കോവിഡ് പ്രതിരോധ വാക്സിൻ വിവരങ്ങൾക്ക് പോർട്ടൽ
Tuesday, September 29, 2020 2:28 PM IST
ന്യൂഡൽഹി: കോവിഡ്-19 പ്രതിരോധ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാർ ഓണ്‍ലൈൻ പോർട്ടൽ ആരംഭിച്ചു. ആരോഗ്യമന്ത്രി ഹർഷവർധനാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആർ സൈറ്റിൽ ഈ പോർട്ടൽ ലഭ്യമാകും. ഇന്ത്യയിലെ കോവിഡ് പ്രതിരോധ വാക്സിൻ വികസനവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് ഈ ഓണ്‍ലൈൻ പോർട്ടൽ. ആദ്യഘട്ടത്തിൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ടാണെങ്കിലും കാലക്രമേണ മറ്റു വാക്സിൻ സംബന്ധിച്ച വിവരങ്ങളും ഈ ഓണ്‍ലൈനിൽ ലഭ്യമാകും.
അതേസമയം, 2021ന്റെ ആദ്യപാദത്തിൽ വാക്സിൻ രാജ്യത്ത് ലഭ്യമായേക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും മന്ത്രി ഹർഷവർധൻ പറഞ്ഞു.
വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. രാജ്യത്ത് മൂന്ന് വാക്സിൻ നിർമാതാക്കൾ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. 2021ന്റെ ആദ്യ പാദത്തിൽ രാജ്യത്ത് വാക്സിൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.