സ്ട്രോക്ക് ചികിത്സയിൽ ഓരോ മിനിറ്റും പ്രധാനം
Tuesday, October 29, 2024 12:58 PM IST
മനുഷ്യരുടെ മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരില്‍ അത് ഉണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകള്‍ വളരെ വലുതാണ്.
ജീവിതശൈലീരോഗമായ സ്ട്രോക്ക് പ്രതിരോധ്യമായ ഒരവസ്ഥയാണ്. സ്ട്രോക്ക് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് സമയമാണ്.
ചികിത്സ നേരത്തേ ലഭിച്ചാൽ
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ നമ്മള് തിരിച്ചറിയാന്‍ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തിന്റെ പ്രാധാന്യമാണ് ശ്രദ്ധിക്കേണ്ടത്.
സ്ട്രോക്ക് ചികിത്സയില്‍ ഓരോ മിനിറ്റും പ്രധാനപെട്ടതാണ്. എത്രയും നേരത്തെ ചികിത്സ ആരംഭിച്ചാല്‍ തലച്ചോറിനുണ്ടാകുന്ന തകരാറു കഴിയുന്നത്ര കുറയ്ക്കാന്‍ സാധിക്കും.
അതോടൊപ്പം നമുക്ക് ചലിക്കാന്‍ കഴിയാതെ വരുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കുകയും ചെയ്യും.
എന്താണ് സ്ട്രോക്ക്?
തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറു മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക്.
സാധാരണയായി 55 വയസ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്ക് പൊതുവെ രണ്ടു തരത്തില്‍ കാണുന്നു.
ഇഷിമിക് (ischemic) സ്ട്രോക്ക്
രക്തധമനികളില്‍ രക്തം കട്ട പിടിച്ച് ഉണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളില്‍ ഏറിയ പങ്കും ഇഷിമിക് സ്ട്രോക്ക് ആണ്.
ഹെമറജിക് (haemorrhagic) സ്ട്രോക്ക്
രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്. ഇഷിമിക് സ്ട്രോക്കിനേക്കാള്‍ മാരകമാണ് ഹെമറജിക്ക് സ്ട്രോക്ക്.
ഡോ. സുശാന്ത് എം.ജെ. MD.DM,
കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
ഫോൺ - 9995688962. എസ്യുറ്റി സ്ട്രോക്ക് ഹെൽപ് ലൈൻ നന്പർ - 0471 4077888.