മോഷണം ഒരു രോഗമാകുന്പോൾ..!
Monday, January 6, 2025 2:46 PM IST
സിസിടിവിയിൽ പിടിക്കപ്പെട്ട ചില കള്ളന്മാരുടെ വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. അവരെ കണ്ടാൽ മോഷ്ടിക്കാൻ വന്നവരാണെന്നു തോന്നുകയേയില്ല. അത്ര മാന്യന്മാരായിരിക്കും.
അവരിൽ ചിലരെങ്കിലും മോഷണശീലം രോഗമായിട്ടുള്ളവരാണ്. അവർ മോഷ്ടിക്കുന്നത് മാനസിക തൃപ്തിക്കു വേണ്ടി മാത്രമായിരിക്കും. ഇവരെ നമ്മൾ മോഷണക്കുറ്റത്തിനു ശിക്ഷിച്ചാലും ഇവർ പിന്നെയും മോഷ്ടിച്ചുകൊണ്ടിരിക്കും.
“പഠിച്ച കള്ളൻ’’അല്ലാത്തതിനാൽ ഈ പാവം കള്ളൻ ഇടയ്ക്കിടെ പിടിക്കപ്പെടുകയും അത് ആ വ്യക്തിക്കും അവന്റെ കുടുംബത്തിനും സമൂഹത്തിൽ വലിയ നാണക്കേടുണ്ടാക്കുന്നു. ഇതു കടുത്ത അപകർഷബോധത്തിലേക്കും പിന്നീട് വിഷാദ രോഗത്തിലേക്കും എത്തിച്ചേരാം.
ക്ലെപ്റ്റോ മാനിയ എന്നാണ് ഈ രോഗത്തിനു വൈദ്യശാസ്ത്രത്തിൽ പറയുന്നത്. ഒരു ശതമാനത്തിൽ താഴെ മാത്രം ആളുകളിലേ ഇതു കാണാറുള്ളു.
എന്തുകൊണ്ട്?
ശരിയായ കാരണം കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ സെറിട്ടോണിൻ എന്ന നാഡീചാലക രാസവസ്തുവിന്റെ കുറവ് ഇത്തരം നിയന്ത്രണാതീതമായ പ്രവർത്തന ശീലങ്ങൾ ഉണ്ടാക്കാറുണ്ട്. മോഷ്ടിക്കുന്പോൾ ലഭിക്കുന്ന സുഖം കൊണ്ട് തലച്ചോറിലെ മറ്റൊരു നാഡീചാലകമായ ഡോപ്പമിന്റെ അളവു കൂടുന്നത് അയാളെ ഈ ശീലത്തിന്റെ അടിമയാക്കുന്നു.
തലച്ചോറിലെ സുഖകരാവസ്ഥകളെ നിയന്ത്രിക്കുന്ന ഓപ്പിയോയ്ഡ് സിസ്റ്റത്തിന്റെ അപാകതകളാണ് ഇത്തരം സുഖമുള്ള കുറ്റകൃത്യങ്ങളുടെ പിന്നിലെന്നു കരുതപ്പെടുന്നു. ചിലരിൽ ഈ തകരാർ പാരന്പര്യമാവാം.
ലക്ഷണങ്ങൾ
* തനിക്ക് ആവശ്യമില്ലെങ്കിലും നിസാരമായ ചില സാധനങ്ങൾ കാണുന്പോൾ ഏതു വിധേനയും അതു മോഷ്ടിക്കണമെന്ന ഉത്ക്കടമായ തോന്നൽ. ഉത്കണ്ഠയോ മറ്റു മാനസിക സംഘർഷങ്ങളോ ഉള്ള സമയങ്ങളിൽ മോഷണ പ്രവണത കൂടുന്നു.
* മോഷ്ടിക്കുന്പോൾ വളരെ മാനസിക സുഖം അനുഭവിക്കുന്നു. എന്നാൽ പിന്നീട് അതേക്കുറിച്ചോർത്ത് ഭയവും. കുറ്റബോധവും പോലീസ് പിടിക്കുമോയെന്ന പേടിയും ഒക്കെ വരും.
ചിലർ മോഷണ മുതൽ തിരിച്ചേല്പിക്കുകയും ചെയ്യാറുണ്ട്. ഇവർ മോഷണ വസ്തു വിറ്റ് പണമാക്കാനോ ഉപയോഗിക്കാൻ പോലുമോ ശ്രമിക്കില്ല. മറ്റാർക്കെങ്കിലും വെറുതെ കൊടുക്കുകയും ചെയ്യാം.
* എത്ര നിയന്ത്രിച്ചാലും ശിക്ഷ ലഭിച്ചാലും വീണ്ടും മോഷണ ശീലം ആവർത്തിക്കാനുള്ള പ്രവണത. ഇവർക്ക് ആരുടേയും സഹായം ഉണ്ടാവില്ല. പ്രത്യേക പ്ലാനിംഗ് ഒന്നുമുണ്ടാവില്ല. പൊതു സ്ഥലങ്ങളിൽ നിന്നും ഷോപ്പുകളിൽ നിന്നും മറ്റുവീടുകളിൽ നിന്നുമെല്ലാം സാധനം എടുക്കാം.
അവരുടെ കൺമുന്നിൽ പെട്ട സാധനമേ മോഷ്ടിക്കുകയുള്ളു. മിക്കവാറും പട്ടാപ്പകലാണു മോഷ്ടിക്കുക. അതു വാങ്ങാനുള്ള സാന്പത്തിക സ്ഥിതിയില്ലാത്തവരായിരിക്കില്ല.
ഇവരാരും ദേഷ്യം കൊണ്ടോ പ്രതികാരം കൊണ്ടോ മോഷ്ടിക്കുന്നവരല്ല. മോഷണത്തിനായി ആരെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ഇല്ല.
എന്തു ചെയ്യും?
ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞാൽ എന്തുചെയ്യണം എന്നു പലർക്കുമറിയില്ല. അവരെ അതൊരു ചികിൽസിച്ചു മാറ്റാവുന്ന രോഗമാണെന്ന കാര്യം ബോധ്യപ്പെടുത്തുക. നാട്ടുകാരെ മുഴുവൻ അറിയിച്ച് നാണം കെടുത്താതിരിക്കുക.
ശിക്ഷിച്ചതുകൊണ്ട് കാര്യമില്ലെന്നറിയുക. കുട്ടികളിൽ ഇതു സാധാരണമാണ്. അതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക. കുട്ടിയുടെ ബാഗിൽ അവരുടേതല്ലാത്ത സാധനം കണ്ടാൽ അതിന്റെ നിജസ്ഥിതി അറിയുക.
മോഷ്ടിച്ച സാധനം ഉടമസ്ഥനെ തിരിച്ച് ഏൽപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക. രോഗമായി കണ്ട് ചികിൽസിക്കാതിരുന്നാൽ പലവിധ മാനസിക സാമൂഹിക പ്രയാസങ്ങളിലും അതുവഴി കൂടിയ മനോരോഗങ്ങളിലേക്കും രോഗി എത്തിപ്പെടാം.
ഇവരിൽ മിക്കവരിലും ഇതല്ലാതെ മറ്റ് മാനസിക പ്രശ്നങ്ങളോ യാതൊരു സ്വഭാവ വൈകല്യം കാണാറുമില്ല. ഇവരാരും സാമൂഹിക വിരുദ്ധരോ ക്രിമിനലുകളോ ഒന്നും അല്ലതാനും. ഈ രോഗത്തെ ഒബ്സസ്സീവ് കംപൽസീവ് ഡിസോർഡർ ഗണത്തിൽപ്പെടുത്താവുന്നതാണെന്നു ചില മനഃശാസ്ത്രജ്ഞർ.
ഹോമിയോപ്പതിയിൽ ഈ മാനസിക ശീലം മാറ്റാനും അതിൽ നിന്നുണ്ടായ അപകർഷ ബോധം മാറ്റാനും മരുന്നുകളുണ്ട്. ഹോമിയോ മരുന്നുകളും സൈക്കോളജിക്കൽ കൗണ്സലിങ്ങും ഒത്തു ചേർത്താണു ചികിത്സ.
വിദഗ്ധ ഹോമിയോപ്പതി ചികിൽസയും മനഃശാസ്ത്ര ഇടപെടലുകളും നടത്തിയാൽ ഇത്തരക്കാരെ രക്ഷപ്പെടുത്താം.
ഡോ. ടി. ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239. [email protected]