ഡൗൺ സിൻഡ്രോം: ഒറ്റപ്പെടുത്തരുത്, പരിഹസിക്കരുത്
Monday, March 24, 2025 2:53 PM IST
രോഗനിര്‍ണയം എങ്ങനെ?
ബുദ്ധിവൈകല്യമുണ്ടാക്കുന്ന ഏറ്റവും പ്രധാന ജനിതകരോഗമാണ് ഡൗണ്‍ സിന്‍ഡ്രോം. ഗര്‍ഭകാലത്തു തന്നെ ട്രിപ്പിള്‍ ടെസ്റ്റ്, ക്വാഡ്രിപ്പിള്‍ ടെസ്റ്റ്, അള്‍ട്രാ സൗണ്ട് സ്കാനിംഗ് എന്നിങ്ങനെ ഡൗൺ സിൻഡ്രോമിന് സ്ക്രീനിംഗ് ടെസ്റ്റുകള്‍ ലഭ്യമാണ്.
സ്ക്രീനിംഗ് ടെസ്റ്റില്‍ അപാകത ഉണ്ടെങ്കില്‍, ഉറപ്പിക്കാനായി അമ്നിയോസെന്റസിസ്, കോറിയോണിക് വില്ലസ് സാംപ്ലിംഗ് തുടങ്ങിയവ ചെയ്യാം. ജനനശേഷമായാലും കാരിയോ ടൈപ്പിംഗ് ടെസ്റ്റ് വഴി 100% രോഗനിര്‍ണയം സാധ്യമാണ്.
എങ്ങനെ ചികിത്സിക്കാം?
ജനിതകതകരാര്‍ ആയതിനാല്‍ ഒരു മരുന്നുകൊണ്ട് ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. ശിശുരോഗ വിദഗ്ധന്‍, കാര്‍ഡിയോളജിസ്റ്റ്, ഫിസിക്കല്‍ മെഡിസിന്, നേത്രരോഗ വിഭാഗങ്ങള്‍, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി, സര്‍ജറി തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഇവരെ ചികിത്സിക്കുന്നത്.
നിര്‍ദിഷ്ട സമയങ്ങളില്‍ വിവിധ രോഗങ്ങളുടെ സ്ക്രീനിംഗ് ഈ കുട്ടികളില്‍ ചെയ്യേണ്ടതാണ്.
ഓക്യൂപ്പേഷണല് തെറാപ്പി, സ്പീച്ച്
തെറാപ്പി, ഫിസിയോതെറാപ്പി, ചൈല്‍ഡ് ഡെവലപ്മെന്റല്‍ തെറാപ്പി തുടങ്ങിയവ കുട്ടികളില്‍ ഫലപ്രദമായ മാറ്റം കൊണ്ടുവരാന്‍ സഹായിക്കും.
താങ്ങായി നിൽക്കാം
ഡൗണ്‍ സിന്‍ഡ്രോം ബാധിതരുടെ ശരാശരി ബുദ്ധിവികാസം 8-9 വയസിന്റേതാണ്. പക്ഷേ, ഓരോ വ്യക്തിയെ അനുസരിച്ചും ഇതിനു മാറ്റം ഉണ്ടാകാം. ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ വളരെ സൗഹൃദ മനോഭാവം ഉള്ളവരും മറ്റുള്ളവരോട് സ്നേഹത്തോടെ പെരുമാറുന്നവരുമാണ്.
ഇത്തരം കുട്ടികളെയും അവരുടെ കുടുംബത്തെയും പൊതുസമൂഹത്തില്‍ ഒറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാതെ അവര്‍ക്ക് താങ്ങായി നില്‍ക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കേണ്ടത്.
ഡൗണ്‍ സിന്‍ഡ്രോം സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഇതിന് ഒരു പരിധിവരെ സഹായിക്കുന്നു. നേരത്തെ രോഗനിര്‍ണയം നടത്തി ശരിയായ ഇടപെടല്‍ നടത്തിയാല്‍ സ്വന്തം കാര്യം നോക്കാനും വരുമാനം ഉണ്ടാക്കാനും ഉതകുന്ന രീതിയില്‍ ഒരു പരിധിവരെ അവരെ പ്രാപ്തരാക്കുവാന്‍ കഴിയും.
വിവരങ്ങൾ: രശ്മി മോഹൻ എ.
ചെൽഡ് തെറാപ്പിസ്റ്റ് എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം