ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മലങ്കരയുടെ തേജസും പുണ്യവും
Tuesday, July 15, 2025 12:21 AM IST
കർദിനാൾ ബസേലിയോസ് ക്ലീമിസ് ബാവാ
(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ്,
തിരുവനന്തപുരം മേജർ ആർച്ച്ബിഷപ്)
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മേലധ്യക്ഷനും മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശിൽപ്പിയുമായ ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് ദിവംഗതനായിട്ട് 72 വർഷം പൂർത്തിയാകുന്നു. വന്ദ്യപിതാവ് മെത്രാനായതിന്റെ നൂറാം വർഷം (1925-2025) എന്ന പ്രത്യേകതകൂടി ഈ വർഷത്തെ ഓർമപ്പെരുന്നാളിനുണ്ട്. ഇന്ന് ജൂലൈ 15; മലങ്കര സുറിയാനി കത്തോലിക്കാ സഭാപ്രതിനിധികൾ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിലെ കബറിൽ തീർഥാടകരായി ഒരുമിച്ചു കൂടുന്ന ദിവസം. പ്രാപിച്ച അനുഗ്രഹങ്ങൾക്ക് കൃതജ്ഞതയർപ്പിക്കാനും വന്ദ്യപിതാവിന്റെ മാധ്യസ്ഥ്യം തേടാനും കബർ മുത്തി അനുഗ്രഹം പ്രാപിക്കാനും ഓരോ ഓർമപ്പെരുന്നാളിലും എത്തുന്നവരുടെ എണ്ണം ഏറുകയാണ്.
ആഗോള കത്തോലിക്കാ സഭയിൽ വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ മാർപാപ്പയുടെ മഹാപ്രധാനാചാര്യ ശുശ്രൂഷയിൽ ആറ് ആരാധനാ പാരന്പര്യങ്ങളിലായി ക്രൈസ്തവജീവിതം നയിച്ചുവരുന്ന സഭാമക്കളിൽ, അന്ത്യോഖ്യൻ ആരാധനാ പൈതൃകം ജീവിക്കുന്ന മലങ്കരയിലെ പൗരസ്ത്യ കത്തോലിക്കാ വ്യക്തിഗത സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. 1653ലെ കൂനൻകുരിശ് പ്രഖ്യാപനത്തെത്തുടർന്ന് വിഭജിതമായ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ കൂട്ടായ്മ വീണ്ടെടുക്കാൻ എത്രയോ മഹാരഥന്മാർ കിണഞ്ഞു പരിശ്രമിച്ചു. മലങ്കര മെത്രാപ്പോലീത്താമാരും സീറോ മലബാർ സഭയിലെ ഐക്യസംരംഭകരും നടത്തിയ ത്യാഗോജ്വലമായ പരിശ്രമങ്ങൾ ഇത്തരുണത്തിൽ കൃതജ്ഞതയോടെ സ്മരിക്കുന്നു. മലങ്കര സഭയുടെ നിയോഗപ്രകാരം ഐക്യസംഭാഷണങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ബഥനിയുടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത കടന്നുവരുന്നതോടെയാണ് സഭൈക്യ സംഭാഷണങ്ങൾക്ക് പുതിയ ദിശാബോധം കൈവന്നത്. 1926ൽ ആരംഭിച്ച ഐക്യചർച്ചകൾക്കു തീരുമാനമാകുന്നത് 1930ലാണ്.
1930ൽ സമാരംഭിച്ച മലങ്കര പുനരൈക്യ പ്രസ്ഥാനം വഴി മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്ന വ്യക്തിഗത സഭ രൂപം കൊണ്ടു. 1932ൽ മെത്രാപ്പോലീത്തൻ സഭയായി തുടങ്ങിയ ഹയരാർക്കി 2005ൽ വിശുദ്ധ ജോണ് പോൾ രണ്ടാമൻ മാർപാപ്പയാൽ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തപ്പെട്ടത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവമാണ്. മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ് എന്ന സഭാ തലവന്റെ പദവിയിലും സംജ്ഞയിലും ഈ സഭ, സ്വയംഭരണാവകാശമുള്ള പൂർണ വ്യക്തിഗത സഭയായി കത്തോലിക്കാ സഭയിൽ അജപാലന ശുശ്രൂഷയിൽ മുന്നേറുന്നു. റോമിലെ തിരുസിംഹാസനവും ലത്തീൻ, സീറോ-മലബാർ സഭകളും ഈ സഭയ്ക്ക് നൽകിവരുന്ന വലിയ പ്രോത്സാഹനത്തിനും കരുതലിനും ഏറെ നന്ദിയർപ്പിക്കുന്നു.
വിവിധ സന്യാസ സമൂഹങ്ങളും വ്യക്തികളും കുടുംബങ്ങളുമായി സഭയ്ക്കു ലഭിച്ചതും തുടരുന്നതുമായ ബലപ്പെടുത്തലിന് സഭ ഏറെ കടപ്പെട്ടിരിക്കുന്നു. മേജർ ആർച്ച്ബിഷപ്-കാതോലിക്കോസ് എന്ന സഭാധ്യക്ഷന്റെ അജപാലനാധികാരത്തിൽ ഒരു മേജർ അതിഭദ്രാസനവും ഒരു അതിഭദ്രാസനവും പത്ത് ഭദ്രാസനങ്ങളും നിലവിലുണ്ട്. വിരമിച്ച മൂന്നു മെത്രാപ്പോലീത്തമാരുൾപ്പടെ 15 വൈദിക മേലധ്യക്ഷന്മാർ മേജർ ആർച്ച്ബിഷപ്-കാതോലിക്കോസിനോടൊപ്പം ഈ സഭയിൽ ശുശ്രൂഷ ചെയ്യുന്നു. 878 രൂപതാ വൈദികരും 232 സന്യസ്ത വൈദികരും 2,066 സിസ്റ്റേഴ്സും സഭാ ശുശ്രൂഷകളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സഭാ ശുശൂഷയിൽ അജപാലന ശുശ്രൂഷകൾക്ക് കരുത്തു പകരുന്ന അനേകം ഉപദേശിമാരും 1,263 സുവിശേഷകരും സുവിശേഷ സംഘാംഗങ്ങളായി പ്രവർത്തിക്കുന്നു എന്നത് മലങ്കരയിലെ ഈ പൗരസ്ത്യ കത്തോലിക്കാ സഭയുടെ പ്രത്യേകതയാണ്.
മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ അമരക്കാരൻ
ദൈവപരിപാലനയുടെ മുൻപിൽ നന്ദിയോടെ നിൽക്കുന്പോൾ, താരതമ്യേന വളരെ കുറഞ്ഞ കാലംകൊണ്ടു കരഗതമായ ഈ നന്മകൾക്കെല്ലാം മലങ്കര സുറിയാനി കത്തോലിക്കാ സഭ കടപ്പെട്ടിരിക്കുന്നത് പ്രഥമ അധ്യക്ഷനായിരുന്ന ധന്യൻ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയോടാണ്. മാവേലിക്കരയിലെ പുതിയകാവിൽ പണിക്കർവീട്ടിൽ കുടുംബത്തിൽ ജനിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാംഗമായി വളർന്ന് ആ സഭയിൽ തന്നെ പി.ടി. ഗീവർഗീസ് എന്ന പേരിൽ വൈദികനും പിന്നീട് ഗീവർഗീസ് മാർ ഈവാനിയോസ് എന്ന പേര് സ്വീകരിച്ച് മെത്രാനുമായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹത്തെ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സഭൈക്യ പ്രസ്ഥാനത്തിന്റെ - മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ - അമരക്കാരനാക്കിയ ദൈവപരിപാലന എത്ര വിസ്മയാവഹമാണ്.
സഭ അതിന്റെ സ്വഭാവത്താലും നിയോഗത്താലും ആത്മീയതയാലും ഒന്നായിരിക്കേണ്ടവളാണ്. വിഭജിതമാവുക എന്നത് സഭയുടെ അസ്തിത്വത്തിന് യോജിച്ചതല്ല. “പിതാവേ നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു” (യോഹ 17:22) എന്ന യേശുവിന്റെ മരണത്തിനു മുന്പുള്ള മഹാപുരോഹിത പ്രാർഥനയിലൂടെ യേശു ലക്ഷ്യം വച്ചത് തന്റെ ശരീരമാകുന്ന സഭയുടെ ഐക്യമാണ്. സഭ യേശുക്രിസ്തുവിന്റെ ശരീരമാണ് (എഫേ 1:23). യേശു ക്രിസ്തു ശിരസും എല്ലാ വിശ്വാസികളും അവന്റെ ശരീരത്തിന്റെ ഭാഗവുമാണ് (1 കോറി 6:15) എന്ന പ്രതീകത്തിലൂടെ ശിരസിനെയും ശരീരത്തെയും വേർപെടുത്താനാവില്ല എന്ന സത്യം നാം തിരിച്ചറിയുന്നു. അതിനാൽ ശിരസും ശരീരവും ഒന്നായിരിക്കുന്നതുപോലെ വിശ്വാസീസമൂഹം മുഴുവൻ യേശുവിനോട് ഐക്യപ്പെട്ട് യോജിച്ചിരിക്കേണ്ടതാണ്.
അസമാധാനവും വിഭജനങ്ങളും
എന്നാൽ, കാര്യങ്ങൾ എപ്പോഴും അങ്ങനെയായിരുന്നില്ല. മലങ്കരയിൽ അസമാധാനത്തിന്റെയും വിഭജനത്തിന്റെയും ആലാത്തുകൾ വലിച്ചുകെട്ടിയ 1653ലെ കൂനൻകുരിശു സത്യത്തിന്റെ മാറ്റൊലികൾ ഭാരതസഭയുടെ ചരിത്രത്തിൽ ഒന്നിനു പുറകെ ഒന്നായി അനേകം വിഭജനങ്ങൾക്ക് കാരണമായി. ഒന്നായിരുന്ന മാർത്തോമ്മാ ക്രിസ്ത്യാനികൾ പല സഭകളിലായി ഇന്ന് നിലകൊള്ളുന്നത് കൂനൻകുരിശിലെ പ്രഖ്യാപനാനന്തരമുണ്ടായ അനേക കാരണങ്ങളാലാണ്. 1653ൽ സാർവത്രിക സഭാ കൂട്ടായ്മയിൽനിന്നുമുള്ള വേർപിരിയൽ മലങ്കര സഭയ്ക്കുണ്ടാക്കിയ മുറിവുകളും വേദനകളും തിരിച്ചറിഞ്ഞ മലങ്കര സഭാ പിതാക്കന്മാരും സഭാ മക്കളും വിഭജനം നടന്ന് ഏറെക്കാലം കഴിയുന്നതിനു മുമ്പുതന്നെ ഐക്യത്തിനായി രംഗത്തു വന്നിരുന്നുവെന്നത് ചരിത്രം!
300 വർഷക്കാലത്തെ നിരന്തരമായ ഈ പരിശ്രമങ്ങളെ ഫലപ്രാപ്തിയിൽ എത്തിക്കാനുള്ള അസുലഭ ഭാഗ്യവും അതുല്യ നിയോഗവുമാണ് മാർ ഈവാനിയോസ് എന്ന മലങ്കര സൂര്യതേജസിലേക്ക് കൃപയായി ഒഴുകിയെത്തിയത്. മലങ്കര ഓർത്തഡോക്സ് സഭാ സൂനഹദോസാണ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ സാർവത്രിക സഭയുമായി പുനരൈക്യപ്പെടാനുള്ള നിയോഗം ഏൽപ്പിച്ചതെന്ന ചരിത്രസത്യം മറക്കാൻ കഴിയുന്നതല്ല. കൂടെ നിന്നവരും പ്രോത്സാഹിപ്പിച്ചവരും വിവിധ കാരണങ്ങളാൽ പിന്മാറിയപ്പോഴും വിമർശന ശരങ്ങൾ തൊടുത്തപ്പോഴും ദൈവബന്ധത്തിന്റെ അടിത്തറയിൽ ഉറച്ച കാൽവയ്പോടെ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മുന്നോട്ടു നീങ്ങി. ഒപ്പമുണ്ടായിരുന്നവരൊക്ക പാതിവഴിയിൽ പിന്നാക്കം പോയപ്പോഴും എല്ലാം വിട്ടെറിഞ്ഞ് 1930 സെപ്റ്റംബർ 20ന് കൂടെയുണ്ടായിരുന്ന നാലുപേർക്കൊപ്പം അദ്ദേഹം കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. തിരിച്ചറിഞ്ഞ സത്യത്തിനൊപ്പം നിൽക്കാൻ ധീരത കാട്ടിയ യഥാർഥ സന്യാസിയായിരുന്നു അദ്ദേഹം; അതാണ് അദ്ദേഹത്തിന്റെ വിശുദ്ധിയുടെ അടയാളം.
