ശരീരത്തിനു കൊഴുപ്പ് ആവശ്യം; പക്ഷേ, ആരോഗ്യകരമായ കൊഴുപ്പായിരിക്കണം...
Friday, June 14, 2024 12:49 PM IST
കൊളസ്ട്രോള്‍, ഹൃദയസംബന്ധ പ്രശ്നങ്ങള്‍, അമിതവണ്ണം, തൂക്കം എന്നിങ്ങനെ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഏറെ. അതോടെ ചിലര്‍ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങളോട് നോ പറയും.
മറ്റുചിലര്‍ കൊഴുപ്പ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിഞ്ഞ് നേരത്തേതന്നെ സ്വയം പിന്‍വാങ്ങും. എന്നാല്‍, ശരീരത്തിന് കൊഴുപ്പ് ആവശ്യമാണ്. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കുന്നതില്‍ കൊഴുപ്പിന് കൃത്യമായ പങ്കുണ്ട്.
അതുകൊണ്ട് ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിനു നല്‍കണം. പോഷകങ്ങളെപ്പോലെ, കുറഞ്ഞ അളവിലുള്ള കൊഴുപ്പുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണം.
ആരോഗ്യകരമായ കൊഴുപ്പുകള്‍ ഊര്‍ജ ഉത്പാദനം, ഹോര്‍മോണ്‍ സ്രവം, പോഷകങ്ങള്‍ ആഗിരണം ചെയ്യല്‍, കോശങ്ങളുടെ വളര്‍ച്ച തുടങ്ങിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാണ്.
ഭക്ഷണക്രമത്തില്‍ ആരോഗ്യകരമായ കൊഴുപ്പ് ചേര്‍ക്കേണ്ടതിന്റെ ചില ആവശ്യങ്ങള്‍ ഇവയാണ്...
ഹൃദയാരോഗ്യം
നല്ല കൊഴുപ്പ് ഉണ്ടെങ്കില്‍ മാത്രമേ ചീത്ത കൊളസ്ട്രോളിന് എതിരേ പ്രവര്‍ത്തിക്കാന്‍ ശരീരത്തിനു സാധിക്കൂ. നല്ല കൊഴുപ്പുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും ഇത് ഹൃദയാരോഗ്യത്തിനു പിന്തുണ നല്‍കുമെന്നും പോഷകാഹാര വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
ആരോഗ്യകരമായ കൊളസ്ട്രോള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും.
തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും വികാസത്തിലും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നിര്‍ണായകമാണ്. ഇത് വൈജ്ഞാനിക ആരോഗ്യത്തം പുഷ്ടിപ്പെടുത്തും. അതുപോലെ വാര്‍ധക്യവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തകര്‍ച്ചയുടെ അപകടസാധ്യത കുറയ്ക്കും.
വാല്‍നട്ടുകളും ഫ്ളാക്സ് സീഡുകള്‍ പോലുള്ള വിത്തുകളും ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള നല്ല കൊഴുപ്പുകള്‍ ശരീരത്തിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം
ഹൃദയത്തിനും തലച്ചോറിനു മാത്രമല്ല, ചര്‍മത്തിനും മുടിക്കും ആരോഗ്യകരമായ കൊഴുപ്പിന്റെ ആവശ്യമുണ്ട്. ഫാറ്റി ആസിഡുകള്‍ ചര്‍മത്തിന്റെ ഇലാസ്തികതയും മുടിയുടെ ശക്തിയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ത്വക്കിന്റെ ഈര്പം നിലനിര്‍ത്താനും ഇവ സഹായകമാണ്. ആരോഗ്യകരമായ ചര്‍മവും കരുത്തുറ്റ മുടിയും നേടാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ പരിപ്പ്, വിത്തുകള്‍, നട്സ് തുടങ്ങിയ ഉള്‍പ്പെടുത്തണം.
ആരോഗ്യകരമായ കൊഴുപ്പുകള്‍ക്ക്
ആരോഗ്യകരമായ കൊഴുപ്പുകള്‍ ശരീരത്തിനു നല്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കേണ്ടതും ആവശ്യമാണ്.
ഇത്തരം കൊഴുപ്പ് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് അവോക്കാഡോ, അണ്ടിപ്പരിപ്പ്, പരിപ്പുകള്‍, ഒലിവ് ഓയില്‍, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യം, കൊഴുപ്പ് നിറഞ്ഞ പാല് തുടങ്ങിയവ.
ആരോഗ്യകരമായ കൊഴുപ്പുകളാണെന്ന പേരില്‍ കുറച്ച് അധികം കഴിച്ചേക്കാം എന്ന് തീരുമാനിക്കരുത്. മിതമായ അളവില്‍ മാത്രമേ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ എന്നതും പ്രത്യേകം ഓര്‍മിക്കുക.