ജന്മദിനം
Sunday, August 11, 2024 3:09 PM IST
ജീവിതമാം പുസ്തകത്തീ
ന്നൊരേടുകൂടി മടങ്ങിടുമ്പോൾ,
ഓർത്തു വെയ്ക്കാനുണ്ടൊത്തിരി ;
ജന്മം തന്ന പിതൃക്കളെ,
സ്വന്തക്കാർ ബന്ധക്കാർ,
ഗുരുക്കന്മാരേവരും,
കൂടെ പഠിച്ചവർ,
ആജീവനാന്ത സുഹൃത്തുക്കൾ.
നേരായ മാർഗ്ഗേ ചരിക്കാൻ
നയിച്ചൊരാചാര്യന്മാർ.
കയ്പുനീരേറെക്കോരി
കുടിപ്പിച്ചൊരു കൂട്ടരും !!
ഇടറുന്ന ചുവടുകൾക്കാലംബമായവർ,
അത്താണിയായവരത്രയും!
സാന്ത്വന വാക്കോതി
തോളോട് തോൾ ചേർന്നു നിന്നവർ,
ജീവിത ചുഴിയിൽ ഉലയുമാ പായ് വഞ്ചിയിൽ
അമരത്തു കൈത്താങ്ങായ്
കൂടെ നിന്നൊരാ കളത്രവും!
സർവ്വവും കൈവിട്ടുപോയനാൾ
അദൃശ്യമാം കരങ്ങളാൽ കൈപിടിച്ച ദൈവവും!!
എന്റേതായൊന്നുമില്ലീമന്നിൽ,
പക്ഷെ, എല്ലാരുമുണ്ടെന്നൊരാത്മബല
മേകുന്നുയീ ആയുസ്സുള്ള കാലം..!!
ജോയ് നെടിയാലിമോളേൽ