വാർധക്യത്തിലെ ചർമസംരക്ഷണം: അണുബാധയും ചർമത്തിലെ മാറ്റങ്ങളും
Tuesday, February 11, 2025 1:27 PM IST
വാര്‍ധക്യത്തില്‍ ചര്‍മത്തില്‍ നിറവ്യത്യാസം, അണുബാധ, ചെറിയ കുരുക്കള്‍, വരള്‍ച്ച എന്നിങ്ങനെ പലവിധ മാറ്റങ്ങളുണ്ടാവാം.
നിറവ്യത്യാസം
വെള്ളപ്പാണ്ട് (Vitiligo)
മധ്യവയസ്കരിലും വൃദ്ധരിലും വെള്ളപ്പാണ്ട് പ്രത്യക്ഷപ്പെടാറുണ്ട്. മറ്റു രോഗലക്ഷണങ്ങള്‍ - ചൊറിച്ചില്‍, വേദന - ഇവയൊന്നും ഇതിനോടൊപ്പം കാണാറില്ല. ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളുടെ (ഉദാഹരണം - ആട്ടോ ഇമ്യൂണ്‍ രോഗങ്ങള്‍) ലക്ഷണമായും ഇവയുണ്ടാകാം.
വുഡ്ലാംപ് ഉപയോഗിച്ച്, പരിശോധന നടത്തുകയും ത്വക് രോഗ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ തന്നെ ചികിത്സ തേടുകയും വേണം. പ്രമേഹം, തൈറോയ്ഡ് രോഗങ്ങള്‍, വിളര്‍ച്ച ഇവയൊക്കെ ഉണ്ടോ എന്ന് അറിയാന്‍ പരിശോധനകള്‍ നടത്തണം.
അണുബാധ
1. ഫംഗസ്
മിക്ക വൃദ്ധജനങ്ങള്‍ക്കും പ്രമേഹം, കരള്‍ രോഗങ്ങള്‍ ഇവ കണ്ടുവരുന്നുണ്ട്. അങ്ങനെയുള്ളവര്‍ക്ക് രോഗപ്രതിരോധശേഷി കുറവായിരിക്കും.
2. പൂപ്പല്‍ ബാധ (fungal infection)
കാന്‍ഡിഡാ വിഭാഗത്തില്‍പ്പെട്ട ഫംഗസ്, തൊലിയെയും നഖത്തെയും ഗുഹ്യഭാഗങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. അത് നേരത്തെ തന്നെ കണ്ടുപിടിക്കുകയും ആന്റിഫംഗല്‍ ലേപനങ്ങളും ഗുളികകളും ഉപയോഗിക്കേണ്ടതുമാണ്.
3. പേന്‍ ബാധ (Pediculosis), ചൊറി (Scabies)
വ്യക്തിശുചിത്വം കുറവായ വൃദ്ധജനങ്ങളില്‍, തലമുടിയിലും ഗുഹ്യഭാഗങ്ങളിലും പേന്‍ശല്യം കൂടുതലായി കാണപ്പെടുന്നുണ്ട്. ചൊറി (Scabies) വളരെ സാധാരണമായി ഇത്തരം രോഗികളില്‍ കാണുന്നു.
ദീര്‍ഘകാലം ശയ്യാവലംബികളായ രോഗികളിലും കൃത്യമായി ശരീരം ശുചിയാക്കാത്തവരിലും ഇത് ഒരു പ്രശ്നമാണ്.
ഇതിനെല്ലാം വളരെ ഫലപ്രദമായ Ivermectin, Permethrin എന്നീ മരുന്നുകള്‍ ലഭ്യമാണ്. ഇവയടങ്ങിയ സോപ്പുകളും ലഭ്യമാണ്.
4. ബാക്ടീരിയല്‍ ബാധ
രോഗങ്ങള്‍ മൂലം പ്രതിരോധശക്തി കുറവുള്ളവരില്‍ ത്വക്കില്‍ ബാക്ടീരിയ, പ്രധാനമായും സ്ട്രെപ്റ്റോ കോക്കസ് ബാധ കണ്ടുവരുന്നു.
തൊലിയില്‍ ചുവപ്പ് കുമിളകള്‍, പനി, എന്നിവ രോഗലക്ഷണങ്ങളാണ്. കൃത്യമായ ആന്റിബയോട്ടിക്സ് ഉപയോഗിച്ച് ഏറ്റവും നേരത്തെ ചികിത്സ നല്‍കേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ്, ത്വക് രോഗ വിഭാഗം എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം