ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങളും പാനിയങ്ങളും സഹായകം...
Tuesday, June 25, 2024 2:55 PM IST
അര്‍ബുദം കഴിഞ്ഞാല്‍ പ്രായമായവരില്‍ ഏറ്റവും അധികം കാണുന്ന രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ അല്ലെങ്കില്‍ മേധാക്ഷയം. മത്സിഷ്കത്തിന്റെ സവിശേഷധര്‍മങ്ങള്‍ നഷ്ടപ്പെടുന്നതിലൂടെ ഗുരുതര മറവിയുണ്ടാകുന്നതിനെയാണ് മേധാക്ഷയം എന്നും ഡിമെന്‍ഷ്യ എന്നുമെല്ലാം വിളിക്കുന്നത്.
സ്വാഭാവിക ഓര്മക്കുറവില്നിന്ന് ഇത് വ്യത്യസ്തമാണ് ഡിമെന്‍ഷ്യ. പ്രത്യേക ആഘാതം, ദീര്‍ഘകാലമായ അസുഖങ്ങള്‍ തുടങ്ങിയവ മൂലം ഡിമെന്‍ഷ്യ പിടിപെട്ടേക്കാം. പ്രായം, ജനിതകശാസ്ത്രം എന്നിവയും ഡിമെന്‍ഷ്യയ്ക്കു കാരണമാണ്.
എന്നാല്‍, ചില ജീവിതശൈലികള്‍ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഡിമെന്‍ഷ്യയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളും പാനിയങ്ങളും ഇവയാണ്...
ഇലക്കറികള്‍, ധാന്യങ്ങള്‍
ഇലക്കറികള്‍ ധാരാളം കഴിക്കുന്നത് ഡിമെന്‍ഷ്യ കുറയ്ക്കാന്‍ സഹായിക്കും. ഇലക്കറികളില്‍ വിറ്റാമിന്‍ കെ, ഇ, ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍ തലച്ചോറിലെ ഓക്സിഡേറ്റീവ് സമ്മര്‍ദവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു.
ചീര, കാലെ, സ്വിസ് ചാര്‍ഡ് തുടങ്ങിയ പലതരം ഇലക്കറികള്‍ ഡിമെന്ഷ്യക്കെതിരായ പോരാട്ടത്തിനു സഹായകമാണ്. ധാന്യങ്ങള്‍ നാര്, വിറ്റാമിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ നല്ല ഉറവിടമാണ്.
തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ അവ സഹായിക്കുന്നു. ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്ക് പകരം ബ്രൌണ്‍ റൈസ്, ക്വിനോവ, ഗോതമ്പ് ബ്രെഡ്, ഓട്സ് തുടങ്ങിയ ധാന്യങ്ങള്‍ ഉപയോഗിക്കുക.
ബെറീസ്, ഒലിവ് എണ്ണ
ബെറീസും ഡിമെന്‍ഷ്യയ്ക്ക് എതിരായ പോരാട്ടത്തിനു സഹായം നല്കുന്നു. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയ സരസഫലങ്ങളില്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ്, പ്രത്യേകിച്ച് ഫ്ലേവനോയിഡുകള്.
ഇത് മസ്തിഷ്ക കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കും. ലഘുഭക്ഷണമായും ബെറീസ് കഴിക്കാവുന്നതാണ്. ഒലിവ് ഓയില്‍, പ്രത്യേകിച്ച് എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പന്നമാണ്.
ഇത് വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദം എന്നിവ കുറയ്ക്കും.
നട്ട്സ്, കൊഴുപ്പുള്ള മത്സ്യം
ആരോഗ്യകരമായ കൊഴുപ്പുകള്‍, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ നട്ട്സ് തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. അണ്ടിപ്പരിപ്പ്, ബദാം, വാല്‍നട്ട് പോലുള്ളവ ഡിമേന്ഷ്യക്കെതിരായ പോരാട്ടത്തിനു സഹായകമാണ്.
സാല്‍മണ്‍, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളും ഡിമെന്‍ഷ്യക്ക് എതിരായ പോരാട്ടത്തെ സഹായിക്കും. ഇവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും വീക്കം കുറയ്ക്കാനും സഹായിക്കും.
മഞ്ഞള്‍, ഡാര്‍ക്ക് ചോക്ലേറ്റ്, ഗ്രീന്‍ ടീ
മഞ്ഞളും ഡാര്‍ക്ക് ചോക്ലേറ്റും ഗ്രീന്‍ ടീയും ഡിമെന്‍ഷ്യക്ക് എതിരായ പോരാട്ടത്തില്‍ ശരീരത്തിനു കരുത്തേകും. മഞ്ഞളില്‍ കുര്ക്കുമിന് അടങ്ങിയിട്ടുണ്ട്. തലച്ചോറിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതാണ് ഇത്.
ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്ലേവനോയ്ഡുകള്‍, കഫീന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യും.
കുറഞ്ഞത് 70 ശതമാനം കൊക്കോ ഉള്ള ഡാര്‍ക്ക് ചോക്ലേറ്റാണ് ഏറ്റവും അഭികാമ്യം. കാറ്റെച്ചിനുകള്‍ ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ.
ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സഹായിക്കും. ദിവസവും 1-2 കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ഉത്തമമാണ്.