വന്ദ്യപിതാവിന്റെ മെത്രാഭിഷേക ശതാബ്ദിയുടെ പശ്ചാത്തലത്തിൽ ഇവിടെ ഓർമിക്കേണ്ട ഒരു കാര്യം പുനരൈക്യമെന്ന ആ നിയോഗം പൂർത്തീകരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ മേൽപ്പട്ടശുശ്രൂഷയുടെ പശ്ചാത്തലത്തിലാണ് എന്നതാണ്. പിന്തിരിഞ്ഞു നോക്കുന്പോൾ അദ്ദേഹത്തിന്റെ മേൽപ്പട്ട ശുശ്രൂഷയുടെ പരമ പ്രധാനമായ ദൗത്യമായിരുന്നു മലങ്കര പുനരൈക്യ പ്രസ്ഥാനമെന്നും മലങ്കര സുറിയാനി കത്തോലിക്കാ സഭയെന്നും ബോധ്യപ്പെടുന്നു. അതാണ് ഈ മെത്രാഭിഷേക ശതാബ്ദിയുടെ പ്രസക്തി.
ആദ്യമായി മെത്രാൻ ശുശ്രൂഷയിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ വിനയപൂർവം അതു നിരസിച്ചെങ്കിലും സുവിശേഷ ദൗത്യത്തിന് അതു കൂടുതൽ ഉതകുമെന്ന ബോധ്യമാണ് അതു സ്വീകരിക്കാൻ പിന്നീട് അദ്ദേഹത്തെ സന്നദ്ധനാക്കിയത്. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ നാൾവഴികളിൽ ആ ബോധ്യത്തിന്റെ പ്രകാശനം എത്ര തെളിമയാർന്നതാണ്.
സുവിശേഷ ദൗത്യങ്ങൾ
ഭാരതം മുഴുവൻ പ്രേഷിതശുശ്രൂഷ ചെയ്യാൻ ആഗ്രഹിച്ച് ആ വഴിയിലേക്ക് സഭയെ നയിച്ച ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രാർഥനയുടെ അനുഗ്രഹഫലമായി മലയാളം കൂടാതെ തമിഴ്, കന്നട, ഹിന്ദി, പഞ്ചാബി, ഒഡിയ, തെലുഗു, മറാത്തി, ആസാമി തുടങ്ങി പത്തോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിലെ തദ്ദേശീയരായ ജനങ്ങൾ മലങ്കര സുറിയാനി കത്തോലിക്കാ വിശ്വാസികളായി ഇപ്പോൾ ഭാരതത്തിലുണ്ട്. ഈ പ്രദേശങ്ങളിലെല്ലാം അതത് ഭാഷകളിൽ വിശുദ്ധ കുർബാനയും പ്രാർഥനകളും നടത്തപ്പെടുന്നുമുണ്ട്. തൊള്ളായിരത്തോളം വൈദികർ സഭാ ശുശ്രൂഷയിൽ സജീവമായി പ്രവർത്തിക്കുന്നു. കൂടാതെ, ബഥനി ആശ്രമവൈദികരും ബഥനി മഠത്തിലെ സന്യാസിനിമാരും സാന്പത്തിക പിന്നാക്കാവസ്ഥയുള്ള എത്യോപ്യയിലും മേരിമക്കൾ സഹോദരിമാർ ടാൻസാനിയയിലും സമാനമായ അവികസിത രാജ്യങ്ങളിലുമൊക്കെ മലങ്കരയുടെ സുവിശേഷ ദൗത്യം നിർവഹിക്കുന്നു.
ഭാരതത്തിനു പുറത്ത് വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലങ്കര സഭാ മക്കൾക്കായി ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സെന്റ് മേരി സമാധാനരാജ്ഞി ഭദ്രാസനം നമ്മുടെ പ്രവാസി സമൂഹത്തിന് അനന്യഭാവം നൽകുന്നു. യൂറോപ്പിൽ ഇംഗ്ലണ്ട്, ഇറ്റലി, ജർമനി, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ഓസ്ട്രിയ, മാൾട്ട എന്നീ രാജ്യങ്ങളിൽ വിവിധ സ്ഥലങ്ങളിലും ഓഷ്യാനിയായിൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും സിംഗപ്പുരിലും രണ്ട് അപ്പസ്തോലിക് വിസിറ്റർമാരുടെ നേതൃത്വത്തിലും കോ-ഓർഡിനേറ്റർമാരുടെ സഭാശുശ്രൂഷയിലും നമ്മുടെ സഭാകൂട്ടായ്മകൾ വളർന്നു വരുന്നു. സഭാധ്യക്ഷന്റെ നേരിട്ടുള്ള ചുമതലയിൽ വിവിധ കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ ഗൾഫിൽ യുഎഇ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ സഭാ കൂട്ടായ്മകൾ താത്പര്യത്തോടെ മുന്നേറുന്നു. സഭാപരവും സാമൂഹികവുമായ വിവിധ ശുശ്രൂഷകളിലൂടെയും സാമൂഹ്യ സേവനങ്ങളിലൂടെയും സഭയെയും ദൈവരാജ്യമാകുന്ന പൊതുസമൂഹത്തെയും മലങ്കര സുറിയാനി കത്തോലിക്കാ സഭ പ്രതിബദ്ധതയോടെ കെട്ടിപ്പടുക്കുന്നു.
സ്വർഗം കനിഞ്ഞു നൽകിയ കൃപകൾ
ഭാരതം മുഴുവനും അജപാലനശുശ്രൂഷ ചെയ്യാനും ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മലങ്കര സഭാ മക്കൾക്ക് ആരാധനാസൗകര്യമൊരുക്കാനും ഇന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്ക് കഴിയും. അപ്പസ്തോലിക സംഘത്തിന്റെ തലവനായി നമ്മുടെ കർത്താവ് നിയമിച്ച വിശുദ്ധ പത്രോസിന്റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് കർദിനാൾസ്ഥാനം ലഭിച്ചുവെന്നതും, മാർപാപ്പ നയിക്കുന്ന പൊന്തിഫിക്കൽ ആലോചനാ സംഘങ്ങളിൽ അംഗമാകാൻ കഴിയുന്നുവെന്നതും പുനരൈക്യപ്പെട്ട സഭയ്ക്ക് സ്വർഗം കനിഞ്ഞു നൽകിയ കൃപകളാണ്, അസുലഭ ഭാഗ്യവും! മാർ ഈവാനിയോസ് തിരുമേനിയെ സാർവത്രിക സഭാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ ‘ധന്യൻ’ എന്ന പദവിയിലേക്കുയർത്തിയത് അദ്ദേഹത്തെയും ഈ സഭയെയും സ്വർഗം എടുത്തുയർത്തി ലോകത്തിനു കാണിച്ചു കൊടുത്തതല്ലാതെ മറ്റെന്താണ്? ഇതെല്ലാം ആഗോള സഭാ സംസർഗത്തിലൂടെ മാത്രം നമ്മുടെ സഭയ്ക്ക് കൈവന്ന ഭാഗ്യമാണ്. വ്യവഹാരങ്ങളും അശാന്തിയുമില്ലാതെ പ്രേഷിതതീക്ഷ്ണതയിൽ കഴിയണമെങ്കിൽ കത്തോലിക്കാ സഭയിൽ പ്രവേശിക്കുകയെന്ന ആ വന്ദ്യപിതാവിന്റെ ബോധ്യത്തിന് അടിവരയിടുന്നതാണ് 95 വർഷക്കാലത്തെ സഭാ ശുശ്രൂഷകളിലൂടെയും അനുഭവങ്ങളിലൂടെയും പരിശുദ്ധാത്മാവ് നമുക്ക് മനസിലാക്കിത്തരുന്ന കാഴ്ചകളും സാക്ഷ്യങ്ങളും!
ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപത്തിരണ്ടാം ഓർമപ്പെരുനാൾ ഭക്തിനിർഭരമായി ആചരിക്കുന്നത് അദ്ദേഹത്തിന്റെ മെത്രാഭിഷേക ശതാബ്ദിയുടെ നിറവിലാണ്. ചരിത്രത്തിന്റെ താളുകൾ മറിക്കുന്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാക്കാര്യങ്ങളിലും ദൈവികനടത്തിപ്പ് തെളിഞ്ഞുകാണാം. പൗരോഹിത്യത്തിന്റെ ശ്രേഷ്ഠശ്രേണിയിൽ അദ്ദേഹമൊരു മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത് അത്രമേൽ നന്മകൾ ദൈവത്തിൽനിന്ന് സഭാ മക്കൾക്കും പൊതുസമൂഹത്തിനും നൽകപ്പെടാനാണ്. ആ ദൈവികപദ്ധതിക്കു മുന്നിൽ അദ്ദേഹം തന്നെത്തന്നെ പൂർണമായും വിട്ടുകൊടുത്തു എന്നതാണ് മാവേലിക്കരയിൽ ജനിച്ച മാർ ഈവാനിയോസ് എന്ന മലങ്കര സൂര്യന്റെ മലങ്കരസഭയിലെയും സാർവത്രിക സഭയിലെയും ധന്യത!