പനി ശരീരത്തിന്റെ ഒരു യുദ്ധതന്ത്രമാണ്!
Friday, January 25, 2019 3:55 PM IST
പനി എന്നാൽ മലയാളത്തിൽ അർഥം ചൂടെന്നല്ല കുളിരെന്നാണ്.‘പനിമതി’ എനാൽ ചന്ദ്രനാകാൻ കാരണം ഇതുകൊണ്ടാണ്. എന്നാൽ നമുക്കു പനിയെന്നാൽ ചൂടാണ്. സാധാരണ ശരീരത്തിന്റെ ചൂട് 98.6 ( 37ഡിഗ്രി സെന്റിഗ്രേഡ്) ആണു. വൈകുന്നേരം 4 മുതൽ 8 മണിവരെയുള്ള സമയത്ത് സ്വാഭാവികമായി ശരീര താപനില കൂടാറുണ്ട്.
അതിരാവിലെ 2 മണി മുതൽ 6 മണിവരെയുള്ള സമയത്ത് താപനില കുറയും.എന്നാൽ കൂടിയതും കുറഞ്ഞതുമായ സ്വഭാവിക താപനിലകൾ തമ്മിൽ ഒരു ഡിഗ്രി വ്യത്യാസമേ ഉണ്ടാകൂ.
മെർക്കുറി ഗ്ലാസ്സ് തെർമോമീറ്റർ ഒന്നര മിനിറ്റ് നേരം വായിൽ വച്ചെടുക്കുന്ന താപനിലയാണു ഏറ്റവും കൃത്യതയുള്ളതായി കരുതുന്നത്. കക്ഷത്തിൽ വച്ചും ശരീര താപം രേഖപ്പെടുത്താം. ശരീരത്തിന്റെ ആന്തരിക താപനില ( core temperature) യാണു മലദ്വാരത്തിൽ വച്ചു രേഖപ്പെടുത്തുന്നത്.
ശരീര താപനില ഉയരുന്പോൾ
ശരീരത്തിൽ നടക്കുന്ന ഉപാപചയ പ്രവർത്തങ്ങളും പേശീചലനങ്ങളുമാണു ശരീരതാപനില കൂട്ടുന്നത്. ശരീരത്തിനാവശ്യമായതിൽ കൂടുതൽ താപം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. തലച്ചോറിന്റെ ഭാഗമായ ഹൈപ്പൊ തലാമസ് ആണു ശരീരതാപം നിയന്ത്രിക്കുന്നത്.
അധികമായുണ്ടാക്കുന്ന ചൂട് ത്വക്കിലൂടെയും ശ്വാസകോശത്തിലൂടെയും പുറത്തു കളയുന്നു. 37 ഡിഗ്രിയിൽ കൂടുതലുള്ള ശരീര താപനിലയെയാണു വൈദ്യശാസ്ത്രം പനിയായി നിർവചിക്കുന്നത്. സാധാരണ ഗതിയിൽ പനിക്കുന്പോൾ ശരീര താപനില 40 ഡിഗ്രിയിൽ കൂടില്ല (105.ഫാരൻ ഹീറ്റ്)
എന്നാൽ മലന്പനി, സെപ്റ്റിസീമിയ, സൂര്യാഘാതത്തിന്റെ കൂടിയ അവസ്ഥ (heat stroke), പോണ്ടൈൻ ഹെമറേജ് എന്ന തല്ച്ചോറിലെ രക്തസ്രാവം പോലുള്ള അവസ്ഥകളിൽ പനി 41.5 ഡിഗ്രി( 107 ഡിഗ്രി ഫാരൻഹീറ്റ്) കടക്കാം .
അങ്ങനെയെങ്ങാനും വന്നാൽ പെട്ടന്നു താപനില കുറച്ചില്ലങ്കിൽ ശരീരത്തിന്റെ എല്ലാ താപനിയന്ത്രണ സംവിധാനങ്ങളും തകരുകയും ശരീരത്തിന്റെ പ്രവർത്തനമാകെ തകരാറിലായി രോഗി മരിക്കുക വരെ ചെയ്യാം.
