രോഗപ്രതിരോധശക്തിക്ക് വെണ്ടയ്ക്കയിലെ വിറ്റാമിൻ സി രോഗപ്രതിരോധശക്തിക്ക് മുതൽക്കൂട്ടു തന്നെ. രോഗാണുക്കളോടും അന്യപദാർഥങ്ങളോടും പോരാടുന്നതിനു കൂടുതൽ വെളുത്ത രക്താണുക്കളെ സൃഷ്ടിക്കാൻ വിറ്റാമിൻ സി പ്രേരണചെലുത്തുന്നു. ജലദോഷം, ചുമ തുടങ്ങിയവയ്ക്കെതിരേ പോരാടുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ചും ആസ്ത്്മയിൽ നിന്ന് ആശ്വാസം നേടുന്നതിന് വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകളും വിറ്റാമിൻ സിയും സഹായകം.
ബിപി കുറയ്ക്കുന്നതിന് രക്തസമ്മർദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്കയിലുള്ള പൊട്ടാസ്യം സഹായകം. രക്തം കട്ടപിടിക്കുന്നതിനും ആർട്ടീരിയോ സ്ളീറോസിസിനുമുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിലുളള ജലത്തിൽ ലയിക്കുന്നതരം നാരുകൾ രക്തത്തിലെ സെറം കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനു സഹായകം. അതു വിവിധതരം ഹൃദയരോഗങ്ങൾക്കുളള സാധ്യത കുറയ്ക്കുന്നു. വെണ്ടയ്ക്കയിൽ സോഡിയം കുറവ്, പൊട്ടാസ്യം ഇഷ്ടംപോലെ. ശരീരത്തിലെ സോഡിയത്തിന്റെ തോത് സംതുലനം ചെയ്തു നിർത്തുന്നതിൽ പൊട്ടാസ്യത്തിനു പങ്കുണ്ട്.
വിറ്റാമിന് എ വെണ്ടയ്ക്കയിലുളള വിറ്റാമിൻ എ എന്ന ആൻറിഓക്സിഡൻറ് ചർമാരോഗ്യം സംരക്ഷിക്കുന്നു. ചുളിവുകൾ നീക്കുന്നു. പാടുകളും കുരുക്കളും കുറയ്ക്കുന്നു. ചർമകോശങ്ങൾക്കു കേടുപാടു വരുത്തുന്ന ഫ്രീറാഡിക്കലുകളെ വെണ്ടയ്ക്കയിലുളള ആൻറിഓക്സിഡൻറുകൾ നിർവീര്യമാക്കുന്നു.
ഗർഭിണികൾക്ക് സ്ത്രീകളുടെ ആരോഗ്യജീവിതത്തിനും വെണ്ടയ്ക്ക ഗുണകരം. പ്രത്യേകിച്ചു ഗർഭിണികളുടെ. ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് അവശ്യം. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം. ഗർഭസ്ഥശിശുവിന്റെ ന്യൂറൽ ട്യൂബിനെ തകരാറിൽ നിന്നു രക്ഷിക്കുന്നതിനും ഫോളേറ്റുകൾ അവശ്യം. 4 മുതൽ 12 വരെ ആഴ്ചകളിലെ ഗർഭകാലത്താണ് ഫോളിക്കാസിഡ് വേണ്ടിവരുന്നത്. വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിർമാണം ത്വരിതപ്പെടുത്തുന്നു. ഗർഭകാലത്തെ വിളർച്ച തടയുന്നതിനും അതു സഹായകം. ഗർഭിണികളുടെ ഭക്ഷണക്രമത്തിൽ വെണ്ടയ്ക്ക പതിവായി ഉൾപ്പെടുത്തണം.