വയര്‍കമ്പനം മൂലം ബുദ്ധിമുട്ടുകയാണോ? ഈ പാനീയങ്ങള്‍ പരീക്ഷിച്ചു നോക്കൂ...
Saturday, June 29, 2024 4:01 PM IST
പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വയര്കമ്പിക്കല്. ഇടയ്ക്ക് ഒക്കെ വയര്‍കമ്പനം സാധാരണമാണ്. എന്നാല്‍, സ്ഥിരമായി ഉണ്ടാകുന്നത് നല്ലതല്ല.
ദഹനവ്യവസ്ഥയുടെ പേശികളുടെ ചലനത്തിലെ തടസം മൂലം വായുകെട്ടുന്ന അവസ്ഥയാണ് കമ്പനത്തിലേക്ക് നയിക്കുന്നത്. വയര്‍കമ്പനം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില പാനീയങ്ങള്‍ ഇവയാണ്...
കുരുമുളക് ചായ, ഇഞ്ചി ചായ, ചമോമൈല്‍ ചായ
വയറിനു സുഖം നല്കുന്ന, കമ്പിക്കലം സ്തംഭനവും തടയുന്ന പാനീയങ്ങളില്‍ പ്രധാനികളാണ് കുരുമുളക് ചായ, ഇഞ്ചി ചായ, ചമോമൈല്‍ ചായ തുടങ്ങിയവ. കുരുമുളകില്‍ മെന്തോള് അടങ്ങിയിട്ടുണ്ട്.
ഇത് ദഹനനാളത്തിന്റെ പേശികളെ ഉത്തേജിപ്പിക്കുകയും പിത്തരസം മെച്ചപ്പെടുത്തുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം ഒരു കപ്പ് പെപ്പര്‍മിന്റ് ചായ കുടിക്കുന്നത് ഗുണകരമാണ്.
ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും ഗ്യാസ്, വീക്കം എന്നിവ കുറയ്ക്കാനും ഇഞ്ചി സഹായകമാണ്. ഭക്ഷണത്തിന് മുമ്പോ ശേഷമോ ഇഞ്ചി ചായ കഴിക്കാവുന്നതാണ്.
ചമോമൈലിന് ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിസ്പാസ്മോഡിക് ഗുണങ്ങളുണ്ട്. ഇത് ദഹനനാളത്തെ ഉത്തേജിപ്പിക്കുകയും സ്തംഭനം ഒഴിവാക്കുകയും ചെയ്യും.
പെരും ജീരകം, നാരങ്ങ, പൈനാപ്പിള്‍
പെരുംജീരകം, നാരങ്ങ, പൈനാപ്പിള്‍ എന്നിവ വയര്‍ സംബന്ധ പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ്. പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്ന അനെത്തോള്‍ ദഹനനാളത്തിന്റെ പേശികള്‍ക്ക് അയവുവരുത്തി ഗ്യാസ് പുറന്തള്ളാന്‍ സഹായിക്കും.
അതുപോലെ, നാരങ്ങ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പൈനാപ്പിളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീനുകള്‍ ദഹിക്കാന്‍ സഹായിക്കുകയും മൊത്തത്തിലുള്ള ദഹനത്തെ സജീവമാക്കുകയും ചെയ്യും.
ആപ്പിള്‍ സിഡെര്‍ വിനാഗിരി, വെള്ളരിക്ക വെള്ളം
ആപ്പിള്‍ സിഡെര്‍ വിനാഗിരിയില്‍ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആമാശയ ആസിഡ് ഉത്പാദനം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വെള്ളരിക്കയില്‍ വെള്ളത്തിന്റെ അളവ് കൂടുതലുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തും, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും വെള്ളരിക്കയ്ക്കുണ്ട്.
അതുപോലെ പ്രോബയോട്ടിക്സ് സമ്പുഷ്ടമായ പുളിപ്പിച്ച പാല് ഉത്പന്നമായ കെഫീറും വയര്‍ സംബന്ധ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗമാണ്. കെഫീര്‍ ദഹനവ്യവസ്ഥയെ ക്രമീകരിക്കാന്‍ ഏറ്റവും ഉത്തമമാണ്.