പനിയുണ്ടാക്കുന്ന വസ്തുക്കളെ ‘പൈറോജൻസ്’ എന്നാണു പറയുന്നത്. ഇവ ബാഹ്യജന്യവും ആന്തരജന്യവുമുണ്ട്. ബാഹ്യജന്യമായതിൽ പ്രധാനമായത് ബാക്റ്റീരിയ, ഫംഗസ്, വൈറസ് എന്നീ രോഗാണുക്കളും, അവയുടെ വിഷങ്ങളും അവയിൽ നിന്നുണ്ടാകുന്ന പദാർത്ഥങ്ങളുമാണ്. ആന്തരജന്യമായ പൈറൊജനുകൾ ഇന്റർലൂക്കിൻ 1, ഇന്റർലൂക്കിൻ 2,(IL 1&2), റ്റൂമർ നെക്രോസിങ്ങ് ഫാക്റ്റർ അല്ഫ(TNF)എന്നിവയാണ്.
ഇതുകൂടാതെ ചതവുകൾ, നീർക്കെട്ട്( infection), കോശകലകളുടെ നാശം, ആന്റിജൻ ആന്റിബോഡി റിയാക്ഷൻ എന്നിവയും പനിയുണ്ടാക്കും. പനി ശരീരത്തിന്റെ ഒരു യുദ്ധ തന്ത്രമാണ്.
ശരീര താപം കൂടുന്നത് രോഗാണുക്കളുടെ വളർച്ചയും വ്യാപനവും തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പനി പിടിക്കാത്തവരിൽ ( ഉദാഹരണത്തിനു പലകാരണങ്ങളാൽ രോഗ പ്രതിരോധശേഷി കുറഞ്ഞവരിലും വൃദ്ധരിലും) നിസാര രോഗം മൂർച്ഛിക്കുന്നത് നിയന്ത്രിക്കാൻ ശരീരത്തിനു കഴിയുന്നില്ല. പനിയെന്ന ഇൻഡിക്കേറ്റർ ലൈറ്റ് കത്താത്തതിനാൽ ആന്തരികമായി നടക്കുന്ന രോഗവ്യാപനം അറിയാതെ പോവുകയും രോഗി ഗുരുതരാവസ്ഥയിലെത്തുകയും ചെയ്യുവാൻ സാധ്യതയുണ്ട്. അതിനാൽ വല്ലപ്പോഴുമൊരു പനിവരുന്നുവെന്നത് മോശം കാര്യമൊന്നുമല്ല. നമ്മുടെ ശരീരത്തിന്റെ ആന്തരിക പ്രതിരോധനിര ശക്തമാണെന്നുവേണം കരുതാൻ.
പനിയുള്ള ശരീരം
പനി ശരീരത്തിന്റെ പ്രവർത്തനരീതിയാകെ മാറ്റുന്നു. പനിക്കുന്പോൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളൂടെ വേഗത കൂടുന്നു. ഒരു ഡിഗ്രി താപനില കൂടുന്പോൾ പോലും 13 % ഓക്സിജൻ ഉപയോഗം കൂടുന്നു. 360 എം എൽ അധിക ജലനഷ്ടം ഉണ്ടാകുന്നു. ഹൃദയമിടിപ്പ് കൂടുന്നു.
എന്നാൽ എല്ലാ പനിക്കും ഹൃദയമിടിപ്പു കൂടില്ലെ്ലന്നുമോർക്കണം, റ്റൈഫോയിഡ്,എലിപ്പനി എന്നിവ ഈ വിഭാഗത്തിലുള്ളതാണ്. ചിലതിനു ഹൃദയമിടിപ്പു വല്ലാതെ കൂടുകയും ചെയ്യും. ന്യൂമോണിയ, വാതപ്പനി എന്നിവ ഉദാഹരണം.
വിറയലുണ്ടാകുന്ന പനികളെ ഒന്നു ശ്രദ്ധിക്കണം. മലന്പനി, മന്ത്, മൂത്രത്തിൽ പഴുപ്പ്, ശരീരത്തിലകത്തോ പുറത്തോ പഴുപ്പുണ്ടാവുക എന്നീ അവസ്ഥകളിലാണു കുളിരും വിറയലും സാധാരണ കാണാറുള്ളത്.
ശക്തമായ തലവേദനയോടെയുള്ള പനി തലയ്ക്കുള്ളിലെ രോഗാണു ബാധയാകാം. സൈനസൈറ്റിസിനും വരാം. ഡങ്കിപ്പനിയിൽ കണ്ണിനു പിന്നിലാണു വേദന തോന്നുന്നത്.
(തുടരും)
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്
കണ്ണൂർ, മൊബൈൽ 9447689239 :
[email protected]