‘ജീപ്പ് ഡ്രൈവേഴ്സ് രോഗ’ത്തിന് ലേസര്‍ ചികിത്സ
Saturday, January 4, 2025 12:51 PM IST
ദീര്‍ഘനേരം കമ്പ്യൂട്ടറിനു മുന്നിലിരുന്ന് ജോലി ചെയ്യുന്നവരിലോ പരീക്ഷയ്ക്ക് തയാറെടുക്കുന്നവരിലോ ദൂരയാത്ര ചെയ്യുന്നവരിലോ ആണ് പൈലോനിഡല്‍ സൈനസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. "ജീപ്പ് ഡ്രൈവേഴ്സ് ഡിസീസ്' (Jeep Driver's Disease) എന്നാണ് ഈ രോഗം അറിയപ്പെടുന്നത്.
ശരീരത്തിന്റെ പുറകുവശത്തെ അഗ്രഭാഗത്തുള്ള അസ്ഥിയുടെ ഭാഗത്തെ (tail bone area) ബാധിക്കുന്ന ഈ രോഗം പ്രായഭേദമന്യേ വരാന്‍ സാധ്യതയുണ്ടെങ്കിലും കൗമാരക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
പൈലോനിഡല്‍ സൈനസ്
"പൈലോനിഡല്‍' എന്ന വാക്കി ന്റെ അര്‍ഥം ഒരു സഞ്ചിക്കുള്ളില്‍ രോമം കൂടിയിരിക്കുക എന്നതാണ്. എന്നാല്‍ "Sinus tract' എന്നത് ശരീരത്തില്‍ എവിടെയെങ്കിലും ഇടുങ്ങിയ ദ്വാരം പോലെയുള്ള ഘടന ഉണ്ടാകുന്നതാണ്.
അപ്പോള്‍ പൈലോനിഡല്‍ സൈനസ് എന്നത് പൃഷ്ഠ ഭാഗങ്ങളുടെ തൊട്ടുമുകളിലായി ഉണ്ടാകുന്ന മുഴയോ, ഇടുങ്ങിയ ദ്വാരമോ ആണ്. ഈ മുഴകളില്‍ രോമവളര്‍ച്ചയും മറ്റ് അവശിഷ്ടങ്ങളും ഉണ്ടാകും.
കാരണങ്ങള്‍
ഇത് സാധാരണയായും ആണുങ്ങളിലാണ് കണ്ടുവരുന്നത്, പ്രത്യേകിച്ചും ചെറുപ്പക്കാരില്‍. ദീര്‍ഘനേരം ഇരിക്കുന്ന ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. ഉദാഹരണത്തിന് വിദ്യാര്‍ത്ഥികള്‍, ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍, വാഹനം ഓടിക്കുന്നവര്‍.
ചുരുണ്ടതും കട്ടി കൂടിയതും പരുപരുത്തതുമായ ശരീരരോമം ഉള്ള ആള്‍ക്കാരില്‍ രോഗസാധ്യത കൂടുതലാണ്. പൃഷ്ഠങ്ങൾക്ക് ഇടയിലെ ഭാഗം (cleft) ആഴത്തില്‍ ഉള്ളവരിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. അമിതവണ്ണവും പാരമ്പര്യവുമാണ് മറ്റു കാരണങ്ങള്‍.
ലക്ഷണങ്ങള്‍
ടെയിൽ ബോൺ ഭാഗത്ത് നിരന്തരമായി വേദനയും നീരും ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ആ ഭാഗത്ത് നിന്ന് ദുര്‍ഗന്ധത്തോടു കൂടി മഞ്ഞനിറത്തില്‍ പഴുപ്പോ രക്തമോ പുറത്തേക്ക് വരാം.
ചിലരില്‍ ഇതുപോലെ പഴുപ്പോ രക്തമോ ഒന്നും പുറത്തേക്ക് വരാതെ തൊലിക്കടിയില്‍ വേദനയുള്ള മുഴ ഉണ്ടാകുന്നു. വാഹനം ഓടിക്കാനോ ഇരുന്നിട്ട് എഴുന്നേല്‍ക്കാനോ ഒക്കെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.
ചികിത്സാരീതികള്‍
വൈദ്യശാസ്ത്ര മേഖലയിലെ പുരോഗതി ഈ രോഗത്തിന്റെ ചികിത്സയിലും വളരെയധികം ഗുണം ചെയ്തു. ലേസര്‍ സംവിധാനത്തിന്റെ സഹായത്തോടെ പൈലോനിഡല്‍ സൈനസിന് മികച്ച രീതിയിലുള്ള ചികിത്സ ഇന്ന് ലഭ്യമാണ്.
ഈ ചികിത്സാരീതിയെ "ലേസര്‍ പൈലോനിഡല്‍ അബ്ലേഷന്‍' (Laser Pilonidal Ablation) എന്നാണു പറയുന്നത്. മുമ്പ് ഓപ്പണ്‍ ശസ്ത്രക്രിയയിലൂടെ ആയിരുന്നു പൈലോനിഡല്‍ സൈനസ് ചികിത്സിച്ചിരുന്നത്.
എന്നാല്‍ മിനിമലി ഇൻവാസിവ് രീതിയിലൂടെ പെട്ടെന്ന് സുഖപ്പെടുന്ന തരത്തിലുള്ള ചെറിയ മുറിവുണ്ടാക്കിയുള്ള ചികിത്സയാണ് നിലവിലുള്ളത്. ലേസര്‍ ചികിത്സയ്ക്കുശേഷം അടുത്ത ദിവസം തന്നെ ആശുപത്രി വിടാനും ഉടനെ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും സാധിക്കുന്നു.
പട്ടം എസ്യുറ്റി ആശുപത്രിയില്‍ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള "ലേസര്‍ പ്രോക്റ്റോളജിയും' (Laser Proctology) തുടര്‍ന്നുള്ള പരിചരണവും സജ്ജമാണ്.
വിവരങ്ങൾ: ഡോ. കോശി മാത്യു പണിക്കർ
കൺസൾട്ടന്റ്, ജനറൽ സർജറി എസ് യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം