ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ എന്തിന്?
Thursday, June 20, 2024 3:40 PM IST
2030 ഓടെ ഹെപ്പറ്റൈറ്റിസ് സി നിവാരണം ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യം മുന്‍നിര്‍ത്തി വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. രോഗനിര്‍ണയത്തിനുള്ള ദ്രുതപരിശോധനാസൗകര്യം ലബോറട്ടറിയുള്ള എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും സൗജന്യമായി ലഭ്യമാണ്.
രോഗബാധിതയായ അമ്മയില്‍ നിന്നു കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ ചികിത്സ പ്രസവ സൗകര്യമുള്ള ആശുപത്രികളില്‍ ലഭ്യമാണ്. രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി
രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടണം.
പ്രതിരോധത്തിനു പരിശോധന
ഹെപ്പറ്റൈറ്റിസ് രോഗബാധ തിരിച്ചറിയാനായി പരിശോധന നടത്തുകയും ശരിയായ ചികിത്സ തേടുകയും ചെയ്യുക എന്നത് രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും അനിവാര്യമാണ്.
പ്രതിരോധ കുത്തിവയ്പ്
പുതുതായി രോഗം ഉണ്ടാകാതെ സൂക്ഷിക്കുകയും അതുവഴി രോഗ വര്‍ധന തടയുകയും ഹെപ്പറ്റൈറ്റിസ് രോഗം മൂലമുള്ള മരണം പടിപടിയായി കുറച്ചു കൊണ്ടുവരികയും വേണം. ഇതിനായി 5 വയസിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ 0.1 ശതമാനത്തില്‍ താഴെ കൊണ്ടുവരേണ്ടതാണ്.
ഈ ലക്ഷ്യം നേടാന്‍ ജനനത്തില്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് എതിരായ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രോഗബാധിതയായ അമ്മയ്ക്ക് ജനിക്കുന്ന കുഞ്ഞിന് ജനനത്തില്‍ തന്നെ ഹെപ്പറ്റൈറ്റിസ് ബി ഇമ്യുണോഗ്ലോബുലിനും നല്‍കേണ്ടതാണ്.
എല്ലാ ഗര്‍ഭിണികളും ഹെപ്പറ്റൈറ്റിസ് ബി വൈറസ് കണ്ടെത്തുന്നതിനുളള പരിശോധനകള്‍ ചെയ്യേണ്ടതാണ്.
രോഗസാധ്യതയുള്ളവർ...
തീവ്രരോഗബാധയുണ്ടാകാന്‍ ഇടയുള്ളവരും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്. ഇപ്പോള്‍ ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിയ്ക്കും ചികിത്സയും മരുന്നുകളും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികള്‍ ചികിത്സാ കേന്ദ്രങ്ങളാണ്.
പകരുന്ന വഴികൾ
ഹെപ്പറ്റൈറ്റിസ് എയും ഇയും മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും രക്തം, ശരീര സ്രവങ്ങള്‍, യോനീസ്രവം, രേതസ് എന്നിവയിലൂടെയാണ് പകരുന്നത്.
വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & കേരള ഹെൽത് സർവീസസ്.