പാർക്കിൻസൺസ് രോഗം: കൈകാലുകളിൽ വിറയൽ
Wednesday, May 7, 2025 2:50 PM IST
1817ല്‍ ഡോ. ജെയിംസ് പാര്ക്കിന്സണ് ആണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തെപ്പറ്റി ആദ്യമായി വിവരണം നല്‍കിയത്. നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് പാര്‍ക്കിന്‍സോണിസം രോഗം.
തലച്ചോറിലെ നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങള്‍ ആണ് ബേസൽ ഗാൻഗിയയും സബ്സ്റ്റാൻഷ്യ നൈഗ്രയും. ഇവിടങ്ങളിലെ ഡോപ്പാമിന്‍ എന്ന പദാര്‍ഥം ഉത്പാദിപ്പി ക്കുന്ന ഞരമ്പുകള്‍ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം.
ആയുര്‍വേദത്തില്‍ 4,500 വര്‍ഷങ്ങള്‍ക്കുമുന്നേ കമ്പവാതം എന്നൊരു രോഗത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാര്ക്കിന്സണ് രോഗലക്ഷണങ്ങളുടെ സാമ്യം ഉണ്ട്. സാധാരണയായി 60 വയസിനുമേൽ പ്രായം ഉള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്.
40 വയസിനുമേല്‍ പ്രായം ഉള്ളവരില്‍ 0.3% പേരില്‍ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയില്‍ ഏകദേശം ഏഴു ദശലക്ഷം പേര്‍ക്ക് പാര്ക്കിന്സണ് രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു.
രോഗകാരണങ്ങള്‍
ചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകള്‍ നശിച്ചു പോകുന്നതിനു വ്യക്തമായ ഒരു കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ പല കാരണങ്ങള്‍ കൊണ്ടും പാര്ക്കിന്സണ് രോഗം ഉണ്ടാകാം.
40 വയസില്‍ താഴെയുള്ള ചെറുപ്പക്കാരില്‍ രോഗം വരികയാണെങ്കില്‍ അത് കൂടുതലും ജനിതക കാരണങ്ങള്‍ കൊണ്ടായിരിക്കും. താഴെ പറയുന്ന കാരണങ്ങള്‍ പാര്ക്കിന്സണ് രോഗം വരാനുള്ള സാധ്യത പതിന്മടങ്ങു കൂട്ടുന്നവയാണ്.
1. അടിക്കടി തലയ്ക്കു ക്ഷതം ഏല്‍ക്കുന്നത്. പ്രത്യേകിച്ചും ബോക്സർമാരിൽ..
2. വ്യാവസായിക മേഖലയില്‍ ജീവിക്കുന്നവര്‍; പ്രത്യേകിച്ചു ചെന്പ്, മാംഗനീസ്, ലെഡ് എന്നിവ കൂടുതലായി ഉപയോഗിക്കുമ്പോള്‍.
3. കീടനാശിനികള്‍ ഉപയോഗിക്കുന്നവര്‍.
4. അമിതവണ്ണം, പ്രമേഹം ഉള്ളവര്‍.
5. ട്രൈക്ലോറോ എഥിലിൻ (Tricholoro ethylene) രാസവസ്തു ഉപയോഗിക്കുന്ന ഫാക്ടറിയില്‍ ജോലി ചെയ്യുന്നവർ.
6. വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍.
7. ഇരുന്പ് കൂടുതലുള്ള ആഹാരസാധനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവര്‍.
8. കുടുംബത്തില്‍ പാര്ക്കിന്സണ് രോഗം ഉള്ളവര്‍ ഉണ്ടെങ്കില്‍
രോഗലക്ഷണങ്ങള്‍
പ്രാധനമായും നാല് ലക്ഷണങ്ങള്‍ ആണ് പാര്ക്കിന്സണ് രോഗത്തില്‍ ഉള്ളത്.
1. വിറയല്‍
സാധാരണയായി വിറയല്‍ ഏതെങ്കിലും ഒരു വശത്തെ കയ്യിലോ കാലിലോ ആയിരിക്കും ആദ്യം തുടങ്ങുന്നത്. ഇത് വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കും കൂടുതലായി കാണുന്നത്. എന്തെങ്കിലും കയ്യില്‍ പിടിക്കുമ്പോഴോ അല്ലെങ്കില്‍ ജോലി ചെയ്യുമ്പോഴോ വിറയല്‍ കുറവായിരിക്കും.
രോഗത്തിന്റെ കാല ദൈർഘ്യം കൂടുന്നതനുസരിച്ചു വിറയലിന്റെ തീവ്രതയും അതോടൊപ്പം എത്തുന്നു. മറ്റു കൈകാലുകളിലേക്കു പടരുകയും ചെയ്യും. കൂടുതല്‍ ടെന്‍ഷന്‍ ഉള്ളപ്പോഴോ ക്ഷീണാവസ്ഥയിലോ വിറയലിന്റെ തീവ്രത കൂടുതലായിരിക്കും.
വിവരങ്ങൾ: ഡോ. സുശാന്ത് എം. ജെ.
എംഡി, ഡിഎം, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം.