മണിക്കുട്ടന് അക്കാദമി അവാര്‍ഡ്
ആര്‍ത്തുലയ്ക്കുന്ന തിരകള്‍ പോലെ ലണ്ടന്‍ നഗരമുണര്‍ന്നു. നഗരം കാണാനെത്തിയ കവി ഗംഗാധരനും സുഹൃത്ത് മണിക്കുട്ടനും ഗാഢനിദ്രയിലാണ്. ഗംഗാധരന്റെ മൊബൈല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നുള്ള സിനിമ എഴുത്തുകാരന് പൂന്തോപ്പ് പുഷ്പനാണ്.
"തന്റെ കൂട്ടുകാരന് മണി ഒപ്പിച്ചെടുത്തല്ലോ സിനിമ പുസ്തകത്തിന് അക്കാദമി അവാര്‍ഡ്. എന്ത് യോഗ്യതയാടോ അയാള്‍ക്ക് അവാര്‍ഡ് കിട്ടാന്‍? ഭാഷയുടെ ഹൃദയം അപഹരിച്ചു കൊണ്ടുപോകുന്ന കുറേ വിദ്വാന്മാര്' അത് കേട്ട ഗംഗ തരിച്ചിരുന്നു.
"എനിക്കൊന്നും അറിയില്ല. സാറിനോട് ഇതാരാണ് പറഞ്ഞത്?' ഇന്നത്തെ വാര്‍ത്തയാ. അയാള്‍ പല ദേശങ്ങളില്‍വെച്ച് ഈ പുസ്തകം പ്രമുഖര്‍ വഴി പ്രകാശനം നടത്തിയപ്പോള്‍ കരുതിയത് ഏറ്റവും കൂടുതല്‍ പ്രകാശനം നടത്തി ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനായിരിക്കുമെന്നാണ്. എഴുത്തുകാരന് പേരുണ്ടാക്കേണ്ടത് അക്ഷരത്തിന്റെ ആത്മാവ് കൊണ്ടാകണം അല്ലാതെ സ്വാധീനം കൊണ്ടല്ല.
പൂന്തോപ്പിന്റെ വാക്കുകള്‍ മനസ്സിനെ മുറിപ്പെടുത്തുകതന്നെ ചെയ്തു. നിമിഷങ്ങള്‍ ഉറക്കത്തിലാണ്ടുകിടന്ന മണിയെ നോക്കി. ഇവന് സോഷ്യല്‍ മീഡിയയില്‍ പലതും തള്ളുമെന്നല്ലാതെ ഒരു പുസ്തകമെഴുതാനുള്ള അറിവുള്ളവനല്ല. ഉത്കണ്ഠയോടെ മണിയെ കുലുക്കി വിളിച്ചു. പാതിയടഞ്ഞ കണ്ണുകളോടെ കിടക്കയില്‍ നിന്ന് ഞെട്ടിയെണീറ്റ് തുറിച്ചുനോക്കി.
"എന്താടാ ലണ്ടന്‍ കുലുങ്ങിയോ' "ലണ്ടന്‍ കുലുങ്ങിയില്ല. നീയൊരു കുലുക്കം നടത്തി. നിന്റെ സിനിമ പുസ്തകത്തിന് അക്കാദമി അവാര്‍ഡ് കിട്ടി. അതിനെച്ചൊല്ലി പലരും കുലുങ്ങി ചിരിക്കുന്നു. പരിഹസിക്കുന്നു'.
മണിക്ക് ആ വാര്‍ത്ത ആത്മനിര്‍വൃതി നല്‍കിയെങ്കിലും മനവും മിഴിയും തളര്‍ന്നിരുന്നു. ഇങ്ങനെ പ്രതിഫലിക്കുമെന്ന് കരുതിയില്ല. ആ മുഖത്തു യാതൊരു ഭാവപ്പകര്‍ച്ചയോ സന്തോഷത്തിന്റെ ഒരു കണികപോലുമില്ല. ഗംഗയും നിമിഷങ്ങള്‍ പകച്ചിരുന്ന് കണ്ണ് മിഴിച്ചു നോക്കി. ഇവന് എന്ത് സംഭവിച്ചു?
മാനസിക സമ്മര്‍ദ്ദമുണ്ടെന്ന് തോന്നി. ഈ അവാര്‍ഡിന്റെ പിന്നില്‍ എന്തൊക്കെയോ നിഗുഢതകളുണ്ട്. എത്രയോ പ്രമുഖരുടെ നെഞ്ചത്ത് ചവിട്ടിയാണ് ഇത്തരക്കാര്‍ പുരസ്കാരങ്ങള്‍ വാങ്ങുന്നത്? എത്ര ഉന്നതര്‍ ശുപാര്‍ശ ചെയ്താലും പുരസ്കാരം കൊടുക്കുന്നവര്‍ ഒരെഴുത്തുകാരന്റെ സാഹിത്യ സംഭാവനകള്‍ വിലയിരുത്തേണ്ടതല്ലേ? നിശബ്ദനായിരിക്കുന്ന മണിയെ ഗംഗ ശ്രദ്ധിച്ചു. അവന്റെ കണ്ണുകളില്‍ എന്തൊക്കൊയോ കുരുങ്ങികിടക്കുന്നതായി തോന്നി.
എഴുത്തുലോകത്ത് സജീവമല്ലാത്ത ഇവന് ഒറ്റപുസ്തകത്തിലൂടെ ഇതെങ്ങനെ ഒപ്പിച്ചെടുത്തുവെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. സര്‍ഗ്ഗസിദ്ധി, പ്രപഞ്ച വിജ്ഞാനം, അനുഭവമൊക്കെയുള്ളവരാണ് ഈ രംഗത്ത് ശോഭിച്ച് കണ്ടിട്ടുള്ളൂ. അവരൊക്കെ ഈ രംഗത്ത് സജീവമാണ്. സത്യം എന്തെന്ന് ചോദിച്ചാലും ഇവന് വ്യക്തമായൊരു ഉത്തരം തരില്ല.
നിഴല്‍പോലെ ഒപ്പം നടക്കുന്ന സുഹൃത്ത് അസൂയകൊണ്ട് പറയുന്നതല്ലെന്ന് മണിക്കറിയാം. അവാര്‍ഡ് കിട്ടാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും കിട്ടുമെന്ന് പ്രതിക്ഷിച്ചതല്ല. ഗംഗയുടെ വാക്കുകള്‍ ദുഃഖഭാരത്തോടെ മനസിന്റെ കോണിലൊതുക്കിയതല്ലാതെ എതിര്‍ത്തൊന്നും പറഞ്ഞില്ല. നാവിന്തുമ്പില് സൂക്ഷിച്ച ഒരു സംശയം ചോദിച്ചു.
"ഗംഗേ, ഇനിയും നൂറായിരം ചോദ്യങ്ങള്‍ ഇതിന്റെ മുകളില്‍ ഉയരും. എന്ത് മറുപടികൊടുക്കണമെന്ന് എനിക്കറിയില്ല' മണിയുടെ മുഖത്ത് വിഷാദത്തിന്റെ നിഴലുകള്‍ തെളിഞ്ഞു കണ്ടു. അവനെ ആശ്വസിപ്പിച്ചു പറഞ്ഞു.
"എടാ മണി ഇതില്‍ ആരും പുണ്യവാളന്മാരല്ല. അതിന് എം.രാജീവ് കുമാറിന്റെ' പിള്ള മുതല്‍ ഉണ്ണിവരെ' എന്ന പുസ്തകം വായിച്ചാല്‍ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞുവീഴും. നീ ലോകമെങ്ങും നടന്ന് ഇതിന്റെ പ്രകാശനം പലയാവര്‍ത്തി നടത്തിയപ്പോഴേ പലര്‍ക്കും സംശയങ്ങളുണ്ടായി.
"എടാ കുറെ പുസ്തകങ്ങള്‍ കാശ് കൊടുത്ത് എഴുതിച്ചാല്‍ എഴുത്തുകാരനാകില്ല. അവരാണ് പലരുടെയും പിറകെ വാലാട്ടികളായി നടക്കുന്നത്. സമ്മാനപ്പൊതികള്‍ കൊടുത്ത് പുസ്തകമിറക്കുന്നത്. സര്‍ഗ്ഗ പ്രതിഭകള്‍ അത്തരക്കാരല്ല.
ഈ പുസ്തകമെഴുതാന്‍ മറ്റൊരാള്‍ നിന്നെ സഹായിച്ചു. എഡിറ്റിംഗ് ആര്‍ക്കും ചെയ്യാം. അതില്‍ തെറ്റൊന്നുമില്ല. സാഹിത്യത്തിന്, ഭാഷക്ക് യാതൊരു സംഭാവനയും നല്‍കാത്ത നിനക്ക് ഈ പുരസ്കാരം എങ്ങനെ കിട്ടിയെന്ന് ചോദിച്ചാല്‍ അതിനും ഉത്തരമുണ്ട്. ഗംഗ എല്ലാം മണത്തറിഞ്ഞിരിക്കുന്നു. ഇനിയും സ്വന്തം ദൗര്‍ബല്യം ഒളിപ്പിച്ചുവെക്കാതെ മാര്‍ഗമില്ല. മാനസിക സമ്മര്‍ദ്ദം ശരീരമാസകലം പടര്‍ന്നു. നിരാശനായിരുന്ന മണിയെ ആശ്വസിപ്പിച്ചു പറഞ്ഞു.
"ഇതൊരു സാഹിത്യ സൃഷ്ടിയല്ല. വൈഞ്ജാനിക സൃഷ്ടിയാണ്. ആര്‍ക്കും എവിടെനിന്ന് വേണമെങ്കിലും എടുക്കാം, എഴുതാം, പുസ്തകമാക്കാം. പുരസ്കാരവും വാങ്ങാം. ഇന്ത്യന്‍ നിയമത്തില്‍ പുസ്തകത്തില്‍ നിന്നുള്ള കോപ്പിയടിയാണ് കുറ്റകരം അല്ലാതെ ഇന്റര്‍നെറ്റ് അല്ല. നീ ധൈര്യമായിരിക്ക്'.
ഒരു ദീര്‍ഘനിശ്വാസത്തോടെ ഗംഗയെ നോക്കി. ആ വാക്കുകള്‍ തെല്ലഭിമാനത്തോടെ കണ്ടു. മനസിന്റെ ആഴങ്ങളില്‍ പതിഞ്ഞ ഭയാശങ്കകള്‍ മാറി. മുഖം പ്രസന്നമായി.
"അളിയാ ഇന്നത്തെ രാത്രി നമുക്ക് അടിച്ചുപൊളിക്കാം' സുസ്മേരവദനനായ മണി ആത്മസുഹൃത്തിനെ കെട്ടിപ്പുണര്‍ന്നു.