ദന്തക്ഷയം എങ്ങനെ പരിഹരിക്കാം ?
Monday, June 10, 2024 3:25 PM IST
പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്.
ഇതിന്റെ ഉള്ളിൽ ഡെന്റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്.
ദന്തക്ഷയം: കാരണങ്ങൾ
. അമിതമായി മധുരം കഴിക്കുന്നത്
. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്
. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസസിങ്ങും ചെയ്യാത്തതിനാൽ.
. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽ
ലക്ഷണങ്ങൾ
. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ
. ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും ഉപരിതലത്തിലും കാണുന്നത്
. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്
. തൊടുമ്പോഴും കടിക്കുമ്പോഴും പുളിപ്പും വേദനയും
. അസഹനീയമായ വേദന/പഴുപ്പ്
ശ്രദ്ധിച്ചില്ല എങ്കിൽ വരാവുന്ന സങ്കീർണതകൾ
. നീർക്കെട്ട്
. പഴുപ്പ്, നീര്
. പനി
. പല്ല് പൊട്ടുന്നു, പൊടിയുന്നു, കുറ്റിപ്പല്ല് ആകുന്നു
ചികിത്സകൾ:
1. ഇനാമലിൽ മാത്രം വരുന്ന പോട്, കട്ടിയുള്ള ഫില്ലിംഗ് പദാർഥങ്ങൾ വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പല്ലിന്റെ അതേ കളറിലുള്ള ഫില്ലിംഗ് പദാർഥങ്ങൾ ലഭ്യമാണ്.
2. ഡെന്റീൻ കൂടെ ഉൾപ്പെടുന്ന പോടുകൾക്ക് ഇതിനടിയിലെ പൾപ്പിനെ സംരക്ഷിച്ചുകൊണ്ട് കട്ടിയുള്ള ഫില്ലിംഗ് മെറ്റീരിയൽസ് വച്ച് അടച്ചാൽ ദീർഘകാലം നിലനിൽക്കും. പോടിന്റെ ആഴം എക്സ്റേ എടുത്ത് പരിശോധിച്ചതിനുശേഷം ഫില്ലിംഗ് നടത്താവുന്നതാണ്.
3. