യൂറിക് ആസിഡ് മൂലം ദുരിതം അനുഭവിക്കുകയാണോ? ഈ വഴികളിലൂടെ ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാം
Tuesday, June 11, 2024 12:55 PM IST
നമ്മളില്‍ പലര്‍ക്കും യൂറിക് ആസിഡ് ഒരു പ്രശ്നമാകാറുണ്ട്. വൃക്കയാണ് യൂറിക് ആസിഡ് ശരീരത്തില്‍നിന്ന് പുറംതള്ളുന്ന കര്‍ത്തവ്യം നിര്‍വഹിക്കുന്നത്.
6.8 മില്ലിഗ്രാം/ഡെസിലിറ്റര്‍ എന്നതാണ് ശരീരത്തില്‍ യൂറിക് ആസിഡിന്റെ നോര്‍മല്‍ അളവ്. ഇതില്‍ കൂടിയാല്‍ സന്ധിവാതം അടക്കമുള്ള പല ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും.
അതോടെ രക്തവും മൂത്രവും അമിതമായി അസിഡിറ്റി ഉണ്ടാക്കും. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്. അവയെ കുറിച്ച്...
പ്യൂരിന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
പ്യൂരിന്റെ അളവ് കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് യൂറിക് ആസിഡില്‍നിന്ന് രക്ഷനേടാനുള്ള ആദ്യ മാര്‍ഗം. മാംസം, കടല്‍വിഭവങ്ങള്‍, ചില പച്ചക്കറികള്‍ എന്നിവ പ്യൂരില്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ്.
ഈ ഭക്ഷണങ്ങള്‍ ദഹിക്കുമ്പോള്‍ യൂറിക് ആസിഡിന് കാരണമാകുന്നു. അതുപോലെ സംസ്കരിച്ച, പാക്കേജുചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്.
പഞ്ചസാര ഒഴിവാക്കുക
പഴങ്ങളിലും തേനും അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാരയാണ് ഫ്രക്ടോസ്. നിങ്ങളുടെ ശരീരം ഫ്രക്ടോസ് വിഘടിപ്പിക്കുമ്പോള്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കാന്‍ കാരണമായേക്കും.
അതുകൊണ്ട് പഞ്ചസാരയുടെ അളവ് കുറയ്ക്കുകയാണ് യൂറിക് ആസിഡില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായി യൂറിക് ആസിഡിലേക്ക് കാര്യങ്ങള്‍ എത്തും.
വെള്ളം കുടിക്കുക, മദ്യം ഒഴിവാക്കുക
ധാരാളം വെള്ളം കുടിക്കുന്നത് വൃക്കകള്‍ യൂറിക് ആസിഡ് വേഗത്തില്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ യൂറിക് ആസിഡിന്റെ 70 ശതമാനം വൃക്കകള്‍ ഫില്‍ട്ടര്‍ ചെയ്യുന്നതാണ് പതിവ്.
അതുപോലെ മദ്യം പൂര്‍ണമായി ഒഴിവാക്കണം. മദ്യം കൂടുതല്‍ നിര്‍ജലീകരണം ഉണ്ടാക്കും. ഇത് യൂറിക് ആസിഡിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകും.
ബിയറില്‍ ഉയര്‍ന്ന പ്യൂരിന്‍ അടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധിക്കണം. പ്യൂരിന്‍ ശരീരത്തില്‍ എത്തിയാല്‍ യൂറിക് ആസിഡ് ഓട്ടോമാറ്റിക്കായി ഉണ്ടാകും.
കാപ്പി കുടിക്കുക, ഭാരം നിയന്ത്രിക്കുക
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ കാപ്പി സഹായിക്കുമെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. യൂറിക് ആസിഡ് ഉത്പാദന നിരക്ക് കുറച്ച്, ശരീരത്തിലെ പ്യൂരിനുകളെ തകര്‍ക്കുന്ന എന്സൈമുമായി കാപ്പി പ്രവര്‍ത്തിക്കും.
ശരീരത്തിലെ അമിത കൊഴുപ്പ് യൂറിക് ആസിഡിന്റെ അളവ് ഉയരാന്‍ കാരണമാകും. ശരീരത്തിന്റെ അമിത ഭാരം വൃക്കകളുടെ കാര്യക്ഷമതയേയും ബാധിക്കും. ഈ സാഹചര്യങ്ങള്‍ യൂറിക് ആസിഡ് ശരീരത്തില്‍ വര്ധിക്കിപ്പിക്കും.
ഫൈബര്‍, വിറ്റാമിന്‍ സി
കൂടുതല്‍ ഫൈബര്‍ കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് സന്തുലിതമാക്കാനും ഫൈബര്‍ സഹായിക്കും.
അതുപോലെ വിറ്റാമിന്‍ സി കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. വിറ്റാമിന്‍ സി കൂടുതലുള്ള ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ യൂറിക് ആസിഡിനെതിരേ പൊരുതാം.
ചെറി ജ്യൂസ് കുടിക്കുന്നത് സന്ധിവാതമുള്ളവരില്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.