ചില സ്ത്രീകളിൽ മറ്റേതെങ്കിലും രോഗനിർണയത്തിനായി ചെയ്യുന്ന അൾട്രാസൗണ്ട് സ്കാനിംഗിലോ ലാപ്രോസ്കോപ്പി പരിശോധനയിലോ എൻഡോമെട്രിയോസിസ് കണ്ടെത്തിയെന്നുവരാം. ഇവരിൽ നല്ലൊരുശതമാനം സ്ത്രീകൾ ക്കും രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടാകണമെന്നില്ല.
ചികിത്സാരീതി എൻഡോമെട്രിയോസിസ് എല്ലാവരിലും എപ്പോഴും പരിപൂർണമായി ചികിത്സിച്ചു മാറ്റാൻ കഴിഞ്ഞെന്നുവരില്ല. രോഗത്തിന്റെ തീവ്രതയനുസരിച്ചാണ് ചികിത്സ വേണോയെന്നു നിശ്ചയിക്കുന്നതുതന്നെ. എൻഡോമെട്രിയോസിസ്കൊണ്ട് ആർത്തവക്രമക്കേടുകൾ, അടിവയർ വേദന മുതലായ രോഗലക്ഷണങ്ങളുള്ള സ്ത്രീകൾക്കു വേദനാസംഹാരികളോടൊപ്പംതന്നെ ഹോർമോണ് ചികിത്സയും വേണ്ടിവരും. ഇവരിൽ അണ്ഡോത്പാദനം തടയുകവഴി ആർത്തവരക്തസ്രാവം ഇല്ലാതാക്കുകയും അപ്രകാരം എൻഡോമെട്രിയോസിസിന്റെ വളർച്ചയെ തടയുകയുമാണ് ചികിത്സകൊണ്ടു ഉദ്ദേശിക്കുന്നത്.
ഗർഭധാരണം സാധ്യതമാകും ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയവഴി അണ്ഡാശയത്തിലുണ്ടാകുന്ന ചോക്കലേറ്റ് സിസ്റ്റ് നീക്കംചെയ്യുകയും അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും കുടലുമായി ഒട്ടിച്ചേർന്നിരിക്കുകയാണെങ്കിൽ അത് മാറ്റുകയും ചെയ്താൽ ഗർന്ധധാരണത്തിനുള്ള സാധ്യത വർധിക്കും. വളരെ ചെറിയ അണ്ഡാശയമുഴകളാണെങ്കിൽ ചിലപ്പോൾ മരുന്നുകൊണ്ടുമാത്രം അവയെ ഇല്ലാതാക്കാം.
എന്നാൽ ഇതിനുമൊരു മറുവശമുണ്ട്. നിർഭാഗ്യവതികളായ ചില സ്ത്രീകളിൽ യാതൊരുവിധ ചികിത്സയും ഫലിക്കാതെവരികയും എൻഡോമെട്രിയോസിസ് അനിയന്ത്രിതമായി വളരുകയും ചെയ്യാറുണ്ട്. അവർ അതികഠിനമായ വേദനയും മറ്റും അനുഭവിക്കുന്നതുമൂലം ഗർഭപാത്രവും അണ്ഡാശയവും ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുകമാത്രമേ നിവൃത്തിയുള്ളൂ.
എൻഡോമെട്രിയോസിസ്കൊണ്ട് ഉണ്ടാകുന്ന അണ്ഡാശയമുഴകൾ കുറഞ്ഞില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യണം. വിവാഹം കഴിക്കാത്ത യുവതികളാണെങ്കിലും ഗർഭധാരണം കാംക്ഷിക്കുന്നവരാണെങ്കിലും മേൽപ്പറഞ്ഞ ചികിത്സ ചെയ്യുകവഴി ഭാവിയിൽ ഗർഭധാരണത്തിനു തടസമില്ലാതാക്കാൻ കഴിയും.