വൈദ്യശാസ്ത്രം ഓരോ ദിവസവും പുതിയ പഠനങ്ങളും പുതിയ അറിവുകളുമായി മുന്നോട്ട് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഒരുപാടൊരുപാട് പുതിയ അറിവുകൾ ഇപ്പോൾ വൈദ്യശാസ്ത്ര മേഖലയിൽ നിലവിലുണ്ട്. പുതിയതായി പ്രസിദ്ധീകരിക്കപ്പെടുന്ന പുതിയ അറിവുകൾ അതതു കാലത്തു തന്നെ പഠിക്കുകയും ചികിത്സാ രംഗത്ത് പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന കുറേയേറെ ഡോക്ടർമാരും ഉണ്ട്.
സ്വയംചികിത്സയും ഒറ്റമൂലിയും അപകടം എന്നാലും, വിശപ്പ് കുറയുന്പോഴും ശരീരഭാരം കുറയുമ്പോഴും കരൾ രോഗത്തിന്റെ ആദ്യകാല ലക്ഷണങ്ങളായ അസ്വസ്ഥതകൾ ഉണ്ടാകുമ്പോഴും ഇപ്പോഴും പലരും മരുന്ന് കടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം കൊണ്ടുനടക്കുന്നതു കാണാറുണ്ട്. ഒറ്റമൂലികൾ അന്വേഷിച്ച് പോകുന്നവരും ധാരാളമാണ്.
ഇങ്ങനെ അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ ആയിരിക്കും കരൾ രോഗങ്ങൾ ഗുരുതരമായ അവസ്ഥയിൽ ആകാനുള്ള സാധ്യത കൂടുതൽ ഉണ്ടാകുക. ദുരിതങ്ങൾ അനുഭവിക്കേണ്ടി വരുന്നതും അകാലത്തിൽ അന്ത്യശ്വാസം വലിക്കുന്നതും ഇങ്ങനെയുള്ളവർ ആയിരിക്കും.