പ്രവാസ സാഹിത്യത്തിലെ അക്ഷരമുന്നേറ്റങ്ങൾ
പ്രശസ്ത പ്രവാസി സാഹിത്യകാരനും ലോക റിക്കാർഡ് ജേതാവ് (യുആർഎഫ്) കാരൂർ സോമനുമായി എഴുത്തുകാരൻ അഡ്വ.പാവുമ്പ സഹദേവൻ നടത്തിയ അഭിമുഖത്തിൽ നിന്ന്
1. താങ്കളുടെ കലാപ്രപഞ്ചം ആരംഭിക്കുന്നത് ഹൈസ്കൂൾ പഠനകാലം മുതലെന്നറിയാം. ആരാണ് ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തിയത്?
* എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പണ്ഡിത കവി കെ.കെ.പണിക്കർ സാർ ചാരുംമൂടിന് തെക്ക് ഗുരുമന്ദിരത്തിൽ മലയാളം വിദ്വാൻ പഠിപ്പിച്ചത്. ഞാൻ പൊട്ട കവിതകൾ എഴുതി അദ്ദേഹത്തെ കാണിക്കുമായിരിന്നു.
അദ്ദേഹം വെട്ടിയും തിരുത്തിയും തരും. അത് ബാലരമയ്ക്ക് അയക്കും.അതിൽ വരുമ്പോൾ സ്വയം വലിയ എഴുത്തുകാരനായി പൊങ്ങി നടക്കും. അദ്ദേഹമാണ് എന്നെ വ്യർത്തം, അലങ്കാരമൊക്കെ പഠിപ്പിച്ചത്.
പിന്നീട് റേഡിയോ നാടകങ്ങൾ എഴുതി. നാല് റേഡിയോ നാടകങ്ങൾ തിരുവനന്തപുരം, തൃശൂർ റേഡിയോ നിലയങ്ങൾ പ്രക്ഷേപണം ചെയ്തു. ഇതെല്ലാം എന്റെ ആത്മകഥ "കഥാകാരന്റെ കനൽ വഴികൾ' (പ്രഭാത് ബുക്ക്, പേജ് 35) എന്റെ വഴികാട്ടിയായ ഗുരുനാഥനെ രേഖപ്പെടുത്തിയിട്ടുണ്ട്.
മലയാള മനോരമയുടെ കേരള യുവസാഹിത്യ സംഖ്യം കെ.പി.കേശവമേനോൻ, തിരുനല്ലൂർ കരുണാകരൻ, ഡോ.കെ.എം.ജോർജ്, കാക്കനാടൻ അങ്ങനെ പല പ്രമുഖരുണ്ട്. അതിൽ രണ്ടുപേരാണ് തകഴി ശിവശങ്കരപ്പിള്ള, തോപ്പിൽ ഭാസി.
1990ൽ എന്റെ ആദ്യ നോവൽ "കണ്ണീർപ്പൂക്കൾ' അവതാരിക എഴുതിയത് തകഴിയാണ് (എസ്.പി.സി. എസ്/എൻ.ബി.എസ്) 1996ൽ ഗൾഫിൽ നിന്നുള്ള മലയാളത്തിലെ ആദ്യ സംഗീത നാടകം "കടലിനക്കരെ എംബസി സ്കൂൾ' അവതാരിക എഴുതിയത് തോപ്പിൽ ഭാസിയാണ് (അസെൻഡ് ബുക്ക്സ്).
2. സാഹിത്യത്തെ കാണുന്നത് ഗൗരവമായിട്ടാണോ? താങ്കളുടെ മുഖം വളരെ ഗൗരവത്തിലാണല്ലോ? ഇത്ര ഗൗരവമുള്ള വ്യക്തി സാഹിത്യത്തിൽ സൗന്ദര്യം കണ്ടെത്തുന്നത് എങ്ങനെയാണ്?
* സാഹിത്യം സുഗന്ധം പരത്തുന്ന ഒരു പൂവ് പോലെയാണ്. ദുർഗ്ഗന്ധം വമിക്കുന്ന ജീവിതാനുഭവങ്ങ ളിൽ നിന്നാണ് നല്ല രചനകൾ രൂപപ്പെടുന്നത്. ലോക സാഹിത്യം വിപ്ലവം സൃഷ്ടിച്ചത് അങ്ങനെയാണ്.
വെല്ലുവി ളികൾ ഏറ്റെടുക്കുന്നവരാണ് നല്ല സാഹിത്യ പ്രതിഭകൾ. അവർ ഗൗരവത്തോടെ വിഷയങ്ങളെ സമീപിക്കുന്നു. സ്വർണ്ണം കുഴിച്ചെടുക്കുന്നതുപോലെ സാഹിത്യ പ്രതിഭകൾ ജീവിതത്തെ ആഴത്തിൽ കണ്ടെത്തി സൗന്ദര്യം കണ്ടെത്തുന്നു.
വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ ഗൗരവക്കാരനായിരിന്നു. വെള്ളിത്തിരയിൽ അദ്ദേഹം ജനങ്ങളെ ചിരിപ്പിച്ചു. കേരളത്തിൽ പൊൻകുന്നം വർക്കിയടക്കം പലരും ഗൗരവക്കാരയിരുന്നു.
3. പന്ത്രണ്ട് രംഗങ്ങളിൽ താങ്കളുടെ 68 പുസ്തകങ്ങളുണ്ട്. ഇംഗ്ലീഷ് നോവൽ, കഥ ഒഴിച്ചുനിർത്തി യാൽ 1985മുതലുള്ള ഈ പുസ്തകങ്ങൾ 'ക' എന്ന അക്ഷരമാലയിൽ തുടങ്ങാനുള്ള കാരണമെന്താണ്?
* ഇത് പലരും ചോദിക്കുന്ന ചോദ്യമാണ്. ലോക സാഹിത്യത്തിലാരും ഇങ്ങനെ എഴുതി കാണില്ല. ആദ്യ സംഗീത നാടകം 1985ൽ "കടൽക്കര' (വിദ്യാർഥിമിത്രം, അവതാരിക ശ്രീമൂലനഗരം വിജയൻ) തുടങ്ങി 2023ൽ ഇറങ്ങിയ "കാറ്റിൽ പറക്കുന്ന പന്തുകൾ'(സ്പെയിൻ യാത്രാവിവരണംപ്രഭാത് ബുക്ക്/കെ.പി.ആമസോൺ പബ്ലിക്കേഷൻ) അവതാരിക സി.രാധാകൃഷ്ണൻ).
2024ൽ ഇറങ്ങിയ "കാർപ്പത്തിയൻ പർവ്വതനിരകൾ'(റൊമാനിയ) അടക്കം "ക' എന്ന ആദ്യാക്ഷരത്തിലാണ് തുടക്കം. എന്റെ വീട്ടു പേരിന്റെ ആദ്യ അക്ഷരമാണ് 'ക'. ആദ്യം നന്ദി രേഖപ്പെടുത്തേണ്ടത് കുടുംബത്തിനാണ്.
4. ഇന്ന് സാഹിത്യത്തിന്റെ രൂപത്തിലും ഭാവത്തിലും ധാരാളം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാ ണല്ലോ? എങ്ങനെ കാണുന്നു?
* ജീവിത യാഥാർഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് സാഹിത്യ സൃഷ്ടികൾ. സാമൂഹ്യ രംഗത്ത് ഭീകരതകൾ നടമാടുമ്പോൾ എഴുത്തുകാർ വിറങ്ങലിച്ചും ഭയന്നും നിൽക്കുന്നത് കാണാറുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാർ കുറഞ്ഞുകൊണ്ടിരിക്കുന്നു. അധികാരികൾ നൽകുന്ന പദവി, പുരസ്ക്കാരത്തിലാണ് എല്ലാ വരുടെയും ശ്രദ്ധ. കവിതകളെടുത്താൽ പലരും വിളയാടുന്നത് സോഷ്യൽ മീഡിയയിലാണ്.
അവരുടെ ഗുരു ക്കന്മാരും സോഷ്യൽ മീഡിയകളാണ്. അവിടെ ധാരാളം സ്തുതിപാഠകരെ കിട്ടും. ഒരിക്കൽ സുഗതകുമാരി ടീച്ചറുമായി സംസാരിച്ചു. ഞാൻ ചോദിച്ചു. ടീച്ചർ ഇപ്പോൾ കവിതകൾ എഴുതുന്നില്ലേ? എനിക്ക് കിട്ടിയ ഉത്തരം.
'അയ്യോ മുക്കിലും മൂലയിലും ബെല്ലും ബ്രേക്കുമില്ലാത്ത കവികളാണ്. അങ്ങോട്ട് പോകാൻ ഭയമാണ്'. ഇത് പത്രത്താളുകളിലും വന്നിരിന്നു. കവിതകളുടെ കാല്പനിക ബോധമില്ലാത്ത പലരും കവികളാണ്. കവിത യിൽ മാത്രമല്ല പലതിലും കാവ്യദോഷമുണ്ട്.
5. പ്രവാസ സാഹിത്യത്തിൽ പലരും കാശ് കൊടുത്തു് എഴുതിക്കുന്നവരെന്ന് കേൾക്കുന്നത് ശരി യാണോ?
* കൈരളി സാഹിത്യ ജാലകത്തിൽ 2008ലെ അഭിമുഖത്തിൽ ഡോ.മിനി നായർ ചോദിച്ച ചോദ്യമാ ണിത്. ആ ഉത്തരമാണ് ഇന്നും പറയാനുള്ളത് കാശുണ്ടെങ്കിൽ എഴുത്തുകാരനുമാകാം.
എന്ന് കരുതി എല്ലാ വരും അത്തരക്കാരല്ല. സർഗ്ഗധനരായ എഴുത്തുകാരുമുണ്ട്. ഇൻഫൊർമേറ്റീവ്/വൈഞ്ജാനിക ഗ്രന്ഥങ്ങൾ പുറത്തിറക്കുന്നവരെ ഈ ഗണത്തിൽപ്പെടുത്തരുത്.
6. താങ്കൾ 2005ൽ യൂറോപ്പിൽ നിന്ന് ആദ്യത്തെ മലയാളം മാസിക 'പ്രവാസി മലയാളം' കാക്കനാടൻ ചീഫ് എഡിറ്ററായി പ്രസിദ്ധികരിച്ചത് അറിയാം. ഇപ്പോൾ നടത്തുന്ന ലിമ വേൾഡ് ലൈബ്രറി, കെ.പി. ആമ സോൺ പബ്ലിക്കേഷൻ എങ്ങനെ പോകുന്നു?
* ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ ലോകമെങ്ങുമുള്ള എഴുത്തുകാരുടെ കൂട്ടായ്മ യാണ്. മലയാളം ഇംഗ്ലീഷ് പ്രസിദ്ധീകരിക്കുന്നു വിദേശത്തുള്ള സാഹിത്യ ഓൺലൈൻ ആണ്.
ഇതിന്റെ ഉപദേശകർ സി.രാധാകൃഷ്ണൻ, ഡോ.ജോർജ് ഓണക്കൂർ, സബ് എഡിറ്റർ ഡോ.സുനിത ഗണേഷ് ആണ്. കെ.പി.ആമസോൺ പബ്ലിക്കേഷൻ മന്ദഗതിയിൽ പോകുന്നു. ലിമ വേൾഡ് ലൈബ്രറിക്ക് ഒരു സാഹിത്യ ഗ്രൂപ്പുണ്ട്.
