അവിശ്വസനീയം; 134 ആശുപത്രിക്കെട്ടിടങ്ങൾ അപകടനിലയിൽ, തകരാനൊരുങ്ങി 225 എണ്ണം
ഉള്ളതു പറഞ്ഞാൽ / കെ. ഗോപാലകൃഷ്ണൻ
Tuesday, July 15, 2025 12:16 AM IST
മുൻ കാലങ്ങളിൽ സംസ്ഥാനത്തെ ആരോഗ്യമേഖല മികച്ചതായിരുന്നെന്ന പ്രസ്താവനയോട് കേരളത്തിലെ ആരും വിയോജിക്കില്ല. കാരണം, പ്രശസ്ത ഡോക്ടർമാർ ചികത്സയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിവന്നിരുന്നു. ഉയർന്ന യോഗ്യതയുള്ള പ്രശസ്തരായ ഡോക്ടർമാർ ധാരാളമുണ്ടായിരുന്ന സർക്കാർ ആശുപത്രികളിൽനിന്ന് സ്വകാര്യ ആശുപത്രികൾക്ക് കടുത്ത മത്സരവും ഉണ്ടായിരുന്നു.
ദുഃഖകരമെന്നു പറയട്ടെ, സാവധാനം നിലവാരത്തിലും കഴിവിലും ഇടിവ് വ്യാപിച്ചതോടെ സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു. പല വിഭാഗങ്ങളിലും, കഴിവുള്ള മേൽനോട്ടത്തിന്റെയും ആവശ്യമായ അച്ചടക്കത്തിന്റെയും അഭാവം കാലക്രമേണ സ്ഥിതി വഷളാകാൻ കാരണമായി. നിരവധി രോഗികൾ ആയുർവേദ ആശുപത്രികളും മറ്റ് ബദൽ രീതികളും തെരഞ്ഞെടുക്കുന്നു. സർക്കാർ ആശുപത്രികളിൽ ആവശ്യമായ ഉപകരണങ്ങളുടെ അഭാവം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. കുടുംബത്തിന്റെ വരുമാനവുമായി പൊരുത്തപ്പെടാത്തത്ര ചെലവുകളാണെങ്കിലും നിരവധി രോഗികൾ മെച്ചപ്പെട്ട് പ്രവർത്തിക്കുന്ന ആശുപത്രികളിലേക്കു മാറി.
സ്വകാര്യ, പൊതുമേഖലകളിലെ ആരോഗ്യ സംരക്ഷണ നിക്ഷേപങ്ങൾ കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആരോഗ്യമേഖലയിൽ സന്തോഷകരവും പ്രശംസനീയവുമായ ഒരു സാഹചര്യം ഉറപ്പാക്കാൻ അധികാരികൾക്കുപോലും ബുദ്ധിമുട്ടായി. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആരോഗ്യ ഇൻഷ്വറൻസും അപര്യാപ്തമാകുന്നതായി പലർക്കും അനുഭവപ്പെടുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ ഭരണപക്ഷത്തെ ചിലർ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനായി ആശുപത്രികളുടെ അവസ്ഥയിൽ സംതൃപ്തരാണെന്ന് നടിക്കുന്നു. എന്നിരുന്നാലും, സർക്കാർ സഹായവും ധനവിഹിതവും ഉയർത്തുന്ന പ്രവണത കാണിക്കുന്നില്ല.
കൂടാതെ, വലിയ ആശുപത്രിക്കെട്ടിടങ്ങൾ പരിപാലിക്കേണ്ടതുണ്ട്. ജലവിതരണം, വൈദ്യുതി, ഡിജിറ്റൽ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ടെലിഫോണുകൾ തുടങ്ങിയ സേവനങ്ങൾ നന്നായി പരിപാലിക്കേണ്ടതുണ്ട്. വലിയ കെട്ടിടങ്ങളുടെ കാര്യത്തിൽ ശരിയായ അറ്റകുറ്റപ്പണികളും പ്രധാനമാണ്. അത്തരം അറ്റകുറ്റപ്പണികൾ അവഗണിക്കുന്നത് കെട്ടിടങ്ങളുടെ തകർച്ചയിലേക്കു നയിക്കും.
ചില കെട്ടിടങ്ങൾ ഇതിനകംതന്നെ സുരക്ഷിതമായ അവസ്ഥയിലല്ല. കേരളത്തിലെ 134 ആശുപത്രിക്കെട്ടിടങ്ങൾ ഉപയോഗശൂന്യമോ യോഗ്യമല്ലാത്തതോ പൊളിക്കേണ്ടതോ ആണ്. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് ഒരാൾ മരിച്ചതിനെത്തുടർന്ന്, ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരം ശേഖരിച്ച വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. എറണാകുളം ജില്ലയാണ് പട്ടികയിൽ ഒന്നാമത്, 41 ആശുപത്രി കെട്ടിടങ്ങൾ മോശം അവസ്ഥയിലാണ്; ഉപയോഗയോഗ്യമല്ലെന്ന് കണക്കാക്കപ്പെടുന്നു. ആലപ്പുഴയിൽ വിവിധ ആശുപത്രികളിലെ 37 കെട്ടിടങ്ങൾ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. വയനാടിന്റെ വിഹിതം 14 കെട്ടിടങ്ങളാണ്. റിപ്പോർട്ടുകൾ പ്രകാരം, മറ്റ് എല്ലാ ജില്ലകളിലും പൊളിച്ചുമാറ്റേണ്ടതോ ഉപയോഗയോഗ്യമല്ലെന്ന് കണക്കാക്കേണ്ടതോ ആയ പത്തിൽ താഴെ കെട്ടിടങ്ങളുണ്ട്. ഒരു കണക്ക് പ്രകാരം 225 കെട്ടിടങ്ങൾ തകരാനുള്ള സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സർക്കാർ എത്രയും വേഗം നടപടിയെടുക്കുന്നുവോ അത്രയും നല്ലത്.
നിലവിലെ അവസ്ഥയുടെ സൂചന
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ 68 വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗം ഈ മാസം മൂന്നിന് തകർന്നുവീണത് പലരെയും ഞെട്ടിച്ചു. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും കെട്ടിടത്തിന്റെ ഈ ഭാഗം ചിലർ ഉപയോഗിച്ചിരുന്നു. കെട്ടിടം തകർന്നതിനു തൊട്ടുപിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജും സഹകരണമന്ത്രി വി.എൻ. വാസവനും ആശുപത്രി സന്ദർശിച്ചപ്പോൾ, ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവരോടു പറഞ്ഞത്, തകർന്ന പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ്. രണ്ട് മുതിർന്ന മന്ത്രിമാരെ എങ്ങനെയാണ് തെറ്റായ വിവരങ്ങൾ അറിയിക്കാൻ കഴിയുക എന്നത് പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത് നിലവിലെ അവസ്ഥയുടെ സൂചന നൽകുന്നു. വാസ്തവത്തിൽ, രണ്ട് മന്ത്രിമാരെയും ശരിയായ വിവരം അറിയിച്ചിരുന്നെങ്കിൽ, രക്ഷാപ്രവർത്തനത്തിലെ കാലതാമസം ഒഴിവാക്കുകയും തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ (52) ജീവൻ രക്ഷിക്കുകയും ചെയ്യാമായിരുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
അധികാരികളുടെ അശ്രദ്ധ
അമേരിക്കയിൽനിന്ന് മടങ്ങിയെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രശ്നം പൂർണമായും പരിഹരിച്ച് പരിഹാര നടപടികൾക്ക് ഉത്തരവിടുമെന്ന് പലരും പ്രതീക്ഷിക്കുന്നു. വകുപ്പിൽ നേരിടുന്ന ചില പ്രശ്നങ്ങൾ അധികാരികൾ ശ്രദ്ധിച്ചില്ല. ഉപകരണങ്ങളുടെ കുറവും ഓപ്പറേഷൻ വിഭാഗത്തിലെ മറ്റു പ്രശ്നങ്ങളും അധികാരികളെയും ആരോഗ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചതായി തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ പറഞ്ഞത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. രോഗികൾതന്നെ ഉപകരണങ്ങൾ വാങ്ങിയതിനാൽ ചില കേസുകളിൽ ഓപ്പറേഷൻ നടത്താൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്കെതിരായ ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും രോഗികൾക്കും തന്റെ വകുപ്പിനും വേണ്ടി താൻ അത് തുറന്നുപറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉപകരണക്ഷാമത്തെക്കുറിച്ച് സൂപ്രണ്ടിനോടും പ്രിൻസിപ്പലിനോടും പറഞ്ഞിട്ടുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. സജീവനെപ്പോലും ഇക്കാര്യം അറിയിച്ചിരുന്നു. പ്രിൻസിപ്പലിൽനിന്നും സൂപ്രണ്ടിൽനിന്നും നീതി ലഭിക്കാത്തതിനാണ് അദ്ദേഹം പ്രതികരിക്കാൻ തീരുമാനിച്ചത്.
ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്ന ‘ബുദ്ധിമാന്മാർ’
അദ്ഭുതകരമെന്നു പറയട്ടെ; തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ബുദ്ധിമാന്മാർ സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളുടെ പ്രാധാന്യത്തെ വിലമതിക്കുന്നില്ല.കേരളത്തിൽ മൊത്തത്തിൽ ആരോഗ്യമുള്ള വ്യക്തികൾ ഉണ്ടായിരിക്കുക എന്നത് സംസ്ഥാനത്തിന് പ്രധാനമാണ്. എന്നാൽ, ആരോഗ്യവകുപ്പിന്റെ ബജറ്റ് നിർദേശങ്ങളുടെ പ്രധാന വിഷയത്തിൽപോലും ആവശ്യമായ ബഹുമാനവും പ്രാധാന്യവും നൽകുന്നില്ലെന്ന് തോന്നുന്നു. ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുമ്പോൾ, സെക്രട്ടേറിയറ്റിലെ നമ്മുടെ ബുദ്ധിമാന്മാർ ഒരു ദയയും കാണിക്കുന്നില്ല. കഴിഞ്ഞ വർഷം ബജറ്റ് വിഹിതം 401.24 കോടി രൂപയായിരുന്നു. 146.89 കോടി രൂപ വെട്ടിക്കുറയ്ക്കേണ്ടതുണ്ടെന്ന് ബുദ്ധിമാന്മാർ കണ്ടെത്തി. നമ്മുടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ളതായിരുന്നു ഈ വിഹിതം. മെഡിക്കൽ കോളജുകൾ നേരിടുന്ന ഇന്നത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം ഇതാണെന്ന് പലരും വിശ്വസിക്കുന്നു. ആരോഗ്യവകുപ്പിന്റെ വിഹിതത്തിൽനിന്ന് 62.11 കോടി രൂപ നഷ്ടപ്പെട്ടു. ലഭ്യമായ ഫണ്ട് 90.02 കോടിയായിരുന്നു. മാത്രമല്ല, രക്തബാങ്കിനായി അനുവദിച്ച 30 ലക്ഷം രൂപ 15 ലക്ഷമായി കുറച്ചു. ഇത് രക്തബാങ്കുകളുടെ പങ്കിനെ സാരമായി ബാധിച്ചു.
പിണറായി വിജയനെപ്പോലുള്ള ഒരു മുതിർന്ന സിപിഎം നേതാവ് എങ്ങനെയാണ് യാഥാസ്ഥിതിക ചിന്തകളിലേക്കും ആശയങ്ങളിലേക്കും നയങ്ങളിലേക്കും ആകർഷിക്കപ്പെടുന്നത് എന്ന് പലപ്പോഴും നാം ചിന്തിച്ചേക്കാം. ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ആശയങ്ങൾ കേരളത്തിന്റെ ആരോഗ്യനയത്തെക്കുറിച്ചുള്ള പ്രതിച്ഛായയെ ജനങ്ങളുടെ മനസിൽ മാറ്റുമെന്ന് അദ്ദേഹം എങ്ങനെ കണ്ടെത്തി എന്നത് അമ്പരപ്പിക്കുന്നതാണ്. സെക്രട്ടേറിയറ്റിലെ ചുവപ്പുനാട കണ്ണൂരിലെ ആ മുതിർന്ന നേതാവിന്റെപോലും വിപ്ലവമനസിനെ നേർപ്പിക്കുകയാണെങ്കിൽ ആരും അതിശയിക്കേണ്ടതില്ല. ഒരുപക്ഷേ വിശദമായ പഠനം ആവശ്യമായി വന്നേക്കാം. പരസ്പരവിരുദ്ധമായ ആശയങ്ങളും തൊഴിലാളിവർഗ ചിന്തകളും എങ്ങനെ സംയോജിപ്പിച്ച് ഒരു നയമുണ്ടാക്കും എന്നതിനെക്കുറിച്ച് തീവ്രമായ പഠനം നടത്താതെ ഒരു നിഗമനത്തിലെത്തുന്നത് അന്യായമായിരിക്കും.
ചുരുക്കത്തിൽ, ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായുള്ള രാഷ്ട്രീയ ചിന്തകരുടെ പദ്ധതികൾ തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മനസിലേക്ക് പതിയുന്നില്ല. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, രാഷ്ട്രീയ നേതാക്കൾ നടപ്പാക്കാൻ തീരുമാനിച്ച ആശയങ്ങളും പദ്ധതികളും സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ മനസിൽ ഒരു മാറ്റവും വരുത്തുന്നില്ല. തത്ഫലമായി, മാറ്റങ്ങൾ അത്ര എളുപ്പത്തിൽ കൊണ്ടുവരാനും വിപ്ലവകരമാക്കാനും കഴിയില്ല. സെക്രട്ടേറിയറ്റിലെ ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കുന്ന ചുവപ്പുനാട ജീവനക്കാരുടെ തലച്ചോറിനും ചിന്തയ്ക്കും അനുയോജ്യമാണെന്ന് തോന്നുന്നു.