രക്തത്തിൽ യൂറിക് ആസിഡ് അധികമായാൽ
Saturday, December 21, 2024 1:41 PM IST
രക്തത്തിൽ യൂറിക്ക് ആസിഡ് അടിഞ്ഞുകൂടിയാൽ പിടിപെടാവുന്ന പ്രധാന രോഗമാണു ഗൗട്ട് എന്ന പേരിലറിയപ്പെടുന്ന സന്ധിവാതം. 7 mg/dlആണു നോർമൽ യൂറിക്ക് ആസിഡ് നില.
തള്ളവിരലിന്റെ സന്ധിയിൽ
കാലിലെ തള്ളവിരലിന്റെ സന്ധിയിലാണു ഭൂരിഭാഗം പേരിലും രോഗാക്രമണം തുടങ്ങുക. രോഗം ബാധിച്ച സന്ധി അതിവേദനയോടെ ചുവന്നു വീർത്തിരിക്കും.
വേദന പെട്ടെന്നു തുടങ്ങും. ഒറ്റ ദിവസം കൊണ്ട് മൂർധന്യത്തിലെത്തുന്നു. ദിവസങ്ങൾ നീണ്ടുനില്ക്കുന്ന വേദന ചിലപ്പോൾ മറ്റു സന്ധികളിലേക്കും വ്യാപിക്കാം.
പണ്ടുകാലത്ത് രാജാക്കൻമാരുടെ രോഗം എന്നാണിതിനെ വിളിച്ചിരുന്നത്. അക്കാലത്ത് ധാരാളം മാംസവും മദ്യവുമുപയോഗിക്കാൻ അവസരമുണ്ടായിരിക്കുക രാജാക്കന്മാർക്കായിരിക്കുമല്ലോ?
പ്രമേഹവും അമിത വണ്ണവും രോഗസാധ്യത കൂട്ടുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകൊണ്ടോ വൃക്കവഴിയുള്ള മാലിന്യ വിസർജന തടസങ്ങൾ കൊണ്ടോ ഈ രോഗം ഉണ്ടാവാം.
ഇതാണു പ്രശ്നം
90% രോഗികളിലും യൂറേറ്റ് എന്ന യൂറിക്ക് ആസിഡടങ്ങിയ ലവണം മൂത്രത്തിലൂടെ പുറത്തു പോകാത്തതാണു പ്രശ്നം.
യൂറിക്കാസിഡ് 100 എം.എൽ വെള്ളത്തിൽ 6 മില്ലിഗ്രാം എന്ന കണക്കിന് അലിയുന്നതാകയാൽ ധാരാളം വെള്ളം കുടിക്കുക എന്നതാണ് രോഗം കുറയാനും രോഗം വരാതിരിക്കാനും നല്ല വഴി.
വെള്ളം കുടിക്കുക, മൂത്രമൊഴിക്കുക
മൂത്രത്തിൽ കല്ലുള്ളവരോടും ഇങ്ങനെ തന്നെ ഉപദേശിക്കാറുണ്ട്. ഇവരെല്ലാം ധാരാളം വെളളം കൂടിക്കുകയും ചെയ്യും. പക്ഷേ, ധാരാളമായി മൂത്രമൊഴിക്കണമെന്ന കാര്യം വിട്ടു പോകും. കിട്ടുന്ന അവസരങ്ങളിലെല്ലാം മൂത്രമൊഴിച്ചാലേ മൂത്രത്തിലൂടെ പുറത്തു കളയേണ്ട മാലിന്യം കളയാനാകൂ.
നാം കുടിക്കുന്ന വെള്ളത്തിന്റെ 60% മൂത്രത്തിലൂടെ തന്നെ പുറത്തുകളയണം. അല്ലെങ്കിൽ കുടിച്ചവെള്ളം വിയർപ്പിലൂടെയോ മലത്തിലൂടെയോ ശ്വസനത്തിലൂടെയോ ശരീരം പുറത്തുകളയും. വൃക്കയിൽ അമോണിയം ആസിഡ് യൂറേറ്റ് ക്രിസ്റ്റലുകളും അടിയാം.
കുറഞ്ഞതു 10 ഗ്ലാസ് വെള്ളം കുടിക്കുക, അതുപോലെ ധാരാളം മൂത്രമൊഴിക്കുക.
ഡോ. റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ. ഫോൺ - 9447689239 [email protected].