സോപ്പ് ഉപയോഗത്തിൽ ശ്രദ്ധിക്കണം
Thursday, February 13, 2025 3:01 PM IST
സംഘര്‍ഷം ഇല്ലാത്ത ജീവിതരീതിയും ആവശ്യത്തിനുള്ള വിശ്രമവും ശരീരശുചിത്വവും നല്ല ത്വക്കിന് ആവശ്യമാണ്.
പിഎച്ച് കുറഞ്ഞത്
ചര്‍മ സംരക്ഷണത്തിന് കൂടെക്കൂടെ സോപ്പ് ഉപയോഗിക്കുന്നതു നല്ലതല്ല. ക്ഷാരാംശം കുറവുള്ള മൃദുവായ സോപ്പാണ് ഏറ്റവും നല്ലത്. തൊലിയുടെ വരള്‍ച്ച ഒഴിവാക്കാനാണ് ഇത്. ത്വക്കിന്റെ പിഎച്ച് 5.5 ആണ്.
കുറഞ്ഞ പിഎച്ച് ഉള്ള സോപ്പ് ചർമത്തിനു ഗുണകരമാണ്. ത്വക്കില്‍ പ്രകൃത്യാ ഉള്ള നല്ല ബാക്ടീരിയയെ നിലനിര്‍ത്താന്‍ അതു സഹായകമാകും.
വരണ്ട ചര്‍മമുള്ളവര്‍
വരണ്ട ചര്‍മമുള്ളവര്‍ കൊക്കോ ബട്ടര്‍, ലനോലിന്‍, ഗ്ലിസറില്‍ അടങ്ങിയ സോപ്പ് ഉപയോഗിക്കണം. കിടക്കുന്നതിനു മുമ്പ് മോയ്സ്ചുറൈസര്‍ ഉപയോഗിക്കുന്നത് ത്വക്കിന്റെ മൃദുത്വം നിലനിര്‍ത്താന്‍ സഹായിക്കും.
സൂര്യരശ്മിയില്‍നിന്ന് സംരക്ഷണം
അള്‍ട്രാവയലറ്റ് രശ്മികള്‍ സ്ഥിരമായി ഏല്ക്കുന്ന വൃദ്ധജനങ്ങള്‍ക്ക് ടാനിംഗ് (ചര്‍മത്തിലെ ഇരുണ്ട നിറം), സൂര്യാഘാതം, ചര്‍മാര്‍ബുദം ഇവ ഉണ്ടാകാന്‍ സാധ്യത കൂടുതലുണ്ട്.
സണ്‍ സ്ക്രീനുകൾ, വിറ്റാമിൻ ഡി
ടൈറ്റാനിയം ഡയോക്സൈഡ്, സിങ്ക് ഓക്സൈഡ് തുടങ്ങിയ സണ്‍ സ്ക്രീനുകള്‍ നല്ല സൂര്യപ്രകാശത്ത് പുറത്തു പോകുമ്പോള്‍ ഉപയോഗിക്കുന്നതു നല്ലതായിരിക്കും. വിറ്റാമിൻ ഡി കുറവുണ്ടെങ്കില്‍ ഡോക്ടറുടെ നിർദേശ പ്രകാരം അത് കഴിക്കുന്നതും ത്വക്കിനു ഗുണം ചെയ്യും.
സിറം (Serum)
മുഖത്തെ തൊലി ചുളുങ്ങി വാര്ധക്യമാകുന്നവരില്, ഫില്ലറുകള്‍ അടങ്ങിയ സിറങ്ങള്‍ പ്രയോജനം ചെയ്യും. ചർമത്തിന്റെ താഴെയുള്ള പാളികളില്‍ ഇവ അടിയുകയും പോഷകഗുണം നല്‍കുകയും ചെയ്യുന്നു.
മുഖത്തെ നിറവ്യത്യാസം മാറാനും യുവത്വം നിലനിര്‍ത്താനും ഇവ സഹായിക്കും. പോഷകങ്ങള്‍ നിറഞ്ഞ മോയ്സ്ചുറൈസറുകളും ചര്‍മത്തിന് ഗുണം നല്‍കും.
പൗഡറുകള്‍
ഈര്‍പ്പം മൂലം അണുബാധയുണ്ടാകുന്ന രോഗികളായ വൃദ്ധരില്‍, ശരീര മടക്കുകളില്‍ ആന്റിബയോട്ടിക്കുകളും ആന്റിഫംഗലുകളും ചേര്‍ന്ന പൗഡറുകള്‍ വളരെ പ്രയോജനകരമാണ്.
നനവ് മാറാനും പ്രതിരോധശക്തി നല്‍കാനും ഇത് സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.