ഗർഭാവസ്‌ഥയിലെ രക്‌താതിസമ്മർദം
ർഭാവസ്‌ഥയിൽ മാത്രം രക്‌താതിസമ്മർദം വർധിക്കുന്ന അവസ്‌ഥ ചില സ്ത്രീകളിൽ കാണാറുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ രക്‌തസമ്മർദം ഉയർന്നു 140/90 മുകളിലാകുന്ന സാഹചര്യമാണ് ജെസ്റ്റേഷണൽ ഹൈപ്പർടെൻഷൻ (ഏലെമേശേീിമഹ ഒ്യുലൃലേിശെീി). ഗർഭം ഇരുപതു ആഴ്ച പിന്നിടുമ്പോഴാണു രക്‌തസമ്മർദം വർധിക്കുന്നതായി കാണുന്നത്. ഇതോടൊപ്പം ശരീരത്തിൽ നീർക്കെട്ട്, മൂത്രത്തിൽ ആൽബുമിൻ എന്ന പ്രോട്ടീനിന്റെ സാന്നിധ്യം മുതലായവ കൂടി ഉണ്ടായാൽ ‘പ്രീ എക്സാംപ്സിയ എന്ന അല്പം ഗുരുതരമായ അവസ്‌ഥയിലെത്തും. പ്രീ എക്സാംപ്സിയയെ തുടർന്നു അപസ്മാരം ഉണ്ടാകുന്ന അവസ്‌ഥയാണ് അതീവ ഗുരുതരമായ എക്സാംപ്സിയ.

പ്രസവത്തോടനുബന്ധിച്ചുണ്ടാകുന്ന മാതൃമരണങ്ങളുടെ കാരണങ്ങൾ കണ്ടെത്താൻ നടത്തിയ പഠനങ്ങളിൽ രണ്ടാംസ്‌ഥാനത്ത് എത്തിയതു ഗർഭകാല രക്‌താതിസമ്മർദവും അതിന്റെ സങ്കീർണതകളുമാണ്. രക്‌തസ്രാവമായിരുന്നു ആദ്യത്തെ പ്രധാന കാരണം.

എക്സാംപ്സിയയിലേക്കു എത്തുന്ന രക്‌തസമ്മർദം ശരീരത്തിലെ നിരവധി അവയങ്ങളെ തകരാറിലാക്കുന്നു. വൃക്ക, ഹൃദയം, കരൾ, രക്‌തക്കുഴലുകൾ, രക്‌താണുക്കൾ മുതലായവയെ എല്ലാം ബാധിച്ചു മാരകമായ അവസ്‌ഥയിൽ എത്തിക്കുന്നു.

ഗർഭസ്‌ഥശിശുവിനു വളർച്ചക്കുറവ്, ഗർഭജലത്തിന്റെ കുറവ്, ഗർഭസ്‌ഥശിശുവിന്റെ മരണം എന്നീ അവസ്‌ഥകൾക്കും ഇത് ഇടയാക്കും. ഗർഭകാല രക്‌താതിസമ്മർദം ഉണ്ടാകുന്നതു പ്രതിരോധിക്കാൻ സാധിക്കുന്നില്ലെങ്കിലും ഔഷധങ്ങളും ശ്രദ്ധാപൂർവമായ പരിചരണവും വഴി രോഗത്തിന്റെ സങ്കീർണതകളിൽ നിന്നു രക്ഷപെടാൻ സാധിക്കും.

കൃത്യമായ പരിശോധനകൾ

ഗർഭിണിയാകുന്നതുമുതൽ കൃത്യമായ പരിശോധനകൾക്കു വിധേയമാകുക എന്നതാണ് ആദ്യ മുൻകരുതൽ. അപകടകരമായ രീതിയിൽ രക്‌തസമ്മർദമുള്ളവർക്കു 38 ആഴ്ചവരെ ആസ്പിരിൻ ഗുളികകൾ കൊടുക്കാറുണ്ട്. കാൽസ്യം, മഗ്നീഷ്യം, സിങ്ക്, വൈറ്റമിൻ സി ഗുളികകൾ, വൈറ്റമിൻ ഇ മുതലയാവ ഗർഭകാല രക്‌താതിസമ്മർദവും തന്മൂലമുണ്ടാകുന്ന സങ്കീർണതകളും കുറയ്ക്കാൻ കഴിവുള്ളവയാണ്.

രക്‌താതിസമ്മർദവും ശരീരഭാരവും മൂത്രത്തിലെ ആൽബുമിനും കൂടെക്കൂടെ നോക്കുന്നതും നന്നായിരിക്കും. രക്‌താതിസമ്മർദം 140/80 എന്ന തോതിൽ നിയന്ത്രിച്ചു നിറുത്താൻ സാധിച്ചാൽ സ്വാഭാവിക പ്രസവത്തിനായി പ്രസവ തീയതി വരെ കാത്തിരിക്കാൻ സാധിക്കും.

ഗർഭാരംഭത്തിനു മുമ്പുള്ള മുൻകരുതലുകൾ

അമിതവണ്ണമുള്ളവർ ഭക്ഷണനിയന്ത്രണം വഴിയും വ്യായാമത്തിലൂടെയും ഗർഭണിയാകുന്നതിനു മുമ്പു തന്നെ ശരീരഭാരം നിയന്ത്രിക്കേണ്ടതാണ്. പ്രമേഹം, രക്‌താതിസമ്മർദം, വൃക്കരോഗം മുതലായവ ഉള്ളവർ ഗർഭിണിയാകുന്നതിനു മുമ്പു തന്നെ ഡോക്ടറുടെ നിർദേശപ്രകാരം രോഗാവസ്‌ഥയെ നിയന്ത്രണവിധേയമാക്കണം.

ടെസ്റ്റുകളും വിശ്രമവും

മൂത്രത്തിലെ ആൽബുമിന്റെ അളവ്, മൂത്രത്തിലെ പ്രോട്ടീൻ അളവ്, രക്‌തത്തിൽ പ്ലേറ്റ്ലറ്റ് കൗണ്ട്, രക്‌തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ, വൃക്കകളുടെ പ്രവർത്തനം പരിശോധിക്കുന്ന ടെസ്റ്റുകൾ എന്നിവ രക്‌താതിസമ്മർദമുള്ള ഗർഭിണികൾ നടത്തുന്നതു നന്നായിരിക്കും.

ഗർഭകാലത്തു ശരിയായ രീതിയിൽ വിശ്രമം എടുക്കുന്നതിലൂടെയും രക്‌താതിസമ്മർദം കുറയ്ക്കാൻ സാധിക്കും. ഇതിലൂടെ കുഞ്ഞിനുണ്ടാകുന്ന വളർച്ചക്കുറവ്, ഗർഭജലത്തിന്റെ കുറവ് മുതലായവ തടയാം. ഉച്ചയ്ക്കു രണ്ടുമണിക്കൂറും രാത്രിയിൽ പത്തുമണിക്കൂറും ഉറക്കം നിർബന്ധമാക്കണം. ബെഡ്റെസ്റ്റ് ഡോക്ടർ നിർദേശിച്ചിട്ടുണ്ടെങ്കിൽ അതു കർശനമായും പാലിക്കണം.
രക്‌താതിസമ്മർദവും അപകട സാധ്യതയും

ആദ്യഗർഭത്തിലാണ് ഉയർന്ന രക്‌തസമ്മർദവും തന്മൂലമുണ്ടാകുന്ന സങ്കീർണതകളും സാധാരണയായി ഉണ്ടാകാറുള്ളത്. ഇവർക്കു തുടർന്നുള്ള പ്രസവങ്ങളിലും രക്‌താതിസമ്മർദം വർധിക്കാറുണ്ടെങ്കിലും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങൾ താരതമ്യേന കുറവായിരിക്കും.

ഗർഭിണിയുടെ പ്രായം പതിനെട്ടു വയസിനു താഴെയാണെങ്കിലും 35 വയസിനു മുകളിലാണെങ്കിലും രക്‌താതിസമ്മർദം വർധിക്കുന്നതിനു സാധ്യതയുണ്ട്.

അമിതവണ്ണമുള്ളവർക്കും പ്രമേഹമുള്ളവർക്കും ഗർഭകാലത്തു രക്‌തസമ്മർദം കൂടാൻ സാധ്യതയുണ്ട്.

നേരത്തെ തന്നെ ഉയർന്ന രക്‌തസമ്മർദമുള്ള സ്ത്രീകളിൽ ഗർഭാവസ്‌ഥയിൽ ഇതു അധികരിക്കാനും അതനുസരിച്ചുള്ള സങ്കീർണതകളുണ്ടാകാനും സാധ്യത ഏറെയാണ്.

ഇരട്ടക്കുട്ടികളോ അതിൽ കൂടുതൽ കുട്ടികളെയോ ഗർഭത്തിൽ വഹിക്കുന്ന അമ്മമാർക്കും രക്‌താതിസമ്മർദം വർധിക്കുന്നതിനു സാധ്യതയുണ്ട്.

പോഷകാഹാരക്കുറവുള്ള സ്ത്രീകളിലും ഗർഭകാലത്തെ പ്രതികൂല സാഹചര്യങ്ങൾ മൂലവും രക്‌താതിസമ്മർദം വർധിക്കുന്ന അവസ്‌ഥയും ഉണ്ടാകാറുണ്ട്.

ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ

അമിതമായി ഉപ്പുചേർത്ത ആഹാരങ്ങളും മധുരപലഹാരങ്ങളും ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാർഥങ്ങൾ, ചുവന്ന മാംസം, ഉണക്ക മത്സ്യം, അച്ചാർ, പപ്പടം, ചിപ്സ്, ബേക്കറി വിഭവങ്ങൾ, ചൈനീസ് ഫുഡ് എന്നിവ ഒഴിവാക്കണം.

പൊട്ടാസ്യം അടങ്ങിയിട്ടുള്ള വാഴപ്പഴം, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താവുന്നതാണ്.

ആന്റി ഓക്സിഡന്റുകളും വൈറ്റമിൻ സിയും ധാരാളമായി അടങ്ങിയിട്ടുള്ള സിട്രസ് പഴങ്ങളും തക്കാളിയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഒമേഗ–3 ആസിഡ് അടങ്ങിയ മത്സ്യങ്ങൾ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഭക്ഷ്യനാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവ അടങ്ങിയ നട്സ്, പയറുവർഗങ്ങൾ എന്നിവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പ്രോട്ടീൻ, കാൽസ്യം എന്നിവയുടെ കലവറയായ പാടനീക്കിയ പാലും പാൽ ഉത്പന്നങ്ങളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

കാപ്പി, ചായ, കോള മുതലമായവ പരമാവധി ഒഴിവാക്കുക.

ആശുപത്രിയിൽ എത്തും മുമ്പ്

സങ്കീർണതകൾ ഉണ്ടെങ്കിൽ പ്രസവതീയതിക്കു മുമ്പു തന്നെ ആശുപത്രിയിൽ എത്തിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും എല്ലാ സങ്കീർണതകളും കൈകാര്യം ചെയ്യാൻ സാധിക്കുന്ന ആശുപത്രികൾ വേണം തെരഞ്ഞെടുക്കാൻ. ഇരുപത്തിനാലു മണിക്കൂറും സുസജ്‌ജമായ ബ്ലഡ് ബാങ്കിന്റെ സാന്നിധ്യം നിർബന്ധമാണ്.

പ്രസവാവസരത്തിൽ ഉണ്ടാകുന്ന എല്ലാവിധ സങ്കീർണതകളും പരിഹരിക്കാൻ തക്ക സംവിധാനങ്ങൾ ആശുപത്രിയിൽ ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതാണ്.

പ്രസവശേഷവും വേണം ശുശ്രൂഷ

ഗുരുതരമായ തോതിൽ രക്‌താതിസമ്മർദവും അതിനോടനുബന്ധിച്ച സങ്കീർണതകളും ഉണ്ടായിട്ടുള്ളവർക്കു പ്രസവശേഷമുള്ള ഒരാഴ്ചക്കാലം കൂടി നിരീക്ഷണത്തിൽ കഴിയേണ്ടിവരും.

അപസ്മാരം, തലച്ചോറിലും രക്‌തക്കുഴലുകളിലും രക്‌തം കട്ടപിടിക്കാനുള്ള സാധ്യത മുതലായവ ഉള്ളതിനാലാണിത്. രക്‌താതിസമ്മർദം നോർമൽ ആകാൻ പരമാവധി പന്ത്രണ്ട് ആഴ്ച എടുക്കും. ഇതിനുശേഷവും രക്‌താതിസമ്മർദം ഉയർന്നുതന്നെ നിൽക്കുന്നുണ്ടെങ്കിൽ ചികിത്സ തുടരേണ്ടതാണ്.