ചുവന്നനീർ നിർണ്ണയം
വിനീത് വിശ്വദേവ്
സോഷ്യൽ മീഡിയകളിൽ "രക്ത ദാനം മഹാദാനം', "ഡൊണേറ്റ് ബ്ലഡ് സേവ് ദി ലൈഫ്' എന്നൊക്കെ പോസ്റ്ററുകളിട്ടു മുറവിളികൂട്ടുന്നതുമായ നേതാക്കന്മാർ സ്റ്റാറ്റസും ഹാഷ് ടാഗുകളുംകൊണ്ട് ചേർത്തുവെക്കുന്നവരുമായ ജീവസ്നേഹികളോട് അവരെ നേരിൽ കാണുമ്പോൾ നിന്റെ സ്വന്തം ബ്ലഡ് ഗ്രൂപ്പ് ഏതാണ്? അതുതന്നെയാണോടാ? എന്ന് തറപ്പിച്ചു ചോദിച്ചാൽ പതറിപോകുന്ന കാലമാണിപ്പോൾ.
ഇരുപതാം വയസ്സ് മുതൽ തുടർച്ചയായി എല്ലാവർഷവും രക്തദാനം നടത്തിയിരുന്ന ആളായിരുന്നു യദുകൃഷ്ണൻ. കൃത്യമായി കണക്കുകളുടെ ഇഴകീറി പരിശോധിച്ചു പറഞ്ഞാൽ പത്തു വർഷമായി ഒരുതവണയെങ്കിലും മംഗോഫ്രൂട്ടിയും അഞ്ചു രൂപയുടെ ഗുഡ് ഡേ ബിസ്കറ്റ് പായ്ക്കറ്റും വാങ്ങി കഴിക്കാതെ സർക്കാർ ഹോസ്പിറ്റലിൽ നിന്നും വിട്ടുപോയ ചരിത്രമില്ലെന്നു തന്നെ പറയാം.
ഇപ്പോഴത്തെ കാലഘട്ടത്തിൽ സ്കൂളിൽ കുട്ടികളെ ചേർക്കുമ്പോൾ തന്നെ അപേക്ഷാഫോമിൽ അച്ഛനമ്മമാർ വ്യക്തമായി പൂരിപ്പിക്കേണ്ട ഒരു കോളം അവരുടെ കുട്ടികളുടെ ബ്ലഡ് ഗ്രൂപ്പ് തന്നെയാണ്. നാട്ടുമ്പുറത്തുള്ള സർക്കാർ സ്കൂൾ ആയതുകൊണ്ടുതന്നെ യദുകൃഷ്ണന്റെ പഠനകാലം തുടങ്ങുന്ന സമയത്തു അങ്ങനെ ഒരു ആചാരം സ്കൂളുകളിൽ തുടങ്ങിയിട്ടില്ലായിരുന്നു.
പത്താം ക്ലാസ് പരീക്ഷയ്ക്ക് ഫീസടയ്ക്കുന്നതിനു വേണ്ടിയുള്ള അപ്ലിക്കേഷൻ പൂരിപ്പിക്കുമ്പോൾ സ്വന്തമായി അവരവരുടെ കൈയ്യൊപ്പ് പഠിക്കണമെന്നും അപ്ലിക്കേഷൻ ഫോമിൽ ബ്ലഡ് ഗ്രൂപ്പ് രേഖപ്പെടത്താനുമുണ്ട് എന്നു ക്ലാസ് ടീച്ചറായ ചന്ദ്രലേഖ ടീച്ചർ പറയുമ്പോളാണ് അതിനെക്കുറിച്ചുള്ള അറിവ് ക്ലാസിലുണ്ടായിരുന്ന എല്ലാ കുട്ടികളിലും ഉദിക്കുന്നത്.
എല്ലാവർക്കും അവരവരുടെ ബ്ലഡ് ഗ്രൂപ്പ് അറിയുമോയെന്നു ചന്ദ്രലേഖ ടീച്ചർ ചോദിച്ചപ്പോൾ പരസ്പരം മുഖത്തോടു മുഖം നോക്കി നിനക്കറിയാമോ നിന്റെ ബ്ലഡ് ഗ്രൂപ്പ് എന്ന അതിശയോക്തി കലർന്ന ചോദ്യം ചോദിക്കുകയായിരുന്നു ഓരോരുത്തരും. അന്ന് ക്ലാസിലെ വിരലിലെണ്ണാവുന്ന കുട്ടികൾക്ക് മാത്രം അവരുടെ ബ്ലഡ് ഗ്രൂപ്പ് കൃത്യമായി അറിയാമായിരുന്നുള്ളു.
പഠിപ്പികളാണെന്നു തെറ്റിധരിക്കേണ്ട, ആശുപത്രി നിത്യ സന്നർശകരായിരുന്ന ഏതാനും ചില കുട്ടികൾ അല്ലാണ്ട് ആരാകാനാണ്. ചന്ദ്രലേഖ ടീച്ചർ കുട്ടികളുടെ അമ്പരപ്പും ശബ്ദകോലാഹലവും കൊണ്ട് ബ്ലഡ് ഗ്രൂപ്പ് അറിയാവുന്നവരുടെ കണക്കെടുത്തു. അമ്പതുപേരിൽ ഏഴുപേർക്ക് മാത്രം രക്ത ഗ്രൂപ്പ് ഏതാണ് എന്ന് നിശ്ചയമുണ്ടായിരുന്നുള്ളു.
അടിയന്തിരമായി അന്ന് വൈകുന്നേരം സ്റ്റാഫ് റൂമിൽ ചർച്ച തുടങ്ങി ക്ലാസിലെ തൊണ്ണൂറ് ശതമാനം കുട്ടികൾക്കും ബ്ലഡ് ഗ്രൂപ്പ് അറിയില്ല. ഈ കാര്യം അതാതു ക്ലാസിലെ ക്ലാസ് ടീച്ചർമാർ ചേർന്ന് പ്രിൻസിപ്പളായ പണിക്കർ സാറിനോട് പരിഹാര നടപടി കൈക്കൊള്ളണമെന്ന് ഉണർത്തിച്ചു. പണിക്കർ സാറിന് ചെറിയ രീതിയിൽ പൊതുപ്രവർത്തനമുള്ളതുകൊണ്ടു അതിനുള്ള ഏർപ്പാട് ചെയ്യാമെന്ന് പറഞ്ഞ് സാർ സ്റ്റാഫ്റൂമിൽ നിന്നും ഇറങ്ങിപ്പോയി.
യുവർ ചോയ്സ് ട്യൂഷൻ സെന്റർ നടത്തിയിരുന്ന തോമസ് സാറിന് ഒട്ടുമിക്ക ജില്ലകളിലെയും ബ്ലഡ് ബാങ്കുമായും അടിയന്തിരമായി രക്തം ആവശ്യം വേണ്ടവർക്ക് അതിനു വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കികൊടുക്കുകയും ചെയ്യുന്ന ആളായിരുന്നു. സർവ്വോപരി ഓൾ കേരള ബ്ലഡ് അസോസിയേഷൻ സംഘടനയുമായി നല്ല ബന്ധം പുലർത്തുന്ന ആളുമായിരുന്നു.
പണിക്കർ സാറിന്റെ സഹപാഠിയായിരുന്നതിനാൽ തോമസ് സാർ അദ്ദേഹത്തിന്റെ അഭ്യർഥനമാനിച്ചു രണ്ടാം ദിവസം രക്ത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കാമെന്നു വാക്ക് നൽകി. അപ്രകാരം സ്കൂളിൽ രക്ത നിർണ്ണയ ക്യാമ്പ് ഉണ്ടാകുമെന്നു ക്ലാസ് ടീച്ചർമാർ മുഖേന എല്ലാ ക്ലാസ്സിലും അറിയിപ്പ് നൽകി. കുട്ടികളാകെ രക്ത നിർണ്ണയ ക്യാമ്പിനായി തയാറായിരുന്നു.
ഒരു പീരീഡ് കഴിഞ്ഞു സ്കൂൾ വരാന്തയിൽ വരിവരിയായി നിൽക്കുമ്പോൾ സൂചിമുനകൾ പേടിയുള്ളവനും ഇല്ലാത്തവനും ഉന്തും തള്ളുമുണ്ടാക്കികൊണ്ടു ചെറിയ സ്വകാര്യ വർത്തമാനങ്ങൾ ചികഞ്ഞുതുടങ്ങി. ആ വർത്തമാനങ്ങൾ കായൽപ്പരപ്പിലൂടെ മെല്ലെയലയടിക്കുന്ന ഒരു കുഞ്ഞു ഓളം പോലെ അവിടെ അലയടിച്ചു തുടങ്ങി.
വലിയ സൂചിയായിരിക്കുമോ? കൈയ്യിലാണോ അതോ ശരീരത്തിന്റെ വേറേ ഏതെങ്കിലും ഭാഗത്താണോ കുത്തുന്നേ? ചന്തിക്കണോ ഇനി കുത്തുന്നതെങ്കിൽ നാണക്കേടാകും താൻ അടിവസ്ത്രം ഇട്ടിട്ടില്ലെന്ന മുകേഷിന്റെ നിഷ്കളങ്കതയിൽ ഉരുത്തിരിഞ്ഞ ആ വാക്യം പണിക്കർ സാറിന്റെ കാലടികളെ ആനയിച്ച നിശബ്തത വരാന്തയിൽ പ്രതിധ്വനിപ്പിച്ചുകൊണ്ടു നിമിഷനേരം അട്ടഹാസ പുളകിതമാക്കിത്തീർത്തിരുന്നു.
അൽപസമയത്തിനു ശേഷം ഓരോരുത്തരായി ക്ലാസ്സ് മുറിയിലേക്ക് കയറിത്തുടങ്ങി. ആദ്യം കയറിപ്പോയ ബിനീഷ് തിരിച്ചു വന്നു. ജിജ്ഞാസയുടെ നിറകുടം തുളുമ്പി അവരാന്തയിൽ നീണ്ടുനിന്ന ജനവേണിക്കു അവനോടായി ചോദ്യമുനകൾ ഒരുപാടുണ്ടായിരുന്നു.
എല്ലാവർക്കുമായി ഒരു ഒറ്റമൂലി മറുപടിപോലെ അവൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു "വിരൽത്തുമ്പിൽ കുത്തുകുത്തി ഒരു ചില്ലു ഫലകത്തിൽ നാലുതുള്ളി രക്തം മാത്രമേ എടുത്തുള്ളുഡാ...' ബിനീഷിനു അതൊരു ചെറിയ കാര്യമായിട്ടാണ് അവതരിപ്പിച്ചെങ്കിലും ആദ്യമായി സൂചിമുനകാണുന്ന പല കുട്ടികളുടെയും മനസിൽ അപ്പോഴും ഒരു വെമ്പൽ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു.
വരിയിൽ ഏഴാമതു നിന്നിരുന്ന യദുവിന്റെ ഹൃദയമിടുപ്പിന്റെ താളങ്ങൾ ഉച്ചത്തിലും മുറുകാനും തുടങ്ങി. ഓരോരുത്തരായി പൂരിപ്പിച്ച കടലാസുകളുമായി അകത്തേക്ക് പോയിവന്നുകൊണ്ടിരുന്നു. രക്ത പരിശോധന കഴിഞ്ഞു തിരുച്ചു വരുന്നവന്റെ മുഖത്ത് കണ്ടത് എവറസ്റ്റു കീഴടക്കിയവന്റെ മന്ദഹാസമായിരുന്നു. അടുത്ത് യദുകൃഷ്ണന്റെ ഊഴമായിരുന്നു. നെറ്റിയിലെ വിയർപ്പുതുള്ളികൾ വലത്തേ കയ്യുടെ ഫുൾ സ്ലീവിൽ ഒപ്പിയെടുപ്പിച്ചുകൊണ്ടു അകത്തേക്ക് ചെന്ന് നിന്നു.
രക്ത ഗ്രൂപ്പ് നിർണ്ണയത്തിനുള്ള അപ്ലിക്കേഷൻ വാങ്ങിച്ചുകൊണ്ടു അതിലെ പേരും മേൽവിലാസവും ഒന്നുകൂടി ഉറപ്പു വരുത്തുന്നതിനായി അവർ എന്റെ പേര് ചോദിച്ചു? തൊണ്ടക്കുഴിയിൽ വെള്ളം വറ്റിച്ചുകൊണ്ടു വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങിയ കണ്ഠനാളത്തിൽ നിന്നും പേര് പുറത്തേക്കു വന്നില്ല.
അവർ വീണ്ടു ഉച്ചത്തിൽ ചോദിച്ചു ചെവികേട്ടൂടേ പേരെന്താന്നാ ചോദിച്ചേ? അൽപം ഉമിനീര് ആർജ്ജിച്ചെടുത്തു ദീർഘ ശ്വാസംവിട്ടു പറഞ്ഞു യദുകൃഷ്ണൻ ഭാഗ്യം ഇത്തവണ എന്റെ മറുപടി ഞാനും അവരും മാത്രം അത് കേട്ടു. അങ്ങനെ രക്ത നിർണ്ണയ ക്യാമ്പിലെ രജിസ്റ്ററിൽ യദുകൃഷ്ണന്റെ പേരും ഇടം നേടി.
ക്ലാസ്മുറിയുടെ കോണിലായി ചേർത്തുവച്ച ഡെസ്കിന്റെ പുറത്തുനിന്നും എന്തോ ഒന്നു പറത്തിക്കൊണ്ട് കെെയുറയൊക്കെ ധരിച്ച ഒരു സിസ്റ്റർ എന്റെ നേർക്ക് നടന്നു വന്നു. വീണ്ടുമെന്റെ ഹൃദയമിടിപ്പ് നൂറു നൂറ്റിപത്തടിക്കാൻ തുടങ്ങി. എന്റെ അടുത്ത് വന്നുനിന്നിട്ടു എന്നെ കുത്തുവാനുള്ള സൂചിയും ചെറിയ ചില്ലുഫലകവുമായി അടുത്തുവന്നു നിന്നു.
ഞാൻ വെട്ടി വിയർക്കുന്നതുകണ്ടു അവർ എന്നോട് പറഞ്ഞു പേടിക്കാനൊന്നുമില്ല ഒരു ഉറുമ്പുകടിക്കുന്ന വേദന അതേയുള്ളു. ജീവിതത്തിൽ ആദ്യമായി സൂചികാണുന്നവന്റെ പേടിയും പരിഭ്രമവും എന്റെ മുഖത്ത് നിഴലിച്ചു കണ്ടതുകൊണ്ടാവും അവരെ എന്നെ സമാധാനപ്പെടുത്തുന്ന രീതിയിൽ ആ വാക്കുകൾ പറഞ്ഞത്.
പിന്നീട് അവരെയെനിക്ക് പരിചയപ്പെടുത്തി ഞാൻ സിസ്റ്റർ ഗിരിജ. മറുപടിയെന്നപോലെ ഒന്നു മൂളികൊണ്ടു ഞാൻ തലയാട്ടി. എന്റെ കൈവിരലുകൾ നീട്ടാനാവശ്യപ്പെട്ടതുമൂലം ഇടതെന്നോ വലതെന്നോ അറിയാതെ കൈകൾ നീട്ടി. ഏതോ വിരലിൽ നിന്നും അവർക്കു വേണ്ടത്രയും ആവശ്യമായ തുള്ളി രക്തം എടുത്തുകൊണ്ടു സാമ്പിൾ പരിശോധിക്കാനായികൊടുത്തു.
കണ്ണുമടച്ചിരുന്ന എന്റെ തോളിൽതട്ടികൊണ്ടു പറഞ്ഞു കഴിഞ്ഞു അടുത്ത ബെഞ്ചിലേക്കിരുന്നോളു. ആ ശബ്ദത്തിൽ ഞാൻ കണ്ണുകൾതുറന്നു ഇത്രേ ഉള്ളോ എന്നമട്ടിൽ അടുത്ത ബെഞ്ചിൽ പോയിരുന്നു.
ഏതാണ്ട് പത്തുമിനിറ്റിനുശേഷം ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം നടത്തി അവർ എന്നോട് പറഞ്ഞു യദുകൃഷ്ണൻ നിങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് അആ(+) ആണ്. നിങ്ങൾ ഒരു യൂണിവേഴ്സൽ റീസിവർ ഗ്രൂപ്പിൽപ്പെട്ട ആളാണ്. സ്വന്തം ജീവനതന്തു ഓടുന്ന സിരകളിലും തുടിക്കുന്ന ഹൃദയത്തിലും ഒഴുകുന്നത് അആ(+) രക്തമാണെന്നറിഞ്ഞവന്റെ ആത്മനിർവൃതിയിൽ ആ ക്ലാസ്സ് മുറിയിൽ നിന്നും തന്റെ പേരെഴുതിയതും ബ്ലഡ് ഗ്രൂപ്പ് രേഖപ്പെടുത്തിയതുമായ ചെറിയ ഒരു കാർഡുമായി യദുകൃഷ്ണൻ ആ വരാന്തയിലൂടെ നടന്നു നീങ്ങി.
സൈക്കിൾ ഷെഡിൽനിന്നും സൈക്കിൾ എടുക്കുമ്പോൾ കറുത്ത കട്ടികൂടിയ റബ്ബർ ബാൻഡ് കൊണ്ട് പുസ്തകസഞ്ചി കാര്യറിൽ ബന്തവസ്ഥക്കിയിട്ടു, സൈക്കിളിൽ നേരേ അച്ഛന്റെ കടയിലേക്ക് ചവിട്ടി വിട്ടു. വഴിയിൽ കണ്ടവരോടൊക്കെ രക്ത ഗ്രൂപ്പറിഞ്ഞവന്റെ ആഹ്ലാദപ്രകടനം പോലെ മനസ്സിൽ എല്ലാരോടും പറഞ്ഞുകൊണ്ട് സൈക്കിൾ നിന്നും ഇരുന്നുമായി ചവിട്ടി കടന്നു പോയി.
സ്കൂൾ വിട്ടു പതിവിലും നേരത്തേയെത്തിയതുകൊണ്ടു അച്ഛന്റെ ചോദ്യം വരുന്നതിനു മുമ്പുതന്നെ മറുപടിപോലെ "അച്ഛാ ഇന്ന് ഞങ്ങളുടെ സ്കൂളിൽ രക്ത നിർണ്ണയ ക്യാമ്പുണ്ടായിരുന്നു. എന്റെ രക്തം അആ(+) ഗ്രൂപ്പ് ആണ്. അഞ്ഞൂർ വാട്ട് ബള്ബിട്ടവന്റെ മുഖ പ്രസാദം കണ്ടു അച്ഛൻ ഒന്നു പുഞ്ചിരിച്ചു. എന്റെ മുഖത്ത് മിന്നിയ ആ പ്രേസരിപ്പിനു അച്ഛന്റെ മുഖത്ത് നേരിയ പുഞ്ചിരി വന്നതിൽ ഞാൻ അതിയായി സന്തോഷിച്ചു.
പത്തു രൂപ എടുത്തു തന്നിട്ട് പറഞ്ഞു റഷീദിക്കായുടെ കടയിലേക്ക് പൊക്കോ അവിടെ ചെന്ന് അച്ഛൻ പറഞ്ഞ പതിവ് പൊതി തരാൻ പറഞ്ഞാമതി ആ പൊതി ഇക്ക തന്നോളും. സമ്മതം മൂളിക്കൊണ്ടു വടക്കുംകര പാലം കേറിയിറങ്ങി ഞാൻ സൈക്കിൾ കൈവിട്ടു ചവിട്ടി പോയി.
റഷീദിക്കായെന്ന് നീട്ടി വിളിച്ചുകൊണ്ടു സൈക്കിൾ സഡൻ ബ്രേക്കിട്ടു നിർത്തി പത്തുരൂപ നീങ്ങിയിട്ടു ഉച്ചത്തിൽ പറഞ്ഞു അച്ഛൻ പറഞ്ഞു പതിവ് പൊതി തരാൻ. ഇപ്പൊ ശരിയാക്കിത്തരാമെന്നുപറഞ്ഞു ഇക്ക മൊയ്തീനെന്നും വിളിച്ചുകൊണ്ടു കടയുടെ അകത്തേക്ക് പോയി. അഞ്ചു മിനിറ്റുകൊണ്ട് പൊതിയുമായി ഇക്ക പുറത്ത് വന്നു പത്തുരൂപ കൊടുത്തു യദുകൃഷ്ണൻ അതെ സ്പീഡിൽ തിരിച്ചു കടയിലേക്ക് എത്തിച്ചേർന്നു.
അവിടെ എത്തിയപ്പോഴേക്കും എന്നെയും കാത്തു അച്ഛന്റെ വക പതിവ് പടുതി വെള്ളച്ചായ കാത്തിരിപ്പുണ്ടായിരുന്നു. വെള്ളച്ചയായെന്നുവച്ചാൽ ഫുൾ ഗ്ലാസ് പാലിൽ നേരിയ കടുപ്പത്തിൽ മീഡിയം മധുരമുള്ള ചായ, അത് എനിക്ക് മാത്രം സ്പെഷ്യൽ ആയിരുന്നു. അങ്ങനെ കടയിലിരുന്നു റഷീദിക്കയുടെ കടയിൽ നിന്നും കൊണ്ടുവന്ന പൊതി തുറന്നു ആഹാ... ചുറ്റിയൊഴിച്ച ചാറിൽ മുങ്ങിയ ചൂട് പൊറോട്ടയിൽ രണ്ടു കഷ്ണം ബീഫ് എന്നെ നോക്കി ചിരിക്കുന്നു.
വായിൽ കപ്പലോടിക്കാൻ പാകത്തിന് വെള്ളം പൊന്തിച്ചുകൊണ്ടു യദുകൃഷ്ണൻ ആ പൊറോട്ട കരിമ്പിൻകാട്ടിൽ ആനപൂണ്ടു വിളയാടുമ്പോലെ വലിച്ചുകീറി കഴിച്ചു തീർത്തു. കുതിരനായി തൊള്ളതുറന്നു വെള്ള ചായയും ഒഴിച്ചുകൊടുത്തു. നീട്ടിയൊരു ഏമ്പക്കവും ഏമ്മം... പതിവിലും വലിയ ഒരാനന്ദത്തിന്റെ പ്രതിധ്വനിയായി ആ ഏമ്പക്കം എന്നിൽ കേട്ടു.
ജീവിതത്തിന്റെ വഴിത്തിരിവെന്നപോലെ സ്കൂൾ വിദ്യാഭ്യാസമൊക്കെ കഴിഞ്ഞു, തുടർ പഠനത്തിനായി കോളജിൽ ബിരുദ പഠനത്തിന് ചേർന്നു. യവ്വനകാലത്തെ ചോരതിളപ്പായിരിക്കുമെന്ന പഴമക്കാരുടെ സ്ഥിരം പല്ലവി യദുകൃഷ്ണന്റെ പഠനകാലത്തും ആ പഴമൊഴി കേൾക്കേണ്ടി വന്നിരുന്നു. കോളജ് സജീവ രാഷ്ട്രീയത്തിലും ആരെയും ധിക്കരിക്കുന്ന ധീരമായതുമെന്നു ഓരോ ചെറുപ്പക്കാരനിലും ഉടലെടുക്കുന്ന പ്രായത്തിന്റെ നീക്കുപോകുലായിരുന്നു അതിനു കാരണം.
ആദ്യ വർഷം സീനിയർമാരായ കുട്ടി സഖാക്കന്മാരുടെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റും ഓൾ കേരള ബ്ലഡ് ഡോണെറ്റ് അസോസിയേഷനും സംയുക്ത ആഭിമുഖ്യത്തിൽ കോളജിൽ രക്തദാന ക്യാമ്പ് നടത്തി. അന്ന് നാട്ടുകാർ യദുകൃഷ്ണനു മുദ്ര കുത്തിയ പ്രായത്തിന്റെ ചോരത്തിളപ്പനെന്നു പറയുന്ന തിളച്ചുമറിയുന്ന ചുടുചോര ആദ്യമായി ദാനം ചെയിതു. അങ്ങനെ ആദ്യമായി യദുകൃഷ്ണനു ഒരു മംഗോ ഫ്രൂട്ടിയും ഗൂഡ് ഡേ ബിസ്ക്കറ്റും കപ്പ് കേക്കും ലഭിച്ചു.
അന്ന് തുടങ്ങിയ പ്രയാണത്തിൽ കോട്ടയം ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റലിലും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ജനറൽ ഹോസ്പിറ്റൽ, കോഴിക്കോട് മെഡിക്കൽ കോളജ്, തൃശൂർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ അങ്ങനെ ഒട്ടുമിക്ക ഹൊസ്പിറ്റലുകളിലേയും രജിസ്റ്ററുകളിൽ യദുകൃഷ്ണന്റെ പേര് ഇടം നേടിയിരുന്നു.
റെഡ് ക്രെസ്സ്ന്റിന്റെയും ഓൾ കേരളാ ബ്ലഡ് ഡോനെഷൻ അസോസിയേഷന്റെയും ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഭാഗഭാക്കായിരുന്നു യദുകൃഷ്ണൻ. അന്നുമുതൽ തന്റെ ഹൃദയത്തിൽ യദുകൃഷ്ണൻ കുറിച്ചിട്ട വാക്കുകളായിരുന്നു. തുടിക്കുന്ന ഹൃദയത്തിന്റെ ചുവന്നനീർ വറ്റാത്ത പുഴപോലെ ചുവപ്പോഴുകട്ടെ ഒരിറ്റു ജീവന്റെ ആത്മാവിലേക്കായി.