"കാരൂര്‍ സോമന് കാലത്തിന്റെ കഥാകാരന്'
ഞാന്‍ ഒന്നു രണ്ടു മാസങ്ങള്‍ക്കു മുന്‍പ് "ലോക സഞ്ചാരിയായ കാരൂര്‍' എന്ന പേരില്‍ ഒരു ലേഖനം എഴുതിയിരുന്നു. അത് ദീപികയിലും ലിമയിലും മറ്റു ചില ഓണ്‍ലൈനുകളിലും വരികയുണ്ടായി.
എന്നാല്‍ "കാരൂര്‍ സോമന് കാലത്തിന്റെ കഥാകാരന്' എന്ന ഈ ഡോക്യുമെന്ററി കണ്ടപ്പോള്‍ ഞാന്‍ എഴുതിയ ലേഖനം നിഷ്പ്രഭമായോ എന്ന് സംശയിച്ചു പോകുന്നു.
എന്തായാലും ഡോക്യുമെന്ററിയെക്കുറിച്ച് അല്പം ചിലത്:
കാരൂര്‍ സോമന്റെ ഒരു മണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കാലത്തിന്റെ കഥാകാരന് വളരെ ശ്രദ്ധയോടെ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോള്‍ എനിക്കു തോന്നിയത്, സത്യത്തില്‍ ഇന്നത്തെ എഴുത്തുകാര്‍ ഇതു കണ്ടിരിക്കേണ്ടതാണ് എന്നാണ്.
ഇത്രമാത്രം സമുന്നതരായ ഗുരുഭൂതരുള്ള ഒരെഴുത്തുകാരന് മലയാളത്തില്‍ വേറെയുണ്ടോ? സാഹിത്യത്തിലെ ആരാധ്യപുരുഷനായ സി. രാധാകൃഷ്ണന് പറയുന്ന ആദ്യവാചകം "ഇന്ന് എനിക്ക് ഒരു നല്ല ദിവസമാണ്. വര്‍ഷങ്ങളായി പരിചയമുണ്ടെങ്കിലും കാരൂര്‍ സോമനെ നേരില്‍ കണ്ടതിലുള്ള' എന്ന അദ്ദേഹത്തിന്റെ തുടക്കവാചകം തന്നെ അവര്‍ തമ്മിലുള്ള ഊഷ്മള സ്നേഹബന്ധത്തെ വെളിപ്പെടുത്തുന്നു.
ഈ അവസരത്തില്‍ ഞാനോര്‍ക്കുന്നത് 1996കളില്‍ അമേരിക്കയിലെ പ്രമുഖ പത്രമായിരുന്ന "മലയാള'ത്തില്‍ ഇവരുടെ രണ്ടുപേരുടെയും നോവല്‍ വന്നതാണ്. കാരൂരിന്റെ "കാല്‍പ്പാടുകള്‍' എന്ന നോവല്‍ ആയിരുന്നു അതെന്നാണ് എന്റെ ഓര്മ. സി രാധാകൃഷ്ണന്റെ നോവലിന്റെ പേര് എന്റെ ഓര്‍മയില്‍ കിട്ടുന്നില്ല.
ഈ ഡോക്യുമെന്ററിയെ കാരൂരിന്റെ ജീവചരിത്രം എന്നു തന്നെ പറയാം. ഡോക്യുമെന്ററി എടുത്തവര്‍ തുടക്കം മുതല്‍ ഒടുക്കം വരെ വളരെ ഭംഗിയായി അതു നിര്‍വഹിച്ചിരിക്കുന്നു എന്നും പറയാതെ വയ്യ. എല്ലാ ഫീല്‍ഡും അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ജനിച്ച നാട്, വീട്, വീട്ടുകാര്‍, പഠിച്ച സ്കൂളുകള്‍, ലെപ്രസി സാനിറ്റോറിയത്തില്‍ നിന്നും പുസ്തകങ്ങള്‍ എടുത്തുള്ള വായനാശീലത്തിന്റെ തുടക്കം, പണിക്കര്‍ മാഷിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച എഴുത്തിന്റെ വഴികള്‍, കവിതയായും നാടകമായും അതില്‍ നിന്നുടലെടുത്ത കവിതാപാരായണ പാടവവും നേട്ടങ്ങളും തന്നിലെ അഭിനയ മുഖത്തിന്റെ വെളിപ്പെടുത്തലും അതിലുണ്ടായ തിക്താനുഭവവും അതുമുഖേന നാടുവിടേണ്ടി വന്നതും അന്യദേശവാസവും, അനുഭവിക്കേണ്ടി വന്ന യാതനകളും എല്ലാം ഒരു സിനിമയിലെന്നപോലെ നമുക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞു.
ഈ ഡോക്യൂമെന്ററി എടുത്ത എം ചന്ദ്രപ്രകാശ് സഹകരിച്ച ഓരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നു. പുസ്തകങ്ങള്‍ നിരത്തി വച്ച് നടുവില്‍, കാരൂരിന്റെ മുഖചിത്രമുള്ളതും ചേര്‍ത്ത് എടുത്തിരിക്കുന്ന ഫോട്ടോകള്‍ കണ്ടാല്‍ ഒരു പുസ്തകശാലയില്‍ വ്യാപാരി എന്നോ ഒരു കൊച്ചു ലൈബ്രറിയില്‍ ലൈബ്രേറിയന്‍ എന്നോ തോന്നിച്ചുള്ള ഇരുപ്പും ഭാവങ്ങളും.
66 പുസ്തകങ്ങള്‍ ഏതാണ്ട് അതേ പ്രായത്തിനോട് ഇടയ്ക്ക് എഴുതി പ്രസിദ്ധീകരിക്കുക എന്നത് ആരാലും പറ്റാത്ത സംഗതിയാണ്. അതും എല്ലാം സ്വന്തം വീട്ടുപേരിന്റെ ആദ്യക്ഷരത്തില്‍ തുടങ്ങി. സ്വന്തം പൈതൃകത്തെ മാനിക്കുന്ന കാരൂരിന്റെ മഹത്തായ കുടുംബ സ്നേഹത്തെ, ചിന്താഗതിയെ പുകഴ്ത്താതെ വയ്യ.
പേരെടുത്ത ഒട്ടേറെ സാഹിത്യകാരെയും സാംസ്കാരിക നായകന്മാരെയും ഇതില്‍ കാണാനും കാരൂരിനെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകള്‍ കേള്‍ക്കാനും കഴിഞ്ഞു എന്നതാണ് മറ്റൊരു വലിയ സംഗതിയായി എനിക്ക് തോന്നിയത്.
അതില്‍ ഡോക്ടര്‍ ചേരാവള്ളി ശശി പറഞ്ഞു കാരൂര്‍ സോമന് എന്ന് കേട്ടപ്പോള്‍ കാരൂര്‍ നീലകണ്ഠപിള്ളയുമായി ബന്ധമുണ്ടാവാം എന്ന് ചിന്തിച്ചു പോയി എന്ന്. ഞാനും അങ്ങനെ തന്നെയാണ് ആദ്യം കരുതിയത്. പേരും അങ്ങനെ തോന്നിപ്പിക്കുമല്ലോ.
മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി സ്വദേശത്തും വിദേശത്തുമുള്ള സമുന്നത പല വ്യക്തികളില്‍ നിന്നും സാംസ്കാരിക നായകരില്‍ നിന്നും വ്യത്യസ്തങ്ങളായ വിലപ്പെട്ട പല അവാര്‍ഡുകള്‍ വാങ്ങുന്ന കാരൂര്‍ ചിത്രങ്ങള്‍ നമ്മെ കോരിത്തരിപ്പിക്കും. അവരില്‍ പലരും ഇന്ന് കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു പോയെങ്കിലും ഈ ഡോക്യുമെന്ററിയില്ക്കൂടി അവര്‍ എന്നും ജീവിക്കും എന്നുള്ളത് നിസ്തര്‍ക്കമാണ്.
പ്രവാസ സാഹിത്യത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഡോക്ടര്‍ മൂഞ്ഞിനാട് പത്മകുമാര്‍, കാരൂര്‍ സോമന്റെ എഴുത്തുകളെപ്പറ്റി ഒരു പഠന പുസ്തകം ഇറക്കിയത്. കാലത്തിന്റെ എഴുത്തകങ്ങള്‍ എന്നായിരുന്നു അതിന്റെ പേര്.
ഇപ്പോള്‍ കാരൂരിന്റെ കാലത്തിന്റെ കഥാകാരന് എന്ന ഡോക്യുമെന്ററി കൂടി കാണാന്‍ ഇടയായതില്‍ വളരെ വളരെ സന്തോഷമുണ്ട്. ആത്മകഥയായ "കഥാകാരന്റെ കനല്‍വഴിയില്‍' എന്റെ മനസില്‍ തങ്ങി നില്ക്കുന്ന ഒരു സംഭവമുണ്ട്.
ലുധിയാന സിഎംസി ആശുപത്രിയില്‍ വച്ച് സ്വന്തം കിഡ്നി ഒരു പഞ്ചാബിക്ക് കൊടുത്തുകൊണ്ട് അവിടത്തെ നഴ്സ് സാറാമ്മയോട് കാരൂര്‍ പറയുന്നു 'ഇത് ആരോടും പറയരുത്' എന്ന്. ഇന്ന് ഒരു കിഡ്നി കൊടുത്താല്‍ ലോകം മുഴുവന്‍ അറിയും. അറിഞ്ഞില്ലെങ്കില്‍, അറിയിച്ചില്ലെങ്കില്‍ എന്തോ പോരായ്മ പോലെയാണ്.
തീര്‍ച്ചയായും കാരൂരിന്റെ ജീവിതം സാഹിത്യരംഗത്തെ ഒരു പഠന ഗ്രന്ഥം മാത്രമല്ല ഇതുപോലുള്ള സല്ക്കര്മ്മങ്ങള്ക്ക് വഴികാട്ടി കൂടിയാണ്. അദ്ദേഹത്തോട് ചേര്‍ന്നു നില്ക്കുന്ന സ്നേഹനിധിയായ സഹധര്‍മിണിയേയും ഡാഡിക്കു പ്രോത്സാഹനമേകി നില്ക്കുന്ന രണ്ട് ആണ് മക്കളേയും ഒപ്പം ഒരു മകളെയും അതില്‍ നമുക്ക് കാണാന്‍ കഴിഞ്ഞു.
ഏതൊരു വ്യക്തിയുടെയും വിജയത്തിന്റെ നിദാനം കുടുംബത്തിന്റെ സപ്പോര്‍ട്ട് ആണ്. ബിസിനസ് ആയാലും കുടുംബകാര്യങ്ങളിലായാലും ഔദ്യോഗിക തലത്തിലായാലും പ്രത്യേകിച്ച് എഴുത്തിന്റെ കാര്യത്തിലും കാരൂര്‍ ഭാഗ്യവാനാണ്.
ലിമയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ നമ്മുടെ പ്രിയപ്പെട്ട മിനി സുരേഷിനെയും അതില്‍ കാണാന്‍ കഴിഞ്ഞു. കാരൂരിന്റെ എഴുത്തു വഴികളെക്കുറിച്ചും തനിക്ക് അദ്ദേഹം നല്‍കാറുള്ള പ്രോത്സാഹനങ്ങളും ലിമയുടെ ദൈനംദിനചര്യകളെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉപദേശങ്ങളും മിനിയുടെ വിലപ്പെട്ട വാക്കുകളിലൂടെ നമുക്ക് കേള്‍ക്കാന്‍ സാധിച്ചു.
മിനിക്ക് കിട്ടിയ ഈ അസുലഭ അവസരത്തെ ഞാന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. ഈ ഡോക്യുമെന്ററി കാരൂരിന്റെ എഴുത്തുവഴികള്ക്ക് ഒരു വഴിത്തിരിവായി, മലയാള സാഹിത്യത്തിനു അദ്ദേഹം നല്കിയ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു.
ഇതില്‍ പങ്കെടുത്ത എല്ലാവര്ക്കും കൂപ്പുകൈ നേര്‍ന്നുകൊണ്ട് ഇതില്‍ കാണപ്പെട്ടവരില്‍ ദിവംഗതരായ ഓരോരുത്തര്‍ക്കും പ്രണാമം അര്‍പ്പിച്ചുകൊണ്ട് കാരൂര്‍ ഇനിയുമിനിയും വിദേശയാത്രകള്‍ നടത്തട്ടെ, യാത്രാ വിവരണങ്ങളും ഇതര സാഹിത്യരചനകളും രചിക്കട്ടെ, പുസ്തകങ്ങള്‍ ഒന്നിനു പുറകേ ഒന്നായി നൂറോ അതിലധികമോ എത്തട്ടെ എന്ന ആശംസകളോടെ ഈ ഡോക്യുമെന്ററി ഇത്ര ഭംഗിയായി ആവിഷ്കരിച്ചതിന് എം.ചന്ദ്രപ്രകാശിന് ഒരിക്കല്‍ക്കൂടി അഭിനന്ദനം അറിയിച്ചുകൊണ്ട് നിർത്തുന്നു.
മേരി അലക്സ് (മണിയ)