വെറും തോന്നൽ
വെറും തോന്നൽ
ഒറ്റക്കിരിക്കുവാനാവില്ലെനിക്കെന്ന നേരിന്‍റെ മഷിമുക്കിയെഴുതട്ടെ ഞാൻ!
ഓടിയൊളിക്കാനിടം തേടിയപ്പോഴും കൂടെയുണ്ടായിരുന്നാരൊക്കെയോ..!

ഒറ്റയാണെന്നൊരാ തോന്നലിൻ തമസ്സിലും കണ്ടു ഞാൻ പൂനിലാചന്ദ്രികയെ!
ഒറ്റക്കിരുന്നു ഞാനുണ്ണാനൊരുമ്പെട്ടു ചോറിലുണ്ടായിരുന്നരി വെച്ചവർ!

ഒറ്റയ്ക്കുറങ്ങാൻ കിടന്നു ഞാനെങ്കിലും കെട്ടിപ്പുണർന്നെന്‍റെ സ്വപ്നതോഴർ!
ഓടിവന്നെപ്പോഴും ഉമ്മ തരാതെയാ കാറ്റിരുന്നിട്ടില്ലയിന്നേവരെ!

ഒറ്റയ്ക്കു നടകൊണ്ട കാട്ടുപാതയിലുമെൻ കൂട്ടിനേതോ കിളി പാട്ടുപാടി!

ഒറ്റയ്ക്കിരുന്നീ വരികുറിക്കുമ്പോഴും ചാറിച്ചിണുങ്ങുന്നിതോർമമഴ!

ഒറ്റയ്ക്കുതിർന്നോരാ മിഴിനീരിനെപ്പോലും വാരിപ്പുണർന്നിതാ തലയിണ!
ഒടുവിലെൻ യാത്രയും ഒറ്റയ്ക്കാവില്ലന്നേ ഒരുപാടു നന്മകൾ കൂടെയുണ്ടാം!

ഒറ്റമരംപോലും കാടായി മാറിടാം!
ഒറ്റവരിപോലും കവിതയാകാം!

ഓർക്കുകിൽ ആരൊറ്റ?
ഓർക്കുകിൽ ആരൊറ്റ?
തോന്നലാണതുവെറും തോന്നൽ മാത്രം!

ജോ ചെഞ്ചേരി

useful_links
story
article
poem
Book