ഗുപ്തം
ഡോ. മുഞ്ഞിനാട് പത്മകുമാർ
Wednesday, July 16, 2025 12:13 AM IST
വിസ്മയിപ്പിക്കുന്ന അർദ്ധമന്ദസ്മിതങ്ങളോട് എനിക്കന്നുമിന്നുമൊരേ ഇഷ്ടം.അതേറ്റവും അനുഭവിച്ചിട്ടുള്ളതു കവിതകളിലാണ്. വിജയലക്ഷ്മിയുടെ കവിതകൾ വായിക്കുമ്പോൾ എനിക്കതനുഭവപ്പെട്ടിട്ടുണ്ട്. പാതി ചാരിയ കൗതുകം പോലൊന്ന്. ‘’എന്തൊരപൂർവ സുന്ദര ഗംഭീരമെൻ മുഖ’’മെന്നു പറയുംപോലെ. അല്ലെങ്കിൽ അകലത്തിരിക്കുമ്പോൾ അടുത്തെത്താനും അരികത്തായാൽ ഒന്നുമാറിനിന്ന് വിസ്മയം കൊള്ളാനും കൊതിക്കുന്ന ഉൾച്ചൂട്. അതനുഭവിക്കുമ്പോൾ ഞാനൊരിക്കലും കവിതയുടെ പൂരപ്പറമ്പ് വിട്ടുപോകുന്നില്ല. നെറ്റിപ്പട്ടവും ചമയവും അഴിക്കാത്ത ഒറ്റക്കൊമ്പനെപ്പോലെ ഹൃദയാഹ്ലാദത്തിൻ നെടുംപാതയിലൂടെ ഞാൻ നടക്കും. അപ്പോഴും എന്റെ മദപ്പാടിനെ തളയ്ക്കുന്നത് വിസ്മയിപ്പിക്കുന്ന അർദ്ധമന്ദസ്മിതങ്ങളാണ്.
വിജയലക്ഷ്മിയുടെ കവിത ഓർക്കുംപോലെ ഷൈനി തോമസിന്റെ കവിതയും ദൂരത്തുദൂരത്തായി നീങ്ങിപ്പോമേതോ ദുഃഖഗീതത്തിന്റെ പല്ലവിപോലെ ഞാനോർക്കുന്നു. കവിതയിലൊരിടത്ത് ഷൈനി എഴുതുന്നു: “എനിക്ക് നിയന്ത്രിക്കാനാകാത്തത് ഒന്നേയുള്ളൂ. ഇടയ്ക്കിടെയുള്ള ചിരി. അതു മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു. ചിലർ ആ ചിരിയെ ഭ്രാന്തിന്റെയും വിഡ്ഢിത്തത്തിന്റെയും ചിഹ്നമായി കാണുന്നു. യഥാർഥത്തിൽ ആ ചിരി എന്റെ നിശ്വാസമാണ്’’എന്ന്. ഷൈനിയുടെ കവിത ചന്ദനമുരസുമ്പോൾ പൊന്തുന്ന സുഗന്ധംപോലെയാണ്.വാതിൽ പാതിചാരി നിൽക്കുന്ന അർദ്ധമന്ദസ്മിതം. നീല കളാംബുദംപോലെ പെയ്യാനൊരുങ്ങി നിൽക്കുന്ന ഒന്ന്. മലയാളത്തിൽ ഇനിയുമുണ്ടേറെ “സരസ്വതി’’കളെ ഓർക്കാൻ. എത്രയോ ഗുപ്തസരസ്വതികൾ തീവെയിൽ മോന്തിക്കുടിച്ച് ആഴങ്ങളിലൂടെ ഒഴുകുന്നുണ്ടാകും. അവർ ഇടയ്ക്കിടെ മാത്രം തൊട്ടുതൊട്ടില്ലെന്നമട്ടിൽ മണ്ണിനു മീതെ പൊന്തിവന്ന് ഒന്നു നനഞ്ഞ് പൊടുന്നനെ അപ്രത്യക്ഷരാകുന്നു. വാസനാവൈഭവത്താൽ മാത്രം എഴുതിപ്പോകുന്നവർ. കളപ്പുരകളിൽ ഒന്നും ശേഖരിക്കാത്തവർ. വിത്തെല്ലാം വിതച്ചു പോകുന്നവർ. ഒറ്റയൊറ്റച്ചിറകുകൾ. സാലഭഞ്ജികകൾ.
പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിലെ പുസ്തകശാലയിൽനിന്നാണ് ഞാൻ “സാവിത്രി’’ വാങ്ങിയത്. ആശ്രമത്തിനു പുറത്തെ വേപ്പുമരത്തണലിലിരുന്ന് ഞാനതു വായിച്ചുതുടങ്ങി.തീവ്ര നിഗൂഢമായൊരു കാവ്യസല്ലാപമായിരുന്നു സാവിത്രി. സ്നേഹഖേദങ്ങളുടെ വിങ്ങൽ. ഏതോ ഒരു ഗുഹാതമസ്സിൽ നിന്നുയർന്ന മുരൾച്ച. സൂക്ഷ്മസ്വരങ്ങളിൽ കൊരുത്തിട്ട പഴകിയൊരീണം. ഉൾത്താപത്താൽ നൊന്ത ഒരാദിയുഷസ്. ഇതെല്ലാം ഞാനതിൽ അനുഭവിച്ചു. എന്നാലൊരു പുല്ലാങ്കുഴലിന്റെ മുറിപ്പാടുകൾ ഞാനതിൽ കണ്ടില്ല. പക്ഷേ, അതിൽനിന്ന് കൽവിളക്കിൽനിന്നാളും തിരിനാളംപോലെ ഒരു തേങ്ങൽ ഉയർന്നുകേട്ടു. അങ്ങനെ വായിച്ചിരിക്കെ ഒരു പെൺകുട്ടി അരികിൽ വന്നിരുന്നു.അധികം പ്രായമില്ല. മുഖത്ത് ഒരു ചിരിയും കൈയിൽ ഒരു പുസ്തകവുമുണ്ട്. ആ പുസ്തകത്തിന്റെ പുറംചട്ട ഞാൻ ശ്രദ്ധിച്ചു. പ്രണയത്താൽ ആളിക്കത്തിയ ഒരു മുഖമായിരുന്നു ആ കവറിൽ. ആ മുഖത്തിന് അഗ്നിയുടെ നിറമായിരുന്നു. ഭക്തമീരയുടെ. ഗിരിധരഗോപാലനിൽ ഒഴുകിപ്പരന്ന മറ്റൊരു യമുന. ഒരു വനമാല. കൃഷ്ണശിലയിൽ അലിഞ്ഞൂർന്ന ഹരിയുടെ മാത്രം മീര. എനിക്കറിയാവുന്ന മലയാളത്തിലും അതിലേറെ കുറച്ചറിയാവുന്ന ഇംഗ്ലീഷിലുമായി ഞാനവളോട് മിണ്ടിപ്പറഞ്ഞു. അവൾ വാചാലമായി എന്നോടു സംസാരിച്ചു. കവിതയായിരുന്നു ഞങ്ങളുടെ ഭാഷ. അത് ഹൃദയത്തിലൂടെ ഒഴുകിവന്നപ്പോൾ ഞങ്ങൾക്കിരുവർക്കും. അത് പെട്ടെന്ന് മനസിലായി. അവൾക്കധികം പഠിപ്പില്ല. പക്ഷേ, വായിക്കാനും എഴുതാനും അതിലേറെ സ്വപ്നം കാണാനുമറിയാം. ഒരു നോട്ടുബുക്ക് നിറയെ കവിത എഴുതിവച്ചിരിക്കുന്നത് അവളെനിക്കു കാട്ടിത്തന്നു. അതിലൊന്നിന്റെ അർത്ഥം ഞാൻ ചോദിച്ചു മനസിലാക്കി. അതിങ്ങനെയാണ്.
“ഞാൻ മഴ കാത്തുനിൽക്കുകയാണ്.
നനയാനല്ല; അലിയാൻ.
ഞാൻ വെയിൽ കാത്തുനിൽക്കുകയാണ്.
വിയർക്കാനല്ല; ഉരുകാൻ.”
അർഥമറിഞ്ഞപ്പോൾ ഞാനദ്ഭുതപ്പെട്ടുപോയി. ഒരു കൊച്ചുപെൺകുട്ടി ഇത്രയുമെഴുതുമോ എന്ന് ഞാനെന്നോടുതന്നെ ചോദിച്ചു. അവളൊരു മീരാഭക്തയാണ്. മീരയുടെ തുടർച്ച തന്നിലുണ്ടെന്ന് അവൾ വിശ്വസിക്കുന്നു. മീരയെപ്പോലെ അവളും ഗ്രാമത്തിലെ ഒരു കറുമ്പനെ സ്നേഹിക്കുന്നുണ്ട്. അതിന്റെ പേരിൽ കുലംമുടിച്ചവളെന്ന് ഒരു ഗ്രാമം അവളെ വിളിക്കുന്നു. പക്ഷേ, അവളുടെ കവിതകളാരും ശ്രദ്ധിക്കുന്നില്ല. അവളുടെ വിരഹഭക്തിയെ ആരും തിരിച്ചറിയുന്നില്ല. അവളിനി നടക്കേണ്ട ഗ്രീക്ഷ്മദൂരങ്ങളെ ഓർത്തപ്പോൾ എനിക്കു സങ്കടംതോന്നി. യാത്ര പറഞ്ഞുപിരിയുമ്പോൾ അവളിൽനിന്ന് അറിയാതെ ഊർന്നുപോയ രാഗസ്മിതം എന്നെയും മുറുക്കെ പിടിക്കുന്നോ എന്നു തോന്നി. അവൾ അരികിൽനിന്ന് പോയപ്പോൾ ഒരു കുയിൽ പറന്നുപോയതുപോലെ എനിക്കനുഭവപ്പെട്ടു. “സാവിത്രി’’ ഞാൻ മടക്കിവച്ചു. ഇനി വായിക്കുവാൻ വയ്യ. മനസ് അസ്വസ്ഥമാണ്. വേർപിരിയാൻ മാത്രം ഒന്നിച്ചുകൂടിയ നിമിഷങ്ങളെ ഞാൻ ശപിച്ചു.
പോണ്ടിച്ചേരിൽയിൽനിന്ന് ചിദംബരത്തേക്കായിരുന്നു തുടർയാത്ര. എല്ലാവരും ബസിനുള്ളിലെ സംഗീതത്തിൽ ആടിത്തിമിർക്കുമ്പോൾ ഞാൻ മാത്രം നിശബ്ദനായിരുന്നു. കൂട്ടുകാർ അവർക്കൊപ്പം കൂടാൻ നിർബന്ധിച്ചപ്പോൾ തല വേദനിക്കുന്നു എന്നു ഞാൻ കളവു പറഞ്ഞു. ശരിക്കും ഞാൻ കളവു പറയുകയായിരുന്നില്ല. വേദനിക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ വേദന മനസിനായിരുന്നു. ആ അർദ്ധമന്ദസ്മിതം തന്നിട്ടുപോയ, ഒരു തൊട്ടാവാടി മുള്ളുകൊണ്ട വേദന.