എഴുത്തുകാരായ മിനി സുരേഷ്, മോഹൻദാസ് മുട്ടമ്പലം, ഗോപൻ അമ്പാട്ട്, ജോൺസൻ ഇരിങ്ങോൾ അതിനെ നയിക്കുന്നു. ലോകമെങ്ങുമുള്ള വായനക്കാരിൽ നിന്ന് നല്ല സഹകരണം ലഭിക്കുന്നു.
7. താങ്കളുടെ കഥ "അബു' സിനിമയായല്ലോ. ഏതെങ്കിലും നോവൽ, കഥ സിനിമയോ ടെലിഫിലിം ആകുമോ?
* നോവൽ "കന്യാസ്ത്രീകാർമേൽ' ക്രൈം നോവൽ 'കാര്യസ്ഥൻ' ചർച്ചകൾ നടക്കുന്നു. കഥകൾ പലതും ടെലിഫിലിം ആയിട്ടുണ്ട്.എന്റെ സാഹിത്യ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്ററിയും യൂട്യൂബിലുണ്ട്.
8. താങ്കളുടെ അക്ഷര ലോകത്തെപ്പറ്റി ഡോ.മുഞ്ഞിനാട് പത്മകുമാർ ഒരു പഠന ഗ്രന്ഥം "കാലത്തിന്റെ എഴുത്തുകൾ' പുറത്തുവന്നല്ലോ. എന്താണ് അതിനുള്ള പ്രതികരണം?
* പ്രവാസ സാഹിത്യത്തിൽ നിന്ന് ആദ്യമായിട്ടാണ് ഭാഷ സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ഒരു പഠന ഗ്രന്ഥം പുറത്തുവരുന്നത്. പല പ്രമുഖ എഴുത്തുകാർ അഭിപ്രായപ്പെട്ടത് സാഹിത്യ രംഗത്തുള്ളവർ വായിച്ചിരി ക്കേണ്ട കൃതിയെന്നാണ്.
ഇത് ലിമ വേൾഡ് ലൈബ്രറി, അമേരിക്കയിലെ ഈ മലയാളി, യൂറോപ്പിലെ യുക്മ ന്യൂസ്, ഓസ്ട്രേലിയയിലെ മലയാളി പത്രമടക്കം പരമ്പരയായി കൊടുത്തിട്ടുണ്ട്.
9. ധാരാളം യാത്രാവിവരണങ്ങൾ ഓസ്ട്രിയ, കടലിനക്കരെയിക്കരെ (യൂറോപ്പ്), ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ്, ആഫ്രിക്കയടക്കം മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപത്തിനാല് നോവലു കൾ ഇംഗ്ലീഷ് അടക്കമെഴുതി.
10. ഇപ്പോൾ എഴുതുന്ന പുസ്തകം ഏതാണ്? പുറത്ത് വരാനിരിക്കുന്നത് ഏതൊക്കെ?
* ഇപ്പോൾ എഴുതുന്നത് മാസിഡോണിയയുടെ യാത്രാവിവരണം "കാലമുണർത്തിയ രാജസിംഹങ്ങൾ' അച്ചടിയിലുള്ളത് 'ചിലന്തി വലകൾ' എന്ന കഥാസമാഹാരമാണ്.
11. താങ്കൾ 67 രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. അടുത്ത കാലത്തു ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു?
* ഏഥൻസ്, റൊമാനിയ, സ്വിറ്റ്സർലൻഡ്, മാസിഡോണിയ, ബൾഗേറിയയാണ്.
12. ഇന്നത്തെ പ്രവാസ സാഹിത്യത്തിന്റെ വിശദ ചിത്രം എന്താണ്? എന്താണ് പുതിയ എഴുത്തുകാരോട് പറയാനുള്ളത്?
