിൽ ഏറ്റവും ഗുരുതരവും ആപത്കരവുമായ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. മുന്നിൽ വധശിക്ഷയുടെ ഭീകരമായ സാധ്യത.
കേവലം നിയമത്തെ മാത്രം മറികടക്കേണ്ട ദുരവസ്ഥയല്ല ഇത്. മറിച്ച്, ആഴത്തിലുള്ള മാനുഷിക ദുരന്തമാണ്. വിശേഷിച്ചും, മാതാപിതാക്കളും ഭർത്താവും കുഞ്ഞും ഉൾപ്പെട്ട അവളുടെ കുടുംബത്തിന്. പ്രിയപ്പെട്ട ഒരാളെ തങ്ങളുടെ നിയന്ത്രണത്തിനതീതമായ സാഹചര്യത്തിൽ നഷ്ടപ്പെടുന്ന സാർവത്രിക ഭയമാണിവിടെ പ്രതിഫലിക്കുന്നത്.
വിദേശത്തു ജോലി തേടുന്ന നിരവധി മലയാളികളുടെ പ്രതീക്ഷകളുടെയും അവർക്കു നേരിടേണ്ടി വരാവുന്ന അപകടങ്ങളുടെയും സംഗ്രഹമാണ് ദൗർഭാഗ്യവശാൽ നിമിഷയുടെ കഥ. തനിക്കും കേരളത്തിലുള്ള കുടുംബത്തിനും നല്ലൊരു ഭാവിയെന്ന സ്വപ്നവുമായാണ് അവൾ യെമനിലേക്കു പോയത്. എന്നിട്ടും, ഇതെല്ലാം ഒരു പേടിസ്വപ്നമായി മാറുകയും, തലാൽ അബ്ദോ മഹ്ദിയെന്ന യെമനി പൗരന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു.
അവളുടെ തൊഴിൽ ദാതാവും തൊഴിൽ പങ്കാളിയുമായിരുന്ന ഇയാൾ, അവളെ ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നെന്നു തോന്നുന്നു. ഇത് അയാളുടെ കൊലപാതകത്തിലേക്കു നയിച്ചു. എങ്കിലും തുടർന്നുള്ള കൊലക്കുറ്റം വിധിക്കലും വധശിക്ഷയും പറഞ്ഞറിയിക്കാനാകാത്ത ദുരന്തമായി. ശരിയത്ത് നിയമത്തെ അടിസ്ഥാനമാക്കിയുള്ള യെമനിലെ സങ്കീർണമായ നിയമവ്യവസ്ഥ നമ്മുടേതിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. എങ്കിലും, അടിയന്തരമായ ഈ മാനുഷിക പ്രതിസന്ധിക്കു നമ്മുടെ പരമാവധി ശ്രദ്ധയും സഹാനുഭൂതിയും ആവശ്യമാണ്.
നിമിഷപ്രിയയുടെ അപകടകരമായ സാഹചര്യത്തിന്റെ കാതൽ ‘ബ്ലഡ് മണി’ അല്ലെങ്കിൽ “ദിയാധനം’’ എന്ന ആശയമാണ്. ശരിയത്ത് നിയമപ്രകാരം അംഗീകരിക്കപ്പെട്ട മോചനമാർഗമാണിത്. ഇതിലൂടെ ഇരയുടെ കുടുംബത്തിനു വധശിക്ഷയ്ക്കു പകരമായി സാന്പത്തിക നഷ്ടപരിഹാരം സ്വീകരിക്കാൻ സാധിക്കും. സർക്കാർ തലത്തിലും മറ്റു വ്യക്തികളുടെ ഇടപെടലുകളിലൂടെയും ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ, അക്ഷീണമായ പ്രവർത്തനം ഈ വഴിക്കാണ്.
വധശിക്ഷ താത്കാലികമായി മാറ്റിവച്ചത് പ്രതീക്ഷയുടെ തിരിനാളമാകുന്നുണ്ട്. വിലപ്പെട്ട അവസരത്തിന്റെ ജാലകമാണ് തുറന്നിരിക്കുന്നത്. സർവശക്തിയുമെടുത്ത് ആ അവസരം നാം ഉപയോഗപ്പെടുത്തണം. അവളെ രക്ഷിക്കാനുള്ള വഴി ദുർഘടമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
നമ്മുടെ വിദേശകാര്യ മന്ത്രാലയം കഴിയുന്നതുപോലെ ശ്രമിക്കുന്നുണ്ട്. എന്നാൽ, യെമനിലെ ആഭ്യന്തരയുദ്ധവും നിമിഷപ്രിയയെ തടവിലാക്കിയിരിക്കുന്ന അധികാരികളുടെ സ്ഥിരതയില്ലാത്ത അവസ്ഥയും കാര്യങ്ങൾ സങ്കീർണമാക്കി. കൂടാതെ, മോശമായ രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ 2015 ഏപ്രിൽ മുതൽ ഇന്ത്യൻ എംബസി രാജ്യത്തിനു പുറത്തു വടക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിലെ ക്യാന്പ് ഓഫീസിൽനിന്നാണു പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളാൽ സംഭവിച്ചതാണെങ്കിലും, പ്രവർത്തനപരമായ ഈ പരിമിതികൾ ദൗർഭാഗ്യവശാൽ നമ്മുടെ നയതന്ത്ര ഇടപെടലുകളുടെ ഫലപ്രാപ്തിയെ ഇതുവരെ തടസപ്പെടുത്തിയിട്ടുണ്ട്.
ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഒരു പുതിയ, ജീവസുറ്റ, പ്രതീക്ഷയുടെ വെളിച്ചം തെളിഞ്ഞിരിക്കുന്നത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും ജാമിയ മർക്കസിന്റെ ചാൻസലറുമായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉസ്താദ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെമനിലെ സൂഫി ഇസ്ലാമിക പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസുമായുള്ള തന്റെ ദീർഘകാല സൗഹൃദം വഴി നടത്തിയ ഇടപെടൽ ഒരു നേർത്ത പ്രതീക്ഷയോ ശുഭാപ്തിവിശ്വാസമോ പോലും നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ നിർണായകമായ ശ്രമങ്ങളുടെ വിജയത്തിനായി കേരളം ഒന്നടങ്കം ഇപ്പോൾ തീവ്രമായി പ്രാർഥിക്കുന്നു.
മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കാനും വിദ്വേഷവും ശത്രുതയും വളർത്താനുമുള്ള ശ്രമങ്ങൾ വർധിച്ചുവരുന്ന ഈ കാലത്ത്, ആദരണീയനായ കാന്തപുരം ഉസ്താദ് ശക്തവും കാലോചിതവുമായ ഒരു സന്ദേശം നൽകിയിരിക്കുന്നു. ഒരു അടിസ്ഥാനപരമായ സത്യത്തിന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ ഈ മുൻകൈ. അതായത്, എല്ലാ വിഭാഗീയതയ്ക്കും അതീതമാണു മനുഷ്യത്വം. ഏറ്റവും സങ്കീർണമായ പ്രതിസന്ധികളെപ്പോലും നേരിടാൻ കാരുണ്യത്തിന്റെ തളരാത്ത ശക്തിക്കും സംസ്കാരങ്ങൾക്കിടയിലെ പരസ്പരധാരണയ്ക്കും കഴിയുമെന്നതിന്റെ തെളിവുമാണിത്.
ആരോപിക്കപ്പെടുന്ന തെറ്റിനെ അംഗീകരിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, ജീവിക്കാനുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ്; നിമിഷപ്രിയയുടെ മോചനം ഉറപ്പാക്കാൻ സാധ്യമായ, എല്ലാ നയതന്ത്ര, മാനുഷിക വഴികളും തേടുന്നതിനെക്കുറിച്ചാണ്.
വിദേശത്തെ, രാഷ്ട്രീയ അസ്ഥിരതയും വ്യത്യസ്ത നിയമവ്യവസ്ഥകളും നിറഞ്ഞ പ്രദേശങ്ങളിൽ ഭാഗ്യം തേടിപ്പോകുന്ന നമ്മുടെ പൗരന്മാരുടെ ജീവിതത്തിലുണ്ടാകുന്ന സങ്കീർണതകളുടെ കഠിനമായ ഓർമ്മപ്പെടുത്തലാണിത്. നമ്മുടെ പ്രവാസികളുടെ താത്്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശക്തമായ നയതന്ത്ര പിന്തുണയുടെയും സജീവമായ ഇടപെടലിന്റെയും അനിവാര്യതയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ നിർബന്ധിക്കുന്നതാണ് നിമിഷപ്രിയയുടെ കേസ്.
“സാധ്യമായതെല്ലാം ചെയ്യും’’ എന്ന് നമ്മുടെ സർക്കാർ സ്തുത്യർഹമായി പറഞ്ഞിട്ടുണ്ട്. തീർച്ചയായും, ആദരണീയനായ മതനേതാവിന്റെ ഏറ്റവും പുതിയ ഇടപെടൽ വിലമതിക്കാനാകാത്ത സമയം നമുക്ക് നേടിത്തന്നിട്ടുണ്ട്.
നിമിഷപ്രിയയുടെ സംസ്ഥാനത്തെ ഒരു ജനപ്രതിനിധി എന്ന നിലയിൽ, എന്റെ അഭ്യർഥന കേവലം ഉദ്യോഗസ്ഥ ഇടപെടലിനുവേണ്ടിയല്ല, മറിച്ച് ഒരു ഏകോപിതവും അനുകമ്പ നിറഞ്ഞതും അക്ഷീണവുമായ നയതന്ത്ര നീക്കത്തിനുവേണ്ടിയാണ്. ഇരയുടെ കുടുംബവുമായി ബന്ധപ്പെടാനും, അവരുടെ സഹിഷ്ണുതാ മനോഭാവത്തോട് അഭ്യർഥിക്കാനും, യെമനിലെ നിയമപരവും ആചാരപരവുമായ വഴികളിലൂടെയുള്ള ഏത് ഒത്തുതീർപ്പും സുഗമമാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു നമ്മൾ ഉറപ്പാക്കണം.
ഇന്ത്യൻ നയതന്ത്രത്തിന്റെയും മാനുഷിക ഇടപെടലിന്റെയും ഔന്നത്യം ആവശ്യപ്പെടുന്ന നിമിഷമാണിത്. നാട്ടിലെത്തിക്കാനോ, ഏറ്റവും ചുരുങ്ങിയത് ജീവൻ രക്ഷിക്കാനോ ഉള്ള എല്ലാ വഴികളും ഉപയോഗിക്കാൻ നിമിഷപ്രിയയോടു മാത്രമല്ല, വിദേശത്തുള്ള ഓരോ ഇന്ത്യൻ പൗരനോടും നമുക്കു കടപ്പാടുണ്ട്. കാരണം, ഒരു ജീവൻ രക്ഷിക്കുന്നതിലൂടെ നമ്മൾ നമ്മുടെ കൂട്ടായ മനുഷ്യത്വത്തെ വീണ്ടും ഉറപ്പിക്കുകയാണ്; ലോകത്ത് എവിടെയായിരുന്നാലും, ദുരിതത്തിലുള്ള എല്ലാ ഇന്ത്യക്കാരോടുമുള്ള നമ്മുടെ ഐക്യദാർഢ്യം.