പ്രൊലാക്ടിനും ഗർഭധാരണവും
തലച്ചോറിലെ പിറ്റുവേറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമാൺ ആണ് പ്രൊലാക്ടിൻ. സ്ത്രീകളിലും പുരുഷൻമാരിലും ഈ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. സ്ത്രീകളിൽ സ്തനങ്ങൾ വലുതാകുന്നതിനും മുലപ്പാൽ ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്ന ഹോർമോണാണിത്. പുരുഷൻമാരിൽ പ്രൊലാക്ടിൻ ഉണ്ടെങ്കിലും അതിനു പ്രത്യേക പ്രവർത്തനം ശരീരത്തിലില്ല. സ്ത്രീകളുടെ പ്രൊലാക്ടിൻ ഹോർമോൺ ലെവൽ പുരുഷൻമാരുടേതിനേക്കാൾ ഉയർന്നിരിക്കും.

പ്രൊലാക്ടിൻ ഗർഭധാരണത്തെ ബാധിക്കുന്നു

പ്രൊലാക്ടിൻ കൂടിയ അവസ്‌ഥയിലാണു മുലപ്പാൽ ഉണ്ടാകുന്നത്. മുലയൂട്ടുന്ന അവസ്‌ഥയിൽ സ്ത്രീകൾ ഗർഭിണികളാകാനുള്ള സാധ്യത കുറയുന്നതു പ്രൊലാക്ടിൻ കൂടന്നതുകൊണ്ടാണ്. ഉയർന്ന പ്രൊലാക്ടിൻ അളവ് അണ്ഡോത്പാദനത്തെ തടയുന്നു. ഇതു പ്രകൃതി തന്നെ സ്ത്രീക്കു കൊടുത്തിരിക്കുന്ന ഗർഭ നിരോധന മാർഗമാണ്. ഒരു ഗർഭധാരണവും പ്രസവവും കഴിഞ്ഞ് ഉടനെ ഗർഭം ധരിക്കാതിരിക്കാനും സ്ത്രീക്ക് ആവശ്യമായ വിശ്രമം കിട്ടുന്നതിനും വേണ്ടിയാണിത്.


ഹൈപ്പൊതൈറോയിഡിസവും പോളിസിസ്റ്റിക് ഓവറിയും ഉള്ള സ്ത്രീകളിൽ ഗർഭധാരണത്തിനു പൊതുവേ തടസം നേരിടാറുണ്ട്. ഇതു രണ്ടും പ്രൊലാക്ടിൻ ലെവൽ കൂടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഗർഭധാരണത്തിനു തടസം നേരിടാൻ സാധ്യതയുണ്ട്.

പ്രൊലാക്ടിനോമയോ (പിറ്റുവേറ്ററിയിൽ കണ്ടു വരുന്ന മുഴ) പിറ്റുവേറ്ററിയിൽ വരുന്ന നീരോ ആണ് പ്രൊലാക്ടിൻ കൂടുന്നതിനു കാണുന്ന കാരണമെങ്കിൽ എംആർഐ സ്കാനിംഗും ശസ്ത്രക്രിയയും ആവശ്യമായി വരും.