കൃഷി മന്ത്രി: വെളിച്ചം വിതറുന്ന കൃതി
ജീവൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരൻ കാരൂർ സോമൻ, ചാരുംമൂടിന്റെ “കൃഷിമന്ത്രി” മണ്ണിന്റെ താളമറിയുന്ന ഒരു സ്കൂൾ വിദ്യാർഥി കരുണിന്റെ ജീവിതകഥയാണ്. കൃഷിയെ സ്നേഹിക്കുന്ന താമരക്കുളം സ്കൂളിലെ ഒരു സ്കൂൾ കുട്ടിയുടെ കഥ ഒരു കുസൃതി കണ്ണോടെയാണ് ഞാൻ വായിച്ചു തുടങ്ങിയത്.
പച്ചക്കറി സസ്യങ്ങളെ ഹൃദയത്തോടെ ചേർത്ത് ലാളിക്കുന്ന കുട്ടിയിലൂടെ മഹത്തായ ഒരു സന്ദേശമാണ് കൃതി നൽകുന്നത്. സ്കൂളിൽ ആരംഭിച്ച കൃഷി, വീടുകളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പടർന്നു പന്തലിക്കുന്നത് കണ്ട് അവനെ നാട്ടുകാർ കൃഷിമന്ത്രിയെന്ന് വിളിച്ചു.
അവനെ സംബന്ധിച്ച് കൃഷിഭൂമി ഐശ്വര്യത്തിന്റെ, വർണ്ണശബളിമയുടെ ഒരു ഉദ്യാനമാണ്. കൊയ്ത്തു കഴിഞ്ഞ പാടത്ത് നിന്ന് പച്ചക്കറി സസ്യങ്ങൾക്ക് വെള്ളം തളിച്ചുകൊടുത്തിട്ട് അവസാനത്തെ വയൽക്കിളിയും പോയിട്ടാണ് അവൻ വീട്ടിലേക്ക് മടങ്ങുക.
കാരൂരിന്റെ കേരള ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ച “കിളിക്കൊഞ്ചൽ” ബാല നോവലിൽ ഒരു തത്തയും ചാർളി എന്ന കുട്ടിയുമായിരുന്നെങ്കിൽ ഇവിടെ കരുണിനൊപ്പം സഞ്ചരിക്കുന്നത് കണ്ണൻ എന്ന നായ് ആണ്.
കരുണിനെ ഉപദ്രവിക്കാൻ വരുന്നവരെ കണ്ണനാണ് നേരിടുന്നത്. ഈ നോവലിൽ ധാരാളം നാടകീയ സംഭവങ്ങൾ നടക്കുന്നുണ്ട്. അതിൽ അന്ന എന്ന കളികൂട്ടുകാരിയുടെ ഗാന മത്സരത്തിലെ പാട്ടും പാതിരാക്കുളിരുപോലെ തോന്നി.
“അകലെ ഇളം മഞ്ഞിൻ കുളിരുമായി
പുലരിപോലൊരു പെണ്കിളി
മിഴിയിൽ മഴവില്ല് തെളിഞ്ഞു
മഴപക്ഷിപോലെ ചിറകടിച്ചു (അകലെ)
കഥയറിയാതെ മിഴിറിയാതെ
മധുരം പകരാനൊരു മോഹം
കഴുത്തിലണിയാൻ മുത്തുപൊലൊരു
മാല താലിമാല..താലിമാല (അകലെ)
നമുക്ക് പാർക്കാൻ മണിമാളിക
അതിൽ നിറയെ പൂങ്കുലകൾ
പാറി പറക്കുന്ന കരിവണ്ടുകൾ
മാറോടണക്കാൻ വരുമോ കിളിയേ” (അകലെ)
കരുണിന്റെ വളർച്ച അധികാരമുള്ള കൃഷിമന്ത്രിയിലേക്കായിരുന്നു. ഒരു കൃഷിമന്ത്രി എങ്ങനെ ജന്മമെടുക്കുന്നുവെന്ന് പാടത്തും പറന്പത്തും കൃഷി ചെയ്യുന്ന ഒരു വിദ്യാർഥിയിൽ നിന്ന് നമ്മൾ പഠിക്കണമെന്ന് ബോധമനസിലുണ്ടായിരുന്നതു കൊണ്ടാണ് ഞാൻ നമ്മുടെ കൃഷി മന്ത്രി പി.പ്രസാദിനെ കണ്ടപ്പോൾ ഈ പുസ്തകം കൊടുത്തത്.
കുട്ടികളിൽ വെളിച്ചം വിതറുന്ന പ്രത്യാശ നിറഞ്ഞ, ഇതുപോലെയുള്ള കൃതികൾ ഇരുളിൽ പ്രകാശം പരത്തുന്ന വിളക്കുപോലെയാണ്.
ഡോ.ഒ. ജയലക്ഷ്മി
ഓംകാർ ആയൂർവേദിക്ക് ഹോസ്പിറ്റൽ, മാന്നാർ.