* ചില അഭിനവ എഴുത്തുകാർ വിലപിടിപ്പുള്ള സമ്മാനപ്പൊതികൾ, രാഷ്ട്രീയ ഇടപെടലുകൾ നടത്തി യാണ് പുസ്തകങ്ങൾ പുറത്തിറക്കുന്നത്. കേരളത്തിൽ നിന്ന് കണ്ടുപഠിച്ചതാകാം.
സാഹിത്യ പ്രവർത്തക സഹകരണ സംഘമടക്കമുള്ള സർക്കാർ പ്രസിദ്ധീകരണങ്ങളിൽ ഇതൊക്കെ സംഭവിക്കുന്നു. ഒരാളുടെ യോഗ്യ തയേക്കാൾ പദവി, പുരസ്ക്കാരങ്ങളിൽ രാഷ്ട്രീയ നിറമാണ് പ്രധാനം.
ഇതൊന്നും സാംസ്കാരിക പുരോഗ തിയല്ല. അധോഗതിയാണ്. വായന ശീലം വളർത്തുകയല്ല ഈ കൂട്ടരുടെ ലക്ഷ്യം. പട്ടിണി, ദാരിദ്ര്യം, ജാതിമതം, അഴിമതി വളർത്തി എങ്ങനെ വളരാമെന്നുള്ള ചിന്തയാണ്. പാശ്ചാത്യർ വായനയിലാണ് വളരുന്നത്.
ചുരുക്കം ചിലർ പ്രവാസ സാഹിത്യത്തിൽ ഇംഗ്ലീഷ്, മലയാളം എഴുതി പ്രകാശം പരത്തുന്നുണ്ട്. ആ പ്രകാശ രശ്മി പല പ്പോഴും മങ്ങിപ്പോകുന്നതിന്റെ കാരണം കേരളത്തിൽ നിന്ന് വേണ്ടുന്ന പരിഗണനയില്ല.
അഥവാ പരിഗണനാ പരിശോധനയുണ്ടെങ്കിൽ കൊടിയുടെ നിറമല്ല നോക്കേണ്ടത് അവരുടെ സംഭാവനകളാണ്. എന്റെ ഇംഗ്ലീഷ് നോവൽ Malabar A Flame, The Dove and Devils ആമസോൺ ബെസ്റ്റ് സെല്ലറിൽ വന്നു.
Malabar A Flame നോവലിനെപ്പറ്റി വേൾഡ് ജേർണലിൽ നല്ലൊരു പ്രതികരണമെഴുതി കണ്ടു. ആരും തിരിഞ്ഞുനോക്കിയില്ല. ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം "കടലിനക്കരെ എംബസി സ്കൂൾ' ഞാനെഴുതി. സാഹിത്യ രംഗത്ത് എത്രപേർക്കറിയാം?
യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാളം നോവൽ 'കാൽപ്പാടുകൾ' (പൂർണ്ണ പബ്ലി ക്കേഷൻ) ഞാനെഴുതി. എത്ര പേർക്കറിയാം? പ്രവാസി എഴുത്തുകാരോടുള്ള ചിറ്റമ്മ നയം, അവഗണന കേരളം ഇന്നും തുടരുന്നു.
പാശ്ചാത്യരെപോലെ എഴുത്തുകാർ നല്ല വായനാശീലം വളർത്തി വളരണം. പലരും ഇന്ന് എഴുത്തിൽ പേരെടുക്കുന്നതിനേക്കാൾ നിലവാരമില്ലത്ത പുരസ്ക്കാരങ്ങൾ വാങ്ങി പേരും പ്രശസ്തിയും എങ്ങനെ പെരുപ്പിച്ചുകാണിക്കാമെന്ന ഓട്ടത്തിലാണ്.
ഈ കൂട്ടരെ പുകഴ്ത്തി കാണിക്കാൻ സോഷ്യൽ മീഡിയ, കച്ചവട ഓൺലൈൻ ധാരാളമുണ്ട്. അത് സാഹിത്യ വളർച്ചയല്ല. ആരും കടലാസ് പുലികൾ ആകാതിരിക്കട്ടെ.