സാന്പത്തിക സംവരണത്തെച്ചൊല്ലി എന്തിന് അസ്വസ്ഥത?
Wednesday, October 28, 2020 12:11 AM IST
കേരളത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്തും പി എസ് സി നിയമനങ്ങളിലും 10% സാന്പത്തിക സംവരണം (ഇഡബ്ല്യുഎസ് റിസർവേഷൻ ) നടപ്പിലായിരിക്കുകയാണ്. വൻ സാമുദായിക-രാഷ്ട്രീയ സമ്മർദങ്ങളെ അതിജീവിച്ചാണു സംസ്ഥാന സർക്കാർ ഇതു നടപ്പിലാക്കിയത് എന്നു മനസിലാക്കാൻ സാധിച്ചു.
ഇതുവരെ യാതൊരുവിധ സംവരണ ആനുകൂല്യവും ലഭിക്കാതിരുന്ന സംസ്ഥാന ജനസംഖ്യയിലെ 27% ൽ അധികം വരുന്ന സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇ ഡബ്ല്യുഎസ്) വൈകിയെങ്കിലും ലഭിച്ച നീതിയെ ചില സംഘടിത സാമുദായിക ശക്തികൾ അകാരണമായി എതിർക്കുന്നതു തികച്ചും ഖേദകരമാണ്. എന്തെങ്കിലും ആദർശത്തിന്റെ പേരിലാണ് ഇവർ ഇപ്രകാരം ചെയ്യുന്നതെന്നു കരുതാൻ സാധിക്കില്ല. സ്വന്തം പാത്രത്തിൽ ഒരു കുറവും ഉണ്ടാകുന്നില്ലെങ്കിലും അടുത്തിരിക്കുന്നവന്റെ പാത്രത്തിൽ ഒന്നും വിളന്പരുത് എന്നു ശഠിക്കുന്നത് എന്തു വികാരമാണ്?
ഈ വിഷയത്തിൽ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കാലാകാലങ്ങളായി സ്വീകരിച്ചുപോന്നിട്ടുള്ള നിലപാടുകളെ വിലയിരുത്തിയാൽ ഇപ്പോൾ സാന്പത്തിക സംവരണത്തിനെതിരായി സമ്മർദതന്ത്രങ്ങൾ ഉപയോഗിക്കുന്നവരുടെ മനോഭാവം നമുക്കു മനസിലാക്കാൻ സാധിക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നിലപാടുകളിലൂടെ നമുക്കൊന്നു കടന്നുപോകാം
ഭാരതീയ ജനതാ പാർട്ടി
രാജ്യത്തു സാന്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി പാസാക്കിയെടുത്ത് 10% സാന്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. അവർ ഇക്കാര്യത്തിൽ സ്വീകരിച്ച ശക്തമായ നിലപാടുതന്നെയാണു സാന്പത്തിക സംവരണം ഇപ്പോൾ ഇന്ത്യയിൽ പ്രായോഗികമാകാൻ കാരണം.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ
ജാതി- മത രഹിത സമൂഹങ്ങൾ രൂപീകരിക്കുക എന്നതും ദരിദ്രരെ ഉദ്ധരിക്കുക എന്നതും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആദർശങ്ങളിൽ ഉൾപ്പെട്ട കാര്യങ്ങളാണല്ലോ. അവരുടെ ഈ ആദർശങ്ങൾക്ക് എതിരല്ല സാന്പത്തിക സംവരണം എന്ന ആശയം. ജാതി-മത ചിന്തകൾക്കതീതമായി അവശത അനുഭവിക്കുന്നവരെ പരിഗണിക്കുക എന്ന ആശയത്തെ ഒരിക്കലും നിരാകരിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കു സാധിക്കുകയില്ല.
അതുകൊണ്ടുതന്നെ കേരളത്തിലെ എൽഡിഎഫ് സംവിധാനം, ഇതുവരെ യാതൊരു സംവരണവും ലഭിക്കാത്ത വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സാന്പത്തിക സംവരണത്തെ അംഗീകരിക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവരുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നൂറ്റിമൂന്നാം ഭരണഘടനാ ഭേദഗതിക്കു ശേഷം സംസ്ഥാനത്ത് ഈ സംവരണം നടപ്പിലാക്കിയതിൽ കാലതാമസം ഉണ്ടായി എന്ന വസ്തുത നിലനിൽക്കുന്പോഴും ചില പരിമിതികളോടെയാണെങ്കിലും ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കി എന്നതു സ്വാഗതാർഹമാണ്.
കേരളത്തിൽ ഇ ഡബ്ല്യുഎസ് സംവരണത്തിനെതിരായി സംഘടിത രാഷ്ട്രീയ- സാമുദായിക നീക്കം ആരംഭിച്ചിട്ടുണ്ട്. ഈ പ്രതിഷേധക്കാർക്ക് മുഖ്യമന്ത്രി നൽകിയ മറുപടി സമഗ്രമാണ്.
ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിൽ 579-ാമത് നിർദേശമായി, ജാതിസംവരണം ഇന്നുള്ള തോതിൽ നിലനിർത്തിക്കൊണ്ടുതന്നെ 10% സാന്പത്തിക സംവരണം നടപ്പിൽ വരുത്താൻ പരിശ്രമിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതു കേരള ജനത അംഗീകരിച്ചു എന്നതിന്റെ തെളിവുകുടിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ അവരുടെ വിജയമെന്നു പറയാം. ഇപ്രകാരം പ്രകടനപത്രികയിലൂടെ അവർ പ്രഖ്യാപിച്ച നയം ഇപ്പോൾ നിയമപരമായി നടപ്പിലാക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാട് ഈ വിഷയത്തിൽ സുവ്യക്തമാണ്.
ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്
ഇന്ത്യൻ നാഷണൽ കോണ്ഗ്രസിനും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂർണമായ നിലപാടാണുള്ളത്. ഇത് ആദ്യമായി നടപ്പിലാക്കിയത് 1992 ൽ നരസിംഹറാവു സർക്കാരാണ്. എന്നാൽ, ഭരണഘടനാ പരിരക്ഷ ലഭിക്കാതിരുന്നതു കാരണം ഇന്ദിരാ സാഹ്നി കേസിൽ സുപ്രീംകോടതിയിൽ ഇതു പരാജയപ്പെടുകയാണുണ്ടായത്. തുടർന്നു സാന്പത്തിക സംവരണം നടപ്പിലാക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കുന്നതിനായി 2006 ൽ സിൻഹു കമ്മീഷനെ നിയമിച്ചത് മൻമോഹൻസിംഗ് സർക്കാരാണ്.
കൂടാതെ ബിജെപി സർക്കാർ സാന്പത്തിക സംവരണത്തിനായി പാർലമെന്റിൽ അവതരിപ്പിച്ച നൂറ്റിമൂന്നാം ഭരണഘടനാഭേദഗതി പാസായതു കോണ്ഗ്രസിന്റെയും മറ്റു പ്രതിപക്ഷ എംപി മാരുടെയും പിന്തുണയോടുകൂടി തന്നെയാണ്. ഏറ്റവും കൗതുകകരമായ കാര്യം ബിജെപി യെക്കാൾ ഉദാരമായ നയം ഇക്കാര്യത്തിൽ കോണ്ഗ്രസ് സ്വീകരിച്ചിട്ടുണ്ട് എന്നുള്ളതാണ്.
കേന്ദ്രസർക്കാർ മാനദണ്ഡങ്ങളിലെ എട്ടു ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനം എന്ന ഒരൊറ്റ മാനദണ്ഡം മാത്രം നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള അഞ്ച് ഏക്കർ കൃഷിഭൂമി പരിധി, ആയിരം സ്ക്വയർ ഫീറ്റിൽ താഴെ വിസ്തീർണമുള്ള വീട്, നാല് സെന്റ് വരെയുള്ള ഹൗസ് പ്ലോട്ട് എന്നീ മാനദണ്ഡങ്ങളെല്ലാം എടുത്തുകളഞ്ഞ ഏക സർക്കാർ രാജസ്ഥാനിലെ കോണ്ഗ്രസ് സർക്കാരാണ്. ഇപ്രകാരം തന്നെ കോണ്ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും സാന്പത്തിക സംവരണത്തോട് വളരെ അനുഭാവപൂർവമായിട്ടുള്ള നിലപാടുകളാണ് സ്വീകരിച്ചുവരുന്നത് എന്നു നമുക്കു കാണാൻ സാധിക്കും.
മുസ്ലിം ലീഗ്
സാന്പത്തിക സംവരണ വിഷയത്തിൽ ഭാരതത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്നു വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും അനുബന്ധ കക്ഷികളും മാത്രമാണ്. ഇത് ഒരിക്കലും എന്തെങ്കിലും ആദർശത്തിന്റെ പേരിലാണ് എന്ന് കണക്കാക്കാൻ സാധിക്കുകയില്ല. കാരണം വ്യത്യസ്തമായ ചിന്താധാരകളുള്ള രാഷ്ട്രീയ പാർട്ടികൾ പോലും തത്വത്തിലും പ്രയോഗത്തിലും സാന്പത്തിക സംവരണത്തെ അനുകൂലിക്കുന്പോൾ ലീഗ് ശക്തമായി എതിർക്കുകയാണു ചെയ്യുന്നത്.
പാർലമെന്റിൽ സാന്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ വന്നപ്പോൾ കോണ്ഗ്രസും ഇടതുപക്ഷവും ഉൾപ്പെടെയുള്ള പാർട്ടികൾ അതിനെ അനുകൂലിച്ചു. അന്നു സന്നിഹിതരായിരുന്ന 326 അംഗങ്ങളിൽ 323 പേരും അനുകൂലിച്ച് വോട്ട് ചെയ്തു. അന്ന് എതിർത്ത് വോട്ട് ചെയ്ത മൂന്നുപേർ മുസ്ലിം ലീഗിന്റെ രണ്ടംഗങ്ങളും എഐഎംഐഎം(ഓൾ ഇന്ത്യ മജ്ലിസ് ഇത്തെഹാദുൾ മുസ്ലീമിൻ)ന്റെ ഒരംഗവും ആയിരുന്നു. ലീഗിന്റെ നിലപാടുകളിൽ വർഗീയത മുഖംമൂടി മാറ്റി പുറത്തേക്കുവരുന്നു എന്നുള്ളതിന്റെ വ്യക്തമായ ഒരു തെളിവായി ഇതിനെ കരുതാവുന്നതാണ്.
ലീഗിന്റെ വർഗീയ നിലപാടുകൾ ഹാഗിയ സോഫിയ വിഷയത്തിലും നമ്മൾ കണ്ടതാണ്. ഒരു മതത്തിനാകെ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും സർക്കാർ ജോലികളിലും 12% വരെ സമുദായ സംവരണം അനുഭവിച്ചുപോരുന്ന വിഭാഗത്തിന്റെ സംഘടിത മതശക്തി എന്ന നിലയിലുള്ള ലീഗിന്റെ നയങ്ങൾ ഇതര സമൂഹങ്ങൾക്കു ഭീഷണിയാകുന്നുണ്ടോ എന്ന സംശയം ന്യായമാണ്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കോടിക്കണക്കിനു രൂപ മുടക്കി നടപ്പാക്കുന്ന പദ്ധതികൾ ഏതാണ്ടു പൂർണമായും മുസ്ലിം സമുദായത്തിനു വേണ്ടി മാത്രമാണ്. സ്കോളർഷിപ്പ് പോലെയുള്ള ആനുകൂല്യങ്ങളിൽ 80 ശതമാനവും ഈ സമുദായത്തിന് മാത്രമായി ഏർപ്പെടുത്തിയിരിക്കുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികൾപോലും സംസ്ഥാന ന്യുനപക്ഷ ക്ഷേമ വകുപ്പിലൂടെ നടപ്പിലാക്കുന്പോൾ ഇതര ന്യൂനപക്ഷ വിഭാഗങ്ങൾ പുറന്തള്ളപ്പെടുന്നു.
സൗജന്യ കോച്ചിംഗ് സെന്ററുകൾ, മഹൽ സോഫ്റ്റ് തുടങ്ങിയ ധാരാളം സൗജന്യ പദ്ധതികൾ വേറെയും ഉണ്ട്. ഏതെങ്കിലും വിഭാഗത്തിന്റെ മതപഠന ത്തിനു സർക്കാർ സഹായം ലഭിക്കുന്നുണ്ടെങ്കിൽ അത് ഇസ്ലാമിക മതപഠനത്തിനു മാത്രമാണ്. ഇക്കാര്യങ്ങൾ നേടിക്കൊടുക്കുന്നതിൽ ലീഗ് ഉൾപ്പെടെ പുലർത്തിയ ജാഗ്രത മറ്റുള്ളവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അതേസമയം, ഇവർ മറ്റു സമുദായങ്ങൾക്കു ലഭിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങളെപ്പോലും ശക്തമായി എതിർക്കുന്നു എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാൻ സാധിക്കുന്നത്? സ്വന്തം സമുദായബോധം നല്ലതാണ്, ആവശ്യവുമാണ്. എന്നാൽ അതു മറ്റു സമുദായങ്ങൾക്കു ദോഷകരമാകരുത്.
യുഡിഎഫ്
കേരളത്തിൽ യുഡിഎഫ് മുന്നണിയുടെ രാഷ്ട്രീയ സ്വഭാവത്തിനു മങ്ങലേറ്റിട്ടുണ്ടോ? സാന്പത്തിക സംവരണത്തിൽ ഉൾപ്പെടെ പല വിഷയങ്ങളിലും സ്വന്തമായി ഒരു നിലപാട് പ്രഖ്യാപിക്കാൻ സാധിക്കാത്തവിധം ഈ മുന്നണി ദുർബലമായിരിക്കുകയാണോ? മുന്നണിയിലെ പ്രധാന കക്ഷിയായ കോണ്ഗ്രസിന് അതിന്റെ ദേശീയ നിലപാടിനെപ്പോലും അനുകൂലിക്കാൻ സാധിക്കാത്തതെന്ത്? വ്യത്യസ്ത നിലപാടുകൾ പരസ്യമായി പറയുന്ന എംഎൽഎമാരുടെ മേൽ പാർട്ടിക്കു കാര്യമായ നിയന്ത്രണമില്ലാത്തതുപോലെ തോന്നുന്നു. ഈ മുന്നണിക്ക് ഒരു പ്രകടനപത്രിക പോലും പുറത്തിറക്കാൻ സാധിക്കുമോ എന്നു സംശയമുണ്ട്.
ഇപ്പോൾ ജമാഅത്ത് ഇസ്ലാമിയുടെ വെൽഫയർ പാർട്ടിയുമായിപ്പോലും സഖ്യമുണ്ടാക്കുന്ന സ്ഥിതിയാണുള്ളത്. ഒരു മുസ്ലിം രാഷ്ട്രമായ ബംഗ്ലാദേശ് പോലും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളെ കഠിന ശിക്ഷകൾക്ക് വിധേയരാക്കിയിട്ടുള്ളതാണ് എന്നു പറയുന്പോൾ ഇവരുടെ ഭീകരതയുടെ ആഴം മനസിലാകുമല്ലോ. ഇത്തരം സഖ്യങ്ങളെ മതേതര ചിന്താഗതിക്കാർക്ക് എങ്ങനെ അംഗീകരിക്കാൻ സാധിക്കും?
ബഹുസ്വരതയും മതേതരത്വവും
ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ മതേതര സ്വഭാവം നിലനിർത്താൻ കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു സാധിക്കണം. ഈ നാട് എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാണ്. എല്ലാ സമൂഹങ്ങളെയും അവരുടെ ന്യായമായ ആവശ്യങ്ങളെയും പരിഗണിക്കാൻ മുന്നണികൾക്കു സാധിക്കണം. എന്നാൽ, ഏതാനും വോട്ടിനുവേണ്ടി സംഘടിത വർഗീയ പ്രസ്ഥാനങ്ങളുമായി രാഷ്ട്രീയ കൂട്ടുകെട്ടിലേർപ്പെടുന്ന മുന്നണി സംവിധാനങ്ങളെ ഇതര വിഭാഗങ്ങൾക്കു തികഞ്ഞ ആശങ്കയോടുകൂടി മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ.
രാഷ്ട്രീയ പാർട്ടികളും മുന്നണികളും ചില സമുദായങ്ങളെ തങ്ങളുടെ ഫിക്സഡ് വോട്ട് ബാങ്ക് ഡിപ്പോസിറ്റ് ആയി കരുതി ലാഘവമായെടുത്ത് എന്തുമാകാം എന്ന അമിത ആത്മവിശ്വാസം വച്ചുപുലർത്തരുത്. തിരുത്താനുള്ള അവസരങ്ങൾ ഇനിയും കഴിഞ്ഞുപോയിട്ടില്ല എന്നുകൂടി ഓർമിപ്പിക്കുന്നു.
ഭാരത സംസ്കാരത്തിന്റെ മഹിമയും മതേതര മൂല്യങ്ങളും ഇല്ലാതാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളുമല്ല ജനാധിപത്യ ഭാരതത്തിൽ രാഷ്ട്രീയ പാർട്ടികൾക്കു തെരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത് എന്നത് ആരും മറക്കാതിരിക്കട്ടെ.
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം