കൃമികടിക്കു മരുന്ന് അടുക്കളയിലുണ്ട്!
Saturday, January 23, 2021 5:19 PM IST
മഞ്ഞൾ ചേർത്ത കറികൾ ആരോഗ്യപ്രദം. വിവിധ തരം കാൻസറുകൾക്കെതിരേ പോരാടാൻ മഞ്ഞൾ സഹായകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മഞ്ഞൾ ആന്റി സെപ്റ്റിക്കാണ്. മുറിവുകൾ, പൊള്ളലുകൾ എന്നിവയെ സുഖപ്പെടുത്താൻ മഞ്ഞളിനു കഴിവുണ്ട്.
സന്ധിവാതം തടയാൻ
കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും മഞ്ഞൾ സഹായകം. സന്ധിവാതം, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിവയുടെ ചികിത്സയ്ക്കും മഞ്ഞൾ ഗുണപ്രദമാണെന്നു ഗവേഷകർ. നീരും വേദനയും കുറയ്ക്കാൻ മഞ്ഞൾ ഫലപ്രദം.
കൃമികടിക്കു നാടൻ പരിഹാരം
കൃമികടി മാറാൻ മഞ്ഞൾ പലപ്രദമെന്നതു നാട്ടറിവ്. കുടലിലെ പുഴുക്കൾ, കൃമി എന്നിവയെ നശിപ്പിക്കാൻ മഞ്ഞൾ ഫലപ്രദം. തിളപ്പിച്ചാറിച്ച വെളളത്തിൽ മഞ്ഞൾപ്പൊടി കലക്കിക്കുടിച്ചാൽ കൃമിശല്യം കുറയും.
എല്ലുകളുടെ കരുത്തിന്
മഞ്ഞൾ എല്ലുകൾക്കു കരുത്തു പകരുന്നു. ഓസ്റ്റിയോ പൊറോസിസ് എന്ന എല്ലുരോഗം തടയുന്നു. ഹൃദയാരോഗ്യത്തിനും മഞ്ഞൾ ഗുണപ്രദം.
നാട്ടുമഞ്ഞൾ പൊടിപ്പിച്ച് ഉപയോഗിക്കാം
പണ്ടൊക്കെ നാട്ടിൻപുറത്തെ വീടുകളിൽ പച്ചമഞ്ഞൾ പുഴുങ്ങിയുണക്കി സൂക്ഷിക്കുമായിരുന്നു. ഇന്ന് എല്ലാം പൊടിരൂപത്തിൽ പായ്ക്കറ്റിൽ വിപണിയിൽ സുലഭം. ഇത്തരം റെഡിമെയ്ഡ് പൊടികളിൽ മായം കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വാങ്ങുന്നവരും വില്ക്കുന്നവരും അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നാടൻ മഞ്ഞൾ വാങ്ങി കഴുകി ഉണക്കി പൊടിപ്പിച്ചത് ഉപയോഗിക്കുന്നതാണ് ആരോഗ്യകരം.