എവിടെയായിരുന്നു നിങ്ങൾ?
Sunday, January 17, 2021 12:59 AM IST
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആനുകൂല്യങ്ങളും പദ്ധതികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്നു കേരള ഹൈക്കോടതി കേരള സർക്കാരിനു നിർദേശം കൊടുത്തിരിക്കുകയാണ്. നാലുമാസത്തിനകം നടപടി സ്വീകരിക്കണം എന്നാണു ഹൈക്കോടതിയുടെ ഉത്തരവ്. ന്യൂനപക്ഷങ്ങൾക്കുള്ള ക്ഷേമപരിപാടികൾ ജനസംഖ്യാനുപാതികമായി പങ്കുവയ്ക്കണം എന്ന് ആവശ്യപ്പെട്ടിരുന്ന സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് പി.വി. ആശ പുറപ്പെടുവിച്ച സുപ്രധാനമായ ഈ ഉത്തരവ് പിണറായി സർക്കാർ നടപ്പാക്കുമോ എന്ന് ആകാംക്ഷയുണ്ട്.
നാലുമാസത്തെ സാവകാശത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിയമസഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ എങ്കിലും നീട്ടിക്കൊണ്ടു പോകില്ലേ? ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിനോട് ശക്തമായി ആവശ്യപ്പെടാൻ തങ്ങളുടെ നീതിബോധത്തെ സംശയിക്കരുതേ എന്ന വിലാപവുമായി നടക്കുന്ന പ്രതിപക്ഷത്തിന് തന്റേടമുണ്ടോ? കേരളത്തിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ആ വിധി കേരളത്തിലെ പ്രധാനപ്പെട്ട മുഖ്യധാരാ മാധ്യമങ്ങൾ പോലും തമസ്കരിച്ചു എന്നതു ശ്രദ്ധിക്കേണ്ടതുണ്ട്.
ഇവിടെയാണു ലോകത്താകെ പടരുന്ന ഇസ്ലാമോഫോബിയയുടെ വേരുകൾ കേരളത്തിലും എത്ര ആഴത്തിൽ പതിഞ്ഞിരിക്കുന്നു എന്നു വ്യക്തമാവുക. മറ്റു ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന അനീതിയെക്കുറിച്ചു നിശബ്ദരാവുക മാത്രമല്ല, അക്കാര്യം ഉച്ചത്തിൽ പറയുന്നവരെ വർഗീയവാദികളാക്കാനും ഈ മാധ്യമങ്ങൾ മത്സരിക്കാറുണ്ട്. ഇത്തരം ബ്രാൻഡിംഗ് ഭയന്ന് ഇമേജിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന പലരും നിശബ്ദാരവുകയും ചെയ്യുന്നു. അനീതി അങ്ങനെ തന്നെ തുടരുകയും ചെയ്യുന്നു.
അടുത്തകാലത്തു സോഷ്യൽ മീഡിയയിൽ വൈറലായ ഒരു യുവ ബിഷപ്പിന്റെ പ്രസംഗത്തിൽ പറയുന്നത് ശ്രദ്ധേയമാണ്. മതാധ്യാപകരുടെ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഒരു ജീവിതാനുഭവം പങ്കുവയ്ക്കുമ്പോഴാണ് മുസ്ലിം മതത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത യുവതിയിൽനിന്നുണ്ടായ ഒരു പ്രതികരണം പറഞ്ഞത്. വിശ്വാസത്തിന്റെ കാര്യത്തിൽ അവർ വളരെ സ്ട്രോംഗാ. നമ്മൾ അഡജസ്റ്റ് ചെയ്തില്ലെങ്കിൽ നടക്കില്ല എന്നായിരുന്നുവത്രെ യുവതി പറഞ്ഞത്.
അതുപോലെ തന്നെയാണു ക്ഷേമപദ്ധതികളിൽ കാണിക്കുന്ന അനീതിയുടെ വിഷയവും. ന്യൂനപക്ഷങ്ങൾക്കു സർക്കാർ നൽകുന്ന ക്ഷേമപദ്ധതികൾ ഒരുവിഭാഗം മാത്രം സ്വന്തമാക്കുന്നതു സംബന്ധിച്ചു മറ്റു ന്യൂനപക്ഷങ്ങളുടെ മനോഭാവത്തിന്റെയും കാതൽ ഇതാണ്. മുസ്ലിം സമൂഹം അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വളരെ സ്ട്രോംഗാണ്. അന്യായമായി അനുഭവിക്കുന്നവകളിൽ പോലും മാറ്റം വരുത്തിയാൽ ശക്തമായി പ്രതികരിച്ചേക്കാം. മറ്റു ന്യൂനപക്ഷങ്ങളോ കിട്ടുന്നതാകട്ടെ എന്ന മട്ടിലും. അതുകൊണ്ടു തന്നെയാണ് അർഹതപ്പെട്ട അവകാശങ്ങൾ പോലും നഷ്ടപ്പെടുന്നതും അന്യായം അനുഭവിക്കേണ്ടി വരുന്നതും.
ലീഗ് സ്ട്രോംഗ്
കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ വോട്ടിന്റെ കുത്തകാവകാശം പറയാറുള്ള ജനാധിപത്യമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് പിണറായി സർക്കാർ സംവരണേതര സമൂഹങ്ങളിലെ പാവപ്പെട്ടവർക്ക് ഏർപ്പെടുത്തിയ 10 ശതമാനം സംവരണത്തിനെതിരേ പടനയിക്കാൻ പോവുകയാണ്. മുന്നണിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനമാണു സാന്പത്തിക സംവരണം എങ്കിലും അതിനെതിരേ ലീഗ് സമരം ചെയ്യുന്നു. അതായത് ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ നല്ല വാഗ്ദാനങ്ങളൊക്കെ നല്കി വോട്ടു പിടിച്ചാലും അധികാരം കിട്ടിയാൽ തങ്ങൾക്കിഷ്ടമില്ലാത്തതു നടപ്പാക്കിക്കാതിരിക്കാൻ ലീഗിനറിയം എന്നു വ്യക്തം.
കരുണാകരനെപ്പോലുള്ള ശക്തന്മാർ മുന്നണിയെ നയിച്ചപ്പോഴും, ഇന്നത്തെ ശക്തി ലീഗിന് ഇല്ലാതിരുന്നിട്ടും സാന്പത്തിക സംവരണം എന്ന മന്ത്രിസഭയുടെ തീരുമാനം പരണത്തു വയ്പിക്കാൻ ലീഗിനായി. അത്ര സ്ട്രോംഗായിരുന്നു അവരുടെ നിലപാട്. അന്നത്തെ പ്രതിപക്ഷ ശബ്ദമായ ഇ.എം.എസ് വരെ താത്വികമായി സാന്പത്തിക സംവരണത്തിന് അനുകൂലമായിരുന്നു. എന്നിട്ടും കരുണാകരന് ആ തീരുമാനം പിൻവലിക്കേണ്ടിവന്നു. പിൻവലിക്കാൻ പാടില്ല എന്നു സ്ട്രോംഗായി പറയാൻ സാന്പത്തിക സംവരണം ആവശ്യപ്പെടുന്നവരും ആ മന്ത്രിസഭയിൽ ഉണ്ടായിരുന്നവരുമായ കേരള കോണ്ഗ്രസുകാർക്കു പോലും സാധിച്ചില്ല. അവർക്കു കരുണാകരന്റെയും ലീഗിന്റെയും ഒക്കെ പ്രീതിയായിരുന്നു വലുത്.
ഇപ്പോൾ പിണറായിക്കുപോലും സാന്പത്തിക സംവരണം നടപ്പാക്കാനുള്ള ധൈര്യം കിട്ടിയത് കേന്ദ്രനിയമത്തിന്റെ പിൻബലമാണ്. കേന്ദ്രം നടത്തിയ ഭരണഘടനാ ഭേദഗതിയാണ്.
2014 ൽ കേരള നിയമസഭ പാസാക്കിയ ന്യൂനപക്ഷ കമ്മീഷൻ നിയമം അനുസരിച്ച് ന്യൂനപക്ഷ അവകാശങ്ങൾ ജനസംഖ്യാനുപാതികമായി വിഭജിക്കപ്പെടേണ്ടതാണ്. കേന്ദ്ര നിയമം അനുസരിച്ച് ന്യൂനപക്ഷാവകാശങ്ങൾക്ക് അർഹരായ ആറു മതവിഭാഗങ്ങളാണ് ഇന്ത്യയിലുള്ളത്. മുസ്ലിംകൾ, ക്രൈസ്തവർ, സിക്കുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാഴ്സികൾ. 2011 ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയുടെ 26.66 ശതമാനം മുസ്ലിംകളും 18.38 ശതമാനം ക്രൈസ്തവരും ആണ്. ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിഭജിച്ചാൽ ക്രൈസ്തവർക്ക് 40.9 ശതമാനം ലഭിക്കണം. മുസ്ലിംകൾ ഒഴികെയുള്ള മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 0.34 ശതമാനവും.
എന്നിട്ടുമെന്തേ കേരളത്തിൽ ന്യുനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഇപ്പോഴും മുസ്ലിംകളും മറ്റു മതസ്ഥരുമായി 80:20 എന്ന അനുപാതത്തിൽ പങ്കുവയ്ക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഇപ്പോഴുള്ള സർക്കാരും ജനപ്രതിനിധികളും ഉത്തരം പറയേണ്ടതുണ്ട്. 2011 ൽ കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ചപ്പോൾ മുതൽ അതിന്റെ മന്ത്രി മുസ്ലിം സമൂഹത്തിൽനിന്നു മാത്രം എന്നതും മറക്കരുത്.
സ്നേഹിച്ച് തകർക്കപ്പെടുന്നവൻ
വ്യത്യസ്തനാണു പിണറായി എന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു. സാന്പത്തിക സംവരണം പോലുള്ള വിഷയങ്ങളിൽ സുധീരമായ തീരുമാനം എടുത്തു. പിണറായിയോടു പോരാടി ജയിക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ അദ്ദേഹത്തെ സ്നേഹിച്ച് അപകടത്തിലാക്കാൻ സാധിക്കുമെന്നും തെളിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ചെയ്തുകൂട്ടിയ പാതകങ്ങളുടെ കഥകൾ ആരെയാണ് അന്പരപ്പിക്കാത്തത്? ഉപ്പു തിന്നവൻ വെള്ളം കുടിക്കട്ടെ എന്ന ന്യായം പറഞ്ഞ് തലയൂരാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും, ഇത്രപാവമായിപ്പോയോ പിണറായി എന്ന് ആരും സംശയിക്കും. അതുപേലെയാണ് അദ്ദേഹം വല്ലാതെ സ്നേഹിക്കുന്ന മന്ത്രി ജലീൽ ഇടതുമുന്നണിയുടെ മതേതര സമീപനങ്ങളിൽ ചാർത്തുന്ന കളങ്കവും.
എവിടെയായിരുന്നു നിങ്ങൾ?
നിയമസഭാ തെരഞ്ഞെടുപ്പിന് എല്ലാ പാർട്ടികളും കോപ്പുകൂട്ടുകയാണ്. പാർട്ടികളിലെ മതേതരക്കാരും മതാധിഷ്ഠിതക്കാരും എല്ലാം ഓരോ മണ്ഡലത്തിലെയും മതവിഭാഗങ്ങളെക്കൂടി നോക്കിയാണ് സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. ഓരോ സമുദായവും എന്തു തീരുമാനമെടുക്കും എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്. സമുദായ നേതാക്കൾ എടുക്കുന്ന തീരുമാനങ്ങൾക്കു വിലയുണ്ടെന്ന് എല്ലാവരും രഹസ്യമായി സമ്മതിക്കുന്നു. അതിലും ആഴമുണ്ടാവും സമുദായാംഗങ്ങളിൽ പടരുന്ന വികാരത്തിന്. അവർ വലിയ പരസ്യ പ്രതികരണത്തിനൊന്നും തുനിയണമെന്നില്ല.
1996 ൽ ഇടതുകോട്ടയായ മാരാരിക്കുളത്ത് സിപിഎമ്മിന്റെ പോർക്കുതിരയായിരുന്ന വി.എസ്. അച്യുതാനന്ദൻ, കോണ്ഗ്രസിലെ അത്ര പ്രമുഖനൊന്നും അല്ലാതിരുന്ന പി.ജെ. ഫ്രാൻസിസിനോടു തോറ്റത് ആരും മറക്കില്ല. പാർട്ടിക്കുള്ളിലെ ചതി മാത്രമായിരുന്നില്ല അദ്ദേഹത്തെ തോൽപ്പിച്ചത് എന്ന് അക്കാലത്ത് പാർട്ടിതന്നെ വിലയിരുത്തിയിരുന്നു. അവിടത്തെ എംഎൽഎ ആയിരുന്ന ടി.ജെ. ആഞ്ചലോസിനെക്കുറിച്ച് വി.എസ്. നടത്തിയ വിലകുറഞ്ഞ ഒരു പരാമർശം അവിടത്തെ ക്രൈസ്തവസമൂഹത്തെ അക്കാലത്ത് വല്ലാതെ മുറിപ്പെടുത്തിയിരുന്നു. പിന്നീടു മാരാരിക്കുളത്ത് മത്സരിച്ചതു തോമസ് ഐസക് മാത്രമാണ്.
കേരള കോണ്ഗ്രസ് സ്ഥാനാർഥികൾ മിക്കവാറും ക്രൈസ്തവരാണ്. ക്രൈസ്തവ മേഖലകളിൽ കോണ്ഗ്രസും മിക്കവാറും ക്രൈസ്തവരെ തന്നെ നിർത്തുന്നു. കോട്ടയംകാരൻ കെ.സി. ജോസഫ് മലബാറിലെ ഇരിക്കൂറിലേക്കു വണ്ടികയറിയത് ഇടയ്ക്കൊന്നും കോണ്ഗ്രസുകാർ ഇല്ലാത്തതുകൊണ്ടായിരുന്നില്ലല്ലോ? ഇങ്ങനെ വരുന്നവരോടെങ്കിലും എന്താവും നമ്മുടെ ക്ഷേമകാര്യം എന്ന് ജനം ചോദിക്കണം. എല്ലാം ഒരു കൂട്ടർ തന്നെ കൊണ്ടുപോയപ്പോൾ നിങ്ങൾ എവിടെ ആയിരുന്നു?
ആരും ചോദിച്ചില്ലെങ്കിലും ബിജെപി ഈ ചോദ്യങ്ങൾ ഉയർത്തും. അതുകൊണ്ട് ഉത്തരം കണ്ടുവയ്ക്കുന്നതു നല്ലത്. അച്യുതാനന്ദൻ സംഭവത്തിലുണ്ടായതുപോലുള്ള പ്രതികരണങ്ങൾ ഇനിയും ഉണ്ടാവാം. ജനം ബോധവാന്മാരായി വരുന്നു.
തെരഞ്ഞെടുപ്പ് ഒരുക്കം
നിയമസഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച് ഇടതുമുന്നണിക്കുവേണ്ടി മുഖ്യമന്ത്രി എല്ലാ ജില്ലയിലെയും പ്രമുഖരുമായി ചർച്ച നടത്തിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് പതിവുപോലെ കേരളയാത്ര ആരംഭിക്കുന്നു. എല്ലാം പതിവ് ഏർപ്പാടുകൾ. ജനാധിപത്യമുന്നണി വികസിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ഒന്നും എങ്ങും എത്തിക്കാനാവുന്നില്ല. എൻസിപി ഇടതുമുന്നണി വിടുമോ, കാപ്പൻ പാലായിൽ ഇടതുമുന്നണി സ്ഥാനാർഥിയാകുമോ അതോ ജനാധിപത്യമുന്നണിയിൽ മത്സരിക്കാൻ ഉണ്ടാകുമോ എന്നുള്ളതെല്ലാം അവ്യക്തമായി തുടരുകയാണ്. പി.സി. ജോർജിനെ കൂടെക്കൂട്ടിയാൽ കൊള്ളാമെന്ന രമേശിന്റെ മോഹത്തിനും ജോർജിന്റെ കഴിഞ്ഞകാല വാക്കുകളും പ്രവൃത്തികളും തടയാവുകയാണ്.
ഇതൊക്കെ തുടക്കത്തിലെ തടസങ്ങളാണ്. പ്രചാരണം മൂക്കുന്പോൾ ജനം രണ്ടു മുന്നണിയായി തിരിയും. അങ്ങനെ തിരിയാതെ വരുന്നത് സമുദായികമായ അനീതികൾ അനുഭവിക്കുന്നവർ മാത്രമാകും.
ന്യൂനപക്ഷക്ഷേമ മന്ത്രിയുടെ നിലപാട്
മതേതരത്വം വല്ലാതെ പറയുന്ന സിപിഎമ്മിന്റെ മന്ത്രിസഭയിലെ ന്യൂനപക്ഷക്ഷേമ മന്ത്രി വരുത്തിയ നിയമ ഭേദഗതിയിലൂടെ കമ്മീഷനിലെ അംഗങ്ങളെയെല്ലാം ഒരു സമുദായത്തിൽനിന്നുള്ളവരാക്കാമെന്നായി. ആ ഭേദഗതിയുടെ അപകടം ആരും അറിഞ്ഞില്ല. നിയമങ്ങൾ പഠിക്കുന്ന ജനപ്രതിനിധികൾ നിയമസഭയിൽ ഇല്ലാതാകുന്നു. പുതിയ തലമുറ നേതാക്കന്മാരിൽ ഭൂരിഭാഗത്തിനും അധികാരം പിടിക്കാനുള്ള കളികളിൽ മാത്രമാണു താത്പര്യം. ഇത്രയും അന്യായം നടന്നിട്ടും ആരും പ്രതിഷേധിച്ചില്ല. സർക്കാരിനെ ചോദ്യം ചെയ്തില്ല.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഫലത്തിൽ മുസ്ലിം ക്ഷേമ വകുപ്പായി പ്രവർത്തിക്കുന്നു. ന്യൂനപക്ഷ ക്ഷേമ മന്ത്രി, സെക്രട്ടറി, കമ്മീഷൻ ചെയർമാൻ, അംഗം, ഉദ്യോഗസ്ഥർ എല്ലാം മിക്കവാറും ഒരു സമുദായത്തിൽ പെട്ടവർ. എന്തേ ഇങ്ങനെ എന്നോ പോലും ചോദിക്കാൻ ആരുമില്ല. ന്യൂനപക്ഷ ക്ഷേമ മന്ത്രി തന്റെ മതേതര സ്വഭാവത്തെക്കുറിച്ച് ഉറക്കെ പറഞ്ഞുകൊണ്ട് സർക്കാർ ചെലവിൽ ഖുറാൻ വിതരണം വരെ നടത്തുന്നു. എല്ലാം മതേതരത്വം. മദ്രസകൾക്ക് അദ്ദേഹം വാരിക്കോരി നല്കിയ സർക്കാർ സഹായങ്ങളും എല്ലാവരെയും അന്പരപ്പിക്കുന്ന വിധമായി. എന്നിട്ടും ഞങ്ങൾക്കുകൂടി തരണം എന്നുപോലും ആരും വായ് തുറക്കുന്നില്ല. കാരണം അവർ അത്ര സ്ട്രോംഗാണ്. ഏതു ഭരണകാലത്തും പിടിക്കുന്നിടത്തു കെട്ടും.
സ്വർണക്കള്ളക്കടത്തു കേസിൽ പലവട്ടം ചോദ്യം ചെയ്തപ്പോൾ മന്ത്രി കെ.ടി. ജലീൽ താൻ പാണക്കാട് തങ്ങൾ പറയുന്നതുപോലെ ചെയ്യാമെന്നു വെല്ലുവിളിച്ചത് രക്ഷപ്പെടാൻ വേണ്ടി മാത്രമായിരുന്നില്ല. സിമി മുൻ പശ്ചാത്തലമുള്ള ഒരു വ്യക്തി പിണറായിയുടെ മന്ത്രിസഭയിലായാലും എത്ര മനോഹരമായി വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നു!