ഗർഭധാരണവും ഭക്ഷണരീതിയും
സ്ത്രീകൾ പ്രത്യേക പരിചരണവും ശ്രദ്ധയും അർഹിക്കുന്ന കാലഘട്ടമാണ് പ്രസവകാലം. ഗർഭധാരണ സമയം മുതൽ പ്രസവം വരെയും മുലയൂട്ടൽ സമയത്തും അമ്മയുടെ ഭക്ഷണരീതികൾ കുഞ്ഞിനെയും ബാധിക്കുന്നതാണ്. ആവശ്യത്തിനു പോഷകവും ഊർജവും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഗർഭിണിയുടെ ഭക്ഷണരീതികൾ ഭ്രൂണത്തിന്റെ വളർച്ചയിലും പ്രസവശേഷം കുഞ്ഞിന്റെ വളർച്ചയിലും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ്.

ആരോഗ്യത്തിന് അടിത്തറ പാകുന്നതിലും നിലനിർത്തുന്നതിലും ഏതുകാലഘട്ടത്തിലെയും ഭക്ഷണത്തിനു പ്രധാന പങ്കുണ്ട്. അതിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണു ഗർഭകാലവും മുലയൂട്ടൽകാലവും. ഗർഭകാലത്തെപ്പോലെത്തന്നെ ഗർഭം ധരിക്കുമ്പോഴുള്ള ആരോഗ്യവും വളരെ പ്രധാനമാണ്. ഏറ്റവും ചുരുങ്ങിയതു ഗർഭകാലത്തിനു മുമ്പുള്ള മൂന്നുമാസക്കാലമെങ്കിലും. ഈ കാലഘട്ടത്തിലും ഗർഭിണിയായ ശേഷമുള്ള മൂന്നുമാസക്കാലവും ശരിയായ പോഷകങ്ങളടങ്ങിയ ഭക്ഷണം ലഭിച്ചില്ലെങ്കിൽ അതു ഗർഭസ്‌ഥശിശുവിന്റെ ബാധിക്കും. ഭ്രൂണാവസ്‌ഥയിലുണ്ടാകുന്ന പോഷക അപര്യാപ്തത ജനനശേഷം പൂർണമായി പരിഹരിക്കാൻ പ്രയാസമാണ്.

ധാന്യങ്ങൾ, പയറിനങ്ങൾ, എണ്ണ, മത്സ്യമാംസങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, പാലുത്പന്നങ്ങൾ തുടങ്ങിയ എല്ലാ വിഭാഗത്തിലുംപെട്ട ഭക്ഷണപദാർത്ഥങ്ങൾ ഗർഭിണികളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കണം. ഇത്തരം വിഭവങ്ങൾ ആവശ്യമായ അളവിൽ ലഭിക്കുന്ന അമ്മമാരുടെ കുട്ടികളിൽ ജനന സമയത്തെ തൂക്കക്കുറവോ ജനന വൈകല്യങ്ങളോ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ഗർഭിണികളുടെ ശരീരഭാരം

ഗർഭിണികളുടെ തൂക്കം വല്ലാതെ കൂടുന്നത് നല്ലതല്ല. ഗർഭധാരണ സമയത്ത് ആവശ്യമായ തൂക്കം (ബി.എം.ഐ–18.5–24.9) ആണെന്ന് ഉറപ്പുവരുത്തുക. ആദ്യത്തെ മൂന്നു മാസത്തിൽ രണ്ടുകിലോഗ്രാം എന്ന തോതിലും പിന്നീട് ആഴ്ചയിൽ 400 ഗ്രാം എന്ന തോതിലും തൂക്കം കൂടണം. ഗർഭകാലം പൂർത്തിയാകുമ്പോഴേക്കും 10–12 കിലോഗ്രാം തൂക്കം കൂടാം.

സ്വതവേ തൂക്കക്കൂടുതലുള്ളവർ ഗർഭകാലത്തു തൂക്കം കുറയ്ക്കാനുള്ള ശ്രമം നടത്തരുത്. പക്ഷേ ഇവർക്ക് ഗർഭകാലത്ത് 7–10 കിലോ ഗ്രാം തൂക്കം കൂടിയാൽ മതിയാകും. തൂക്കം വളരെയധികം കൂടുന്നതും തീരെ കൂടാതിരിക്കുന്നതും ഗർഭസ്‌ഥ ശിശുവിനെ ബാധിക്കും.

ഗർഭിണികൾക്കു വേണ്ട ഊർജത്തിന്റെ അളവ്

ശരീരതൂക്കത്തിനനുസരിച്ചു 300–450 കലോറി ഊർജം സാധാരണയിൽ കൂടുതലായി ഒരു ദിവസത്തെ ഭക്ഷണത്തിൽ നിന്നും കിട്ടിയിരിക്കണം. ഇതിനായി ഊർജം കൂടുതലടങ്ങിയിട്ടുള്ളതും മറ്റു പോഷകങ്ങൾ ധാരാളമുള്ളവയുമായ ധാന്യങ്ങൾ പയറിനങ്ങൾ നട്സ് തുടങ്ങിയവ ഭക്ഷണത്തിലുൾപ്പെടുത്തണം. ദൈനംദിനം ലഭിക്കുന്ന ഊർജം കുറഞ്ഞാൽ ശരീരത്തിൽ ശേഖരിച്ചുവച്ചിരിക്കുന്ന കൊഴുപ്പ് ഊർജാവശ്യത്തിനായി വിനിയോഗിക്കപ്പെടും. ഇതു ഭ്രൂണത്തിന്റെ വളർച്ചയെ ബാധിക്കും.

മാംസ്യം: ദിനംപ്രതി 15–20 ഗ്രാം മാംസ്യം ഗർഭിണികൾക്കു കൂടുതൽ ആവശ്യമുണ്ട്. അതായത് പ്രായം, തൂക്കം തുടങ്ങിയവയ്ക്കനുസരിച്ച് ഒരു സ്ത്രീയുടെ ദൈനംദിന മാംസ്യാവശ്യകത 50 ഗ്രാം ആണെങ്കിൽ അവൾ ഗർഭിണിയാകുമ്പോൾ 65–70 ഗ്രാം വരെ മാംസ്യം വേണം. മൊത്തം ഊർജത്തിൽ മാംസ്യത്തിന്റെ അനുപാതം ജനനസമയത്തെ തൂക്കം തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

ഭ്രൂണത്തിന്റെ വളർച്ച, ഗർഭപാത്രം, പ്ലാസന്റ, മാമറി ഗ്രന്ഥി തുടങ്ങിയവയുടെ വികാസം, അംനിയോട്ടിക് ദ്രവത്തിന്റെ രൂപവത്കരണം തുടങ്ങിയവയ്ക്കും പ്രസവസമയത്തും മുലയൂട്ടൽ കാലത്തും ആവശ്യത്തിനു മാംസ്യനിക്ഷേപം ശരീരത്തിലുണ്ടാകുന്നതിനും മാംസ്യത്തിന്റെ തോതു വർധിക്കേണ്ടത് അത്യാവശ്യമാണ്. പാൽ, ഇറച്ചി, മത്സ്യം, മുട്ട, പാലുത്പന്നങ്ങൾ, നട്സ്, പയറിനങ്ങൾ പ്രത്യേകിച്ച് സോയാബീൻ തുടങ്ങിയവയിൽ മാംസ്യം ധാരാളമുണ്ട്.

കൊഴുപ്പ്: 30 ഗ്രാം കൊഴുപ്പു ഗർഭിണിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിലുണ്ടായിരിക്കണം. തൂക്കം വളരെ കുറവുള്ളവരാണെങ്കിൽ 5–10 ഗ്രാം വരെ ഇതിൽ വർധന വരുത്താം. തൂക്കക്കൂടുതലുള്ളവർക്ക് അഞ്ചു ഗ്രാം കുറയ്ക്കുന്നതുകൊണ്ടും കുഴപ്പമില്ല.

ഡിഎച്ച്എ(ഡെകോസ ഹെക്സനോയിക് ആസിഡ്): ഗർഭാവസ്‌ഥയിലും പ്രസവിച്ച് ഏതാനും മാസങ്ങളിലും ശിശുക്കളുടെ തലച്ചോറ്, കണ്ണ്, നാഡീവ്യവസ്‌ഥ തുടങ്ങിയവയുടെ വികാസത്തിനു ഡിഎച്ച്എ അത്യാവശ്യമാണ്. ഇത് പ്ലാസന്റ വഴിയാണ് ഭ്രൂണത്തിനു ലഭിക്കുന്നത്. അതിനാൽ ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ഭക്ഷണത്തിൽ ഡിഎച്ച്എ ഉണ്ടായിരിക്കണം. മത്സ്യം ഡിഎച്ച്എയുടെ നല്ലൊരു സ്രോതസ്സാണ്. സസ്യങ്ങളിൽ ഡിഎച്ച്എ അടങ്ങിയിട്ടില്ലെങ്കിലും പച്ചക്കറികൾ, പച്ചിലക്കറികൾ, എണ്ണക്കുരുക്കൾ, പയറുകൾ, സസ്യയെണ്ണകൾ തുടങ്ങിയവ ഡിഎച്ച്എയുടെ ഉത്പാദനത്തിനു സഹായിക്കും. മുലപ്പാലിൽ ഡിഎച്ച്എ അടങ്ങിയിട്ടുണ്ട്.

ഫോളിക് ആസിഡ്: ഗർഭിണികൾക്ക് നിർബന്ധമായും കൃത്രിമ സപ്ലിമെന്റുകൾ വഴി കൊടുക്കേണ്ടിവരുന്ന ഒരേയൊരു പോഷകം ഫോളിക് ആസിഡാണെന്നു പറയാം. കാരണം, ഈ ജീവകം ദിവസം 400 മൈക്രോഗ്രാം (1000 മൈക്രോഗ്രാം ആണ് ഒരു മില്ലിഗ്രാം) എന്ന തോതിൽ ആവശ്യമുണ്ട്. ഇതു ഭക്ഷണത്തിൽ നിന്നു കിട്ടുക പ്രയാസമാണ്. ഫോളിക് ആസിഡ് ബ്രെയിൻ ഫുഡ് ആയാണു കണക്കാക്കപ്പെടുന്നത്. ഗർഭസ്‌ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും ഫോളിക് ആസിഡ് അത്യാവശ്യമാണ്. മുളപ്പിച്ച പയറുകൾ, എള്ള്, സ്പിനാഷ്, ബ്രൊക്കോളി, കാബേജ്, ക്വാളിഫ്ളവർ തുടങ്ങിയവ ഫോളിക് ആസിഡിന്റെ നല്ല സ്രോതസ്സുകളാണ്.


കാൽസ്യം: ഭ്രൂണത്തിന്റെ വളർച്ചയ്ക്കു മാത്രമല്ല, മുലയൂട്ടൽ കാലത്ത് അമ്മയ്ക്കു ശരീരത്തിൽ ആവശ്യത്തിനു കാൽസ്യം നിക്ഷേപം ഉണ്ടാകുന്നതിനും അമ്മയുടെ എല്ലുകളിലെ കാൽസ്യത്തിന്റെ അളവു കുറയാതിരിക്കുന്നതിനും ഗർഭിണികളുടെ ഭക്ഷണത്തിൽ കാൽസ്യം കൂടുതൽ ഉൾപ്പെടുത്തണം. സാധാരണ ആവശ്യമായതിലും 600 മില്ലിഗ്രാം കാൽസ്യം ഗർഭാവസ്‌ഥയിൽ ആവശ്യമാണ്.

ഗർഭിണികൾ ഇരുപത്തഞ്ചു വയസിനു താഴെ പ്രായമുള്ളവരാണെങ്കിൽ കാൽസ്യത്തിന്റെ അളവ് വീണ്ടും വർധിപ്പിക്കണം. ഇക്കാലത്താണ് എല്ലുകളുടെ സാന്ദ്രത വർധിക്കുന്നത്. അതിനാൽ കാൽസ്യം അധികമുള്ള ഭക്ഷണം കഴിക്കുന്നതിനു പുറമേ വേണ്ടിവന്നാൽ കാൽസ്യം സപ്ലിമെന്റുകളും കഴിക്കണം. പാൽ, പാൽഉത്പന്നങ്ങൾ, ബീൻസ്, പയർവർഗങ്ങൾ, ക്വാളിഫ്ളവർ, അത്തിപ്പഴം, ചെറിയ മത്സ്യങ്ങൾ, മത്തനില, ഉലുവയില എന്നിവയൊക്കെ കാൽസ്യത്തിന്റെ നല്ല സ്രോതസ്സുകളാണ്.

സിങ്ക്: ഭ്രൂണത്തിന്റെ പ്രതിരോധവ്യവസ്‌ഥയുടെ വികാസത്തിനും തലച്ചോറിന്റെ വളർച്ചയ്ക്കും പ്രധാന പങ്കുവഹിക്കുന്ന ധാതുവാണ് സിങ്ക്. ഷെൽ മത്സ്യങ്ങൾ, കൊഴുപ്പില്ലാത്ത ഇറച്ചി, കോഴിമുട്ട, പാൽ ഉത്പന്നങ്ങൾ, കശുവണ്ടി, ബദാം, കുരുമുളക്, നിലക്കടല ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ സിങ്കിന്റെ അഭാവം ഉണ്ടാകാൻ വഴിയില്ല. ഇതെല്ലാമാണെങ്കിലും ഗർഭകാലത്തു 10–12 കിലോഗ്രാം ശരീരഭാരം വർധിപ്പിക്കാൻ ശ്രദ്ധിക്കണം. ഇതിലധികം ഭാരം വർധിപ്പിക്കുന്നതും അപകടമാണ്.

<ആ>ഗർഭാവസ്‌ഥയും അസ്വസ്‌ഥതകളും

എഴുപതു ശതമാനം ഗർഭിണികളിലും കാണുന്ന ഒരു പ്രധാന ബുദ്ധിമുട്ടാണ് പ്രഭാതച്ചൊരുക്ക്. ആദ്യത്തെ മൂന്നു മാസം മുതൽ ആറുമാസം വരെ ഇതു നിലനില്ക്കാം. ചുരുക്കം ചിലരിൽ പ്രസവം വരെയും തുടരും. ഇതിനു യഥാർഥ കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ലെങ്കിലും ഈസ്ട്രജൻ തുടങ്ങിയ ഹോർമോൺ നിലകളിൽ വരുന്ന മാറ്റമാണു പ്രഭാതച്ചൊരുക്കിന്നു കാരണമെന്നു പറയപ്പെടുന്നു. മാനസിക സംഘർഷവും വൈകാരിക പിരിമുറുക്കവും ഇതു വർധിക്കാനിടയാക്കുന്നു. അന്നജം കൂടുതലടങ്ങിയ ഭക്ഷണം (ബിസ്ക്കറ്റ് തുടങ്ങിയവ) കഴിക്കുന്നത് ഒരു പരിധി വരെ പ്രഭാതച്ചൊരുക്കു തടയും.

പ്രഭാതച്ചൊരുക്ക് നിയന്ത്രിക്കാൻ: എണ്ണയും മസാലയും കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
രണ്ടു മണിക്കൂർ ഇടവിട്ട് ചെറുതായെന്തെങ്കിലും കഴിക്കുക. ഒരുമിച്ചു അധികം ഭക്ഷണം കഴിക്കാതിരിക്കുക.
ധാരാളം വെള്ളം കുടിക്കുക. തൂക്കത്തിനനുസരിച്ചു വെള്ളത്തിന്റെ അളവ് വർധിപ്പിക്കുക. ചുരുങ്ങിയത് രണ്ടര ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കുക. വിശ്രമിക്കുകയും ശുദ്ധവായു ശ്വസിക്കുകയും ചെയ്യുക. ഇതൊക്കെയാണു പ്രഭാതച്ചൊരുക്ക് നിയന്ത്രിക്കാനായി ചെയ്യാവുന്ന കാര്യങ്ങൾ.

നെഞ്ചെരിച്ചിൽ: ഗർഭകാലത്തിന്റെ ഏതു ഘട്ടത്തിലും നെഞ്ചെരിച്ചിൽ ഉണ്ടാകാമെങ്കിലും അവസാനത്തെ മൂന്നുമാസക്കാലമാണു കൂടുതലായുണ്ടാകുന്നത്. 35–50 ശതമാനം ഗർഭിണികളിൽ ഈ ബുദ്ധിമുട്ട് കാണപ്പെടുന്നു. നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ: ഇടയ്ക്കിടെ അല്പാല്പമായി ഭക്ഷണം കഴിക്കുക. ഭക്ഷണം സാവധാനത്തിൽ നന്നായി ചവച്ചു കഴിക്കുക. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുക. സുഗന്ധവ്യഞ്ജനങ്ങളും പുളിയുള്ള ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുക. ചോക്ലേറ്റുകൾ വറുത്ത പദാർഥങ്ങൾ തുടങ്ങിയവ ഒഴിവാക്കുക. പാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഭക്ഷണം കഴിച്ച ഉടനെ കിടക്കാതിരിക്കുക. തുടങ്ങിയവ നെഞ്ചെരിച്ചിൽ ഒഴിവാക്കാൻ സഹായിക്കും.

മലബന്ധം: നാൽപതു ശതമാനം ഗർഭിണികളിലും കാണപ്പെടുന്ന ബുദ്ധിമുട്ടാണ് മലബന്ധം. പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, ഉണങ്ങിയ പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തിയാൽ ഒരു പരിധിവരെ ഈ പ്രശ്നം പരിഹരിക്കാനാവും. ധാരാളമായി വെള്ളം കുടിക്കണം. മനസിനെ സംഘർഷരഹിതമായി നിലനിറുത്തണം.

ഗർഭകാലത്തെ പ്രമേഹം

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നമാണ് ഗർഭകാലത്തെ പ്രമേഹം. അഞ്ചു ശതമാനം ഗർഭിണികളിൽ ഇതു കാണുന്നു. ഗർഭസ്‌ഥ ശിശുവിനു തൂക്കം കൂടുക, അണുബാധ ഉണ്ടാവുക, മൂത്രാശയരോഗങ്ങൾ, സിസേറിയനുള്ള സാധ്യത ഇവയൊക്കെ ഗർഭാവസ്‌ഥയിലെ പ്രമേഹത്തിൽ സംഭവിക്കുന്നു.
പോഷകങ്ങളുടെ ആവശ്യകത ഇവർക്കും സാധാരണ ഗർഭിണികളെപ്പോലെ തന്നെയാണ്. മധുരം, അമിതമായി ഊർജം നൽകുന്ന ഭക്ഷണങ്ങൾ ഇവ ഈ അവസ്‌ഥയിലുള്ളവർ ഒഴിവാക്കണം. ശരീരഭാരം കൂടാതെയും ശ്രദ്ധിക്കണം.

സ്റ്റാഫ് പ്രതിനിധി