പനിബാധിതർ കൊതുകുകടി ഏൽക്കരുത്
Thursday, January 9, 2025 5:14 PM IST
വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്താനുള്ള കഴിവുണ്ടായിരിക്കും.
ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകട സൂചനകൾ
തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട് , ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ തുടങ്ങിയ അപകട സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം രോഗിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.
പ്രായാധിക്യമുള്ളവർ,ഒരു വയസിനു താഴെയുള്ള കുട്ടികൾ, പ്രമേഹം, രക്താതിമർദം, ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങളുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഡെങ്കിപ്പനിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
ചികിത്സ
വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനി രോഗാണുവിനെ നശിപ്പിക്കുന്നതിനുള്ള പ്രത്യേക ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകി വരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ തന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടതാണ്. നേരത്തേയുള്ള രോഗനിർണയവും ചികിത്സയും രോഗം ഗുരുതരമാകുന്നതും മരണവും തടയും.
സമ്പൂർണ വിശ്രമം
രോഗബാധിതർക്ക് സമ്പൂർണ വിശ്രമം ആവശ്യമാണ്. പനി മാറിയാലും മൂന്നു നാലു ദിവസം കൂടി വിശ്രമം തുടരേണ്ടതാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം.
ആസ്പിരിൻ, ഇബുപ്രോഫിൻ മുതലായ വേദനസംഹാരി മരുന്നുകൾ ഒഴിവാക്കണം. പകൽ സമയം വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം. ഡെങ്കിപ്പനിബാധിതർ കൊതുകുകടി ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാൻ സഹായിക്കും.
പ്രതിരോധിക്കാം
ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാൽ വെള്ളം കെട്ടി നിൽക്കുന്ന ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ, പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന മറ്റ് വസ്തുക്കൾ മുതലായവ നീക്കം ചെയ്യുക.
ഫ്രിഡ്ജിനു പുറകിലെ ട്രേ, ചെടിച്ചട്ടികൾക്കടിയിലെ പാത്രം, വാട്ടർ കൂളറുകൾ, ഫ്ലവർ വേസുകൾ, വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രം മുതലായവയിലെ വെള്ളം ആഴ്ചയിൽ ഒരിക്കലെങ്കിലും മാറ്റണം.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്