ഏത്തപ്പഴത്തിൽ ഉള്ളതിന്റെ മൂന്നിരട്ടി പൊട്ടാസ്യം മുരിങ്ങയിലയിലുണ്ട്. തലച്ചോറ്, നാഡികൾ എന്നിവയുടെ ആരോഗ്യത്തിന് പൊട്ടാസ്യം കൂടിയേ തീരൂ. ഉയർന്ന ബിപി, സ്ട്രോക്ക് എന്നിവ തടയാൻ സഹായകം.
വിറ്റാമിൻ എ കാരറ്റിലുളളതിലും നാലിരട്ടി വിറ്റാമിൻ എ മുരിങ്ങയിലയിലുണ്ട്. കണ്ണ്, ചർമം, ഹൃദയം എന്നിവയെ രോഗങ്ങളിൽ നിന്നു സംരക്ഷിക്കാൻ വിറ്റാമിൻ എ സഹായകം.
ഓട്സിലും ചേർക്കാം - ഓട്സ് കാച്ചുന്പോൾ അതിലും ഒരു പിടി മുരിങ്ങയില ചേർക്കാം. ഗോതന്പുപൊടി കുഴച്ച് അപ്പമുണ്ടാക്കുന്പോൾ അതിൽ തേങ്ങ ചിരകിയത്, ഉളളി, ഇഞ്ചി, കറിവേപ്പില എന്നിവയ്ക്കൊപ്പം അല്പം മുരിങ്ങയില കൂടി ചേർത്ത് ആരോഗ്യദായകമാക്കാം.
മുരിങ്ങയില തോരൻ വയ്ക്കാം കടുവറുക്കുക. മുരിങ്ങയില അതിലിട്ട് നന്നായി ഇളക്കിക്കൊടുക്കണം. തുടർച്ചയായി ഇളക്കിയില്ലെങ്കിൽ തോരൻ പാത്രത്തിന്റെ അടിക്കു പിടിക്കാനും തോരൻ കട്ടകളായി രൂപപ്പെടാനും സാധ്യത ഏറെയാണ്. ഇലയുടെ പച്ചചുവ മാറിക്കിട്ടിയാൽ തേങ്ങ ചിരകിയത്്, വെളുത്തുളളി, ജീരകം, മുളക് എന്നിവ ചേർത്ത് അരച്ചെടുത്തതു ചേർത്ത് ഇളക്കിക്കൊടുക്കണം. തോരനാക്കുന്പോൾ അതിനൊപ്പം ചെറുപയർ വേവിച്ചതു കൂടി ചേർത്താൽ കയ്പ്പു കുറയും. മറ്റു പച്ചക്കറികൾ ചേർക്കുന്നതും നന്ന്. കാരറ്റും ചക്കയുടെ സീസണിൽ ചക്കക്കുരുവും വേവിച്ചു ചേർക്കുന്നതു കയ്പു കുറയ്ക്കാനും രുചി കൂട്ടാനും സഹായകം.
മൾട്ടിവിറ്റാമിൻ ചെടി! മൾട്ടിവിറ്റാമിൻ ഗുളികകൾക്കു പിന്നാലെ പായുന്നവർ സ്വന്തം പറന്പിൽ നില്ക്കുന്ന മുരിങ്ങയെ മറക്കുകയാണ്. വിറ്റാമിൻ എ, ബി1, ബി2, ബി3, സി, കാൽസ്യം, ക്രോമിയം, കോപ്പർ, നാരുകൾ, ഇരുന്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീൻ, സിങ്ക് എന്നിവയുടെ അക്ഷയപാത്രമായ മുരിങ്ങയിലയെ മൾട്ടിവിറ്റാമിൻ ഇല എന്നല്ലാതെ എന്താണു വിളിക്കേണ്ടത്!