ഓടാമ്പലുള്ള ഇഷ്ടങ്ങള്‍
Friday, May 9, 2025 10:08 AM IST
റോബിൻ എബ്രഹാം ജോസഫ്
അതിജീവനം എന്ന വാക്കിന് മലയോര ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ട്. നിരന്തരം മണ്ണിനോടും അധികാരകേന്ദ്രങ്ങളോടും കലഹിച്ചു കൊണ്ടാണ് ആ ജീവിതങ്ങള്‍ ഓരോ അടിയും മുന്നോട്ട് വയ്ക്കുന്നത്.
മലയോര മണ്ണിന്റെ മഹത്വവും ജീവിതവും സാമൂഹിക സാഹചര്യങ്ങളും പ്രമേയമാക്കി സിഎംഐ വൈദികനായ ഫാ. എമില്‍ പുള്ളിക്കാട്ടിലും ഫാ. ജെഫ് ഷോണ്‍ ജോസും രചിച്ച നോവലാണ് ഓടാമ്പലുള്ള ഇഷ്ടങ്ങള്‍.
റോബിനെന്ന ഇരട്ടയാര്‍ സ്വദേശിയായ സെമിനാരി വിദ്യാര്‍ഥിയാണ് നോവലിലെ കേന്ദ്രബിന്ദു. വൈദീകവൃത്തി സ്വപ്നം കണ്ട് ഓരോ ദിനവും കഴിച്ചുകൂട്ടുന്ന റോബിന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ചില അസാധാരണ പരീക്ഷണങ്ങളും അതിനെ വിശ്വാസമെന്ന പരിചയാല്‍ അതിജീവിച്ച മുഹൂര്‍ത്തങ്ങളുമാണ് കഥാപരിസരം.
ക്രിസ്തീയ മാനത്തില്‍ ആദിയോടന്തം പരമാര്‍ശിച്ചു പോകേണ്ട സംഭവങ്ങളെ സാമൂഹികമായി ബന്ധിപ്പിച്ചുകൊണ്ട് ചില ചരിത്ര സംഭവങ്ങളെ ഒരിക്കല്‍ കൂടി വായനക്കാരുടെ മുന്‍പിലേക്ക് എത്തിക്കുകയാണ് രചയിതാക്കളായ വൈദീകര്‍.
അസാമാന്യ ഭാഷ ശൈലി 364 പേജുകളുള്ള പുസ്തകത്തിന്റെ വായനയെ കൂടുതല്‍ ലളിതമാക്കുന്നു. ദൈവം മനുഷ്യനായി മണ്ണിലേക്ക് ഇറങ്ങിവന്നെന്ന ബൈബിള്‍ ശകലത്തെ നാട്ടിന്‍പുറത്തെ ചില മനുഷ്യ ജീവിതങ്ങളുമായി കോര്‍ത്തിണക്കി എഴുതിയിരിക്കുന്ന നോവല്‍ സമ്മാനിക്കുന്നത് മികച്ച വായനാനുഭവം തന്നെയാണ്.
1. പരീക്ഷണങ്ങളും പരിചയും
വൈദീക ജീവിതത്തിലേക്ക് ഒരാള്‍ പ്രവേശിക്കുന്നതായ കാലയളവ് പരീക്ഷണങ്ങളുടേത് കൂടിയാണ്. പരീക്ഷകളും പരീക്ഷണങ്ങളും വിജയിക്കുന്നവരാണ് കാലാന്തരത്തില്‍ പുരോഹിതരായി തീരേണ്ടത്. സ്നേഹം, സാഹോദര്യം എന്നിവയ്ക്കെല്ലാം രണ്ടു വശങ്ങള് ഉണ്ടെന്നും നാമേതു തലത്തില്‍ അതിനെ സ്വീകരിക്കുന്നു എന്നുള്ളതാണ് പ്രധാനമെന്നും നോവല്‍ വ്യക്തമാക്കുന്നു.
ഓസ്ട്രേലിയയില്‍ ഉപരി പഠനത്തിനായി എത്തിയ ഉറ്റസുഹൃത്ത് അന്നയും കളിക്കൂട്ടുകാരിയായ രശ്മിയുമെല്ലാം സ്നേഹത്താല്‍ റോബിനെ ചേര്‍ത്തു നിര്ത്തിയെങ്കില്ലും അതിനപ്പുറമായ മാനം ഒരു ഘട്ടത്തിലുണ്ടാകാമായിരുന്ന സാഹചര്യത്തെ വിശ്വാസത്താലും പ്രാര്ഥനയാലുമാണ് അതിജീവിക്കുന്നത്.
തേനിയിലെ പ്രാക്ടിക്കല്‍ കാലത്ത് ഉണ്ടായതായ സംഭവങ്ങളും കൊടിയ മര്‍ദ്ദനങ്ങളും ആക്രമണ സംഭവങ്ങളും ജീവിതത്തെയും നിയോഗത്തെയും മുറുക്കെപിടിക്കുവാന് കഥാനായകനെ കൂടുതല്‍ പ്രാപ്തമാക്കുകയാണ് ചെയ്തത്.
കാലിടറിയിട്ടും വീണുപോകാത്ത ജീവിതാനുഭവങ്ങള്‍ പില്കാലത്ത് ഫാ. റോബിന് മേലെവീട്ടിലേക്കുള്ള യാത്രയെ രാകി മിനുക്കി. ചഞ്ചലപ്പെടുക എന്ന വാക്കിന് ക്ലീഷേ അര്‍ഥങ്ങള്‍ മാത്രം എഴുതിചേര്‍ക്കുന്ന ഇന്നിന്റെ ലോകത്ത് ഓടാമ്പലുള്ള ഇഷ്ടങ്ങളിലൂടെ പുതിയ അര്ഥത്തലങ്ങളും അനുഭവസാക്ഷ്യങ്ങളും രചയിതാക്കള്‍ വരച്ചിടുകയാണ്.
പരീക്ഷയും പരീക്ഷണവും ഇക്കാലത്ത് അതിജീവിച്ചാലേ നില്‍നില്‍പ്പ് എന്നതുള്ളു. നിയോഗവഴിയെ അതിന് കനമേറുമെങ്കിലും വിളിച്ചവന് വിശ്വസ്തനെന്ന പോലെ പരിചയാക്കി മാറ്റികൊണ്ട് യാത്ര തുടരാമെന്ന് നോവല്‍ പറഞ്ഞുവെക്കുന്നു.
2. സാമൂഹികപാരിസ്ഥിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഇതിവൃത്തം
ഓടാമ്പലുള്ള ഇഷ്ടങ്ങളില്‍ ക്രൈസതവീയത പോലെ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റ് രണ്ട് മേഖലകളാണ് സാമൂഹികപാരിസ്ഥിതിക വിഷയങ്ങള്‍. ഓരോ കഥാപാത്രങ്ങള്‍ക്കും ഇണങ്ങുന്നതും പൊതുവില്‍ ഉചിതമെന്ന് അംഗീകരിക്കപ്പെടുന്നതുമായ ഇതിവൃത്തം നല്‍കാനായതാണ് നോവലിന്റെ മറ്റൊരു വിജയം.
സ്വന്തം മകളെ ഉപേക്ഷിച്ച് തലയ്ക്കു പിടിച്ച വിപ്ലാവാശയങ്ങളെ പിന്‍പ്പറ്റി മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാകുന്ന അമ്മയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രണ്ട് ചേരികളിലാക്കപ്പെട്ട തമിഴ് മലയാള ജനതയും ഇന്നിന്റെ നേര്‍ചിത്രമാണ്.
വെള്ളത്തെ ചൊല്ലി കലഹിക്കുന്ന ഒരു കാലത്തെ, അത് ഇക്കാലമെന്നോണെം വളരെ മനേഹരമായി പുസ്തകത്തില്‍ വരച്ചിടുന്നു. കേവലം വെള്ളത്തിന്റെ പ്രശ്നമായി പുറമെ വിലയിരുത്തുന്ന ജലബോംബെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുല്ലപ്പെരിയാര്‍ ഇന്നും മലയോര മക്കളുടെ നെഞ്ചിലെ അണയാത്ത തീയാണ്.
ലാഭ നഷ്ട കണക്കുകള്‍ക്ക് അപ്പുറമായി പരിഹരിക്കപ്പെടേണ്ട വിഷയം തര്‍ക്കമായി ഇന്നും തുടരുകയാണ്. മിഷനറിമാര്‍ക്കും പുരോഹിത സമൂഹത്തിനും നേരെ മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന ആക്രമണ സംഭവങ്ങളും നോവലില്‍ സൂചിപ്പിക്കുന്നു.
തേനിയിലെ വിദ്യാര്‍ഥി യൗവന സമൂഹത്തിന് പ്രയോജനപ്പെടുന്നതിനായി രൂപതയുടെ നേതൃത്വത്തില്‍ ആരംഭിച്ച കമ്പ്യൂട്ടര്‍ സെന്ററിന്റെ പേരില്‍ ഒരു വിഭാഗമാളുകള്‍ ഉയര്‍ത്തിയ കലാപക്കൊടി നീങ്ങിയത് മറ്റ തലങ്ങളിലേക്ക് കൂടിയാണ്.
പരസ്യമായ മല്‍പ്പിടുത്തത്തിലേക്ക് ആക്രമണത്തിലേക്കും അതും വഴിവെക്കുന്നതായും നുമക്ക് കാണാം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോര ജഡനത അനുഭവിച്ചത് കൊടിയ പീഡനങ്ങളാണെന്ന് ചരിത്രം പറയുന്നു.
ഭൂമാഫിയയെ സഹായിക്കാനായി തയ്യറാക്കിയ റിപ്പോര്‍ട്ടെന്ന് ആക്ഷേപം നിലനില്‍ക്കെ റോബിന്റെ വീട് ഇത്തരം സംഘങ്ങള്‍ കയ്യേറിയതായും മേഖലയിലെ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന്റെ പേരില്‍ നിസാരതുക നല്കി കൈക്കലാക്കിയ സംഭവങ്ങളും മുറിവേറ്റ മലയോര മനുഷ്യരുടെ നേര്‍ചിത്രമാണ് പകരുന്നത്.
എല്ലാം നഷ്ടപ്പെട്ടവനായി പടിയിറങ്ങേണ്ടി വരുമെന്ന് തോന്നിയപ്പോള്‍ സംഘടിച്ച് നടത്തിയ അചഞ്ചല പോരാട്ടങ്ങള്‍ കേരളത്തിന്റെ ചരിത്രം കൂടിയാണെന്ന് ഒരിക്കല്‍ കൂടി ഈ പുസ്തകം ഓര്‍മിപ്പിക്കുന്നു.
3. കഥാപാത്രങ്ങളാല്‍ സമ്പന്നം
ഈ നോവല്‍ കഥാപാത്രങ്ങളാല്‍ സമ്പന്നമാണ്. വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ട്. സ്നേഹനിധിയായ അമ്മയും അപ്പനും അന്നയും രശ്മിയും പ്രവീണും നീതുവുമൊക്കെയാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
പ്രകടമായ സ്നഹവും സാഹോദര്യവുമാണ് ഇവരുടെയെല്ലാം പുറംചട്ട. പരസ്പരം സംസാരിച്ചും സ്നേഹിച്ചുമൊക്കെയായി കഥ മുന്നോട്ട് പോകുന്നു. കഥാനായകനായ ഫാ. റോബിനെ സഹായിക്കുന്നവരെക്കാളേറെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നവരാണ് ഇതിലേറെയും.
വീണുപോകാതെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തരാക്കുന്നതാകട്ടെ വളരെ കുറച്ചാളുകളും. എന്നാല്‍ വായനക്കാരന് എന്നുള്ള നിലയില്‍ വ്യക്തിപരമായി ഏറെ ഇഷ്ടമായത് റോബിന്റെ പ്രാക്ടിക്കല്‍ കാലത്തെ ഗൈഡായിരുന്ന ശൗര്യാര് അച്ചനെയാണ്.
പുറമെ സ്നേഹം പ്രകടിപ്പിക്കാനറിയാതെ ചിരിക്കാനാറിയാതെ ഒറ്റ നേട്ടത്തില്‍ പാറപോലെ തോന്നുന്ന ഒരു കഥാപാത്രം. എപ്പോഴും ജോലി ചെയ്യാനുത്തരവിടുകയും കനംകൂട്ടി ശബ്ദിക്കുകയും വാക്കുകളില്‍ ദേഷ്യം മാത്രം മുഴച്ചു നില്‍ക്കുകയും ചെയ്യുന്ന ഒരാള്‍.
അത്തരമൊരാളോടൊപ്പമുള്ള വര്‍ഷങ്ങളുടെ സഹവാസം എങ്ങനെയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! വേദനിക്കലും വേദനിപ്പിക്കിലും വേണമീ സ്നേഹബന്ധങ്ങളൂഴിയില്‍ എന്ന കവി വാക്യം പോലെ ഇവരെയെല്ലാം ചേര്‍ത്തു നിര്‍ത്തിയാണ് നോവല്‍ മുന്പോട്ട് നീങ്ങുന്നത്.
ശൗര്യര് അച്ചന്റെ സ്നേഹം പ്രകടമല്ല. അത് ഉള്ളില്‍ മാത്രം ഒതുങ്ങി കൂടിയിരിക്കുകയാണ്. എന്നാല്‍ ജീവിതത്തിലെ ഏറ്റവും അപചയം നിറഞ്ഞ സമയത്ത് ആരുമില്ലാതിരുന്ന സമയത്ത് ചേര്‍ത്തു നിര്‍ത്തുന്നതും ആ സ്നേഹമാണ്.
ആക്രമിക്കാനും തലയെടുക്കാനും വന്നവരുടെ മുന്പില് നെഞ്ചുംവിരിച്ച് കവചമൊരുക്കിയതും ഇതേ സ്നേഹം തന്നെ. അതിനാല്‍ സ്നേഹത്തിന്റെ വിവിധ തലങ്ങളും ഭാവങ്ങളും ഈ നോവലിലുണ്ട്.
പ്രകടന വസ്തുവായി പുറംചട്ടയായി അതിനെ ധരിക്കുന്നവരും ഉള്ളിന്റെയുള്ളില്‍ ആത്മാര്‍ഥയോടെ ഒതുക്കിവച്ചവരും നമുക്കിടയിലുണ്ടെന്നും നോവല്‍ പറഞ്ഞുവയ്ക്കുന്നു.