► കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരുമായി അകലം പാലിക്കുക, രോഗ പ്രതിരോധ കുത്തിവയ്പുകൾ സമയത്തിന് എടുക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കാം.
►പ്രതിരോധ ശേഷികുറഞ്ഞ കിടപ്പുരോഗികളെ സന്ദർശിക്കുന്നത് കഴിവതും പരിമിതപ്പെടുത്തുക.
►ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണൻമാരുടെ മേൽനോട്ടത്തിലും കുറിപ്പടി അനുസരിച്ചും മാത്രം ആയിരിക്കണം.
►താത്കാലിക രോഗ ശമനം അനുഭവപ്പെട്ടാലും ഡോക്ടർ നിർദ്ദേശിക്കുന്ന ക്രമത്തിൽ മരുന്നുകൾ കഴിച്ചു പൂർത്തിയാക്കുക. ബാക്കി വരുന്ന ആന്റിബയോട്ടിക്കുകൾ ചികിത്സ പൂർത്തിയായാൽ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല.
►ആന്റിബയോട്ടിക്കുകൾ മറ്റുള്ളവർക്ക് കൊടുക്കാനോ മറ്റുള്ളവരിൽ നിന്നു കൈമാറി സ്വയം ചികിത്സയുടെ ഭാഗമായി കഴിക്കാനോ പാടില്ല.
► ഓണ്‍ലൈൻ ആയും ഡോക്ടറുടെ കുറിപ്പില്ലാതെയുമുള്ള വില്പന നിയമംവഴി പൂർണമായി തടയേണ്ടതാണ്. എല്ലാ ആശുപപത്രികളിലും ആന്റിബയോട്ടിക്കുകൾ കരുതലോടെ ഉപയോഗിക്കുന്നതിനാവശ്യമായ നയങ്ങളും പദ്ധതികളും രൂപവത്കരിക്കേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്പോൾ അതിന്റെ ആവശ്യകതയും കൃത്യതയും ഉറപ്പുവരുത്തേണ്ട ചുമതല ഡോക്ടർമാർക്കുണ്ട്.
►പ്രതിരോധമാർജിക്കാൻ സാധ്യതകുറഞ്ഞ മരുന്നുകൾ കൂടുതലായി ഉപയോഗിക്കുകയും മാരകമായ അണുബാധയ്ക്കുളള റിസേർവ് ഡ്രഗ്സ് യുക്തിപൂർവ്വം ഉപയോഗിക്കേണ്ടതുമാണ്. ലാബ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നിരന്തരമായ വിശകലനവും അത്യന്താപേക്ഷിതമാണ്.
ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് വളരെ സങ്കീർണമായ ഒരു പ്രശ്നം ആയതിനാൽ ആരോഗ്യമേഖലയിൽ മാത്രം ഒതുങ്ങിക്കൊണ്ടുളള പ്രവർത്തനങ്ങൾ അപര്യാപ്തമാണ്. പൊതുജനങ്ങളുടെയും മൃഗ-കൃഷി-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ പോലുളള വിവിധമേഖലയിലുളള ആളുകളുടേയും സഹകരണത്തോടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാവുകയുള്ളു.