കരുതൽ വേണം എല്ലാവരിലും ഫാറ്റി ലിവർ അപകടകാരിയല്ല. പക്ഷേ ചെറിയ ശതമാനം ആളുകളിൽ ഫാറ്റി ലിവർ സീറോസിസിലേക്ക് നീങ്ങിയേക്കും. ഈ ഒരു വിഭാഗം രോഗികളെ തിരിച്ചറിയുകയാണ് മുഖ്യം. വർഷങ്ങളായുള്ള മദ്യപാനം, 50 വയസിനു മുകളിലുള്ളവർ, 10 വർഷത്തിനു മുകളിൽ ഡയബറ്റിക്/ കൊളസ്റ്ററോളിനു ചികിത്സ ചെയ്തവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.
കാലുകളിൽ നീര് കാണപ്പെടുന്നതും കണ്ണിന്റെ വെള്ളയിൽ മഞ്ഞ നിറം കാണുന്നതും, മൂത്രം മഞ്ഞക്കുന്നതും കൈകാലുകൾ ശോഷിക്കുന്നതും മുഖത്ത് കരുവാളിപ്പ് വരുന്നതും ഗുരുതരമായ കരൾ രോഗത്തിന്റെ ലക്ഷണങ്ങളാകാം. ഇക്കൂട്ടർ ഏറ്റവും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ദ്ധ ചികിത്സ നേടണം.
ഫാറ്റി ലിവർ ഉള്ള രോഗി തീർച്ചയായും ലിവർ ഫംഗ്ഷൻ ടെസ്റ്റ് (എൽ എഫ് ടി), ലിപിഡ് പ്രൊഫൈൽ, ഫാസ്റ്റിംഗ് ഷുഗർ, പ്ലേറ്റ്ലെറ്റ് കൗണ്ട് തുടങ്ങിയ ബ്ലഡ് ടെസ്റ്റ് ചെയ്തിരിക്കണം. ഫൈബ്രോസിസ് അറിയാൻ സഹായിക്കുന്ന ഇലാസ്റ്റോഗ്രാഫി ടെസ്റ്റ് പല ആശുപത്രികളിലും ഇന്ന് ലഭ്യമാണ്. സീറോസിസാ ണെന്ന് സംശയമുണ്ടെങ്കിൽ എൻഡോസ്കോപി ചെയ്യേണ്ടി വന്നേക്കാം.
ചികിത്സ എങ്ങനെ? മദ്യപാനം മൂലമുള്ള ഫാറ്റി ലിവർ മൂന്നു മാസം പൂർണ മായും മദ്യം ഒഴിവാക്കിയാൽ പൂർവസ്ഥിതിയിലെത്തും. പ്രമേഹം, കൊളസ്റ്ററോൾ തുടങ്ങിയ അസുഖങ്ങൾ നല്ല രീതിയിൽ നിയന്ത്രി ക്കണം.
അമിതവണ്ണം ഉള്ളവർ ഭാരം കുറയ്ക്കണം. ബോഡി മാസ് ഇൻഡക്സ് അഥവാ ബിഎംഐ 23 മുതൽ 25 വരെ എത്തിക്കാൻ പരിശ്രമിക്കണം. ഇതിനു ഭക്ഷണ നിയന്ത്രണവും വ്യായാമവും ഒരു പോലെ ശ്രദ്ധിക്കണം.
ഭക്ഷണത്തിൽ അന്നജത്തിന്റെയും കൊഴുപ്പിന്േറയും അളവ് കുറച്ച് പ്രോട്ടീൻ അളവ് കൂട്ടുന്നത് ഉത്തമം. മധുര പലഹാരങ്ങൾ, കോള, ഫാസ്റ്റ് ഫുഡ്, ജംഗ് ഫുഡ് തുടങ്ങിയവ തീർത്തും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണ പദാർഥങ്ങൾ കുറയ്ക്കുകയും ആവിയിൽ പാകം ചെയ്തതോ ഗ്രിൽ ചെയ്ത തോ ആയ ഭക്ഷണം ഉപയോഗിക്കുകയും വേണം. ചോറ് പരമാവ ധി കുറച്ച് പകരം ഓട്സ്, റാഗി തുടങ്ങിയവ ഉപയോഗിക്കുക.
ചോറ് നിർബന്ധമുള്ളവർ കഴിയുമെങ്കിൽ ഒരു നേരം മാത്രം ഉപയോഗിക്കണം. വെള്ള അരി ഉപേക്ഷിച്ചു തവിടിന്റെ അംശം കൂടുതലുള്ള ബ്രൗണ് റൈസ് തിരഞ്ഞെടുക്കുക.
ഫൈബർ കൂടുതലായുള്ള ഇലക്കറികൾ കഴിക്കുന്നതും ഭക്ഷണത്തോടൊ പ്പം സാലഡുകൾ കഴിക്കുന്നതും അമിതാഹാരത്തെ നിയന്ത്രിക്കു ന്നു. കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങൾക്കു നല്ലതാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പ്രതിദിനം 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് നന്നായിരിക്കും. ഇത് ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വേണം. നടത്തം, ഓട്ടം, നീന്തൽ, സൈക്ലിംഗ്, സ്റ്റെപ്പ് കയറുന്നത് തുടങ്ങിയ വ്യായാമങ്ങൾ നല്ലതാണ്.
ഓർക്കുക, കരളിനെ പിണക്കാതിരിക്കാൻ മദ്യം ഒഴിവാക്കുക. ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുക. വ്യായാമം ചെയ്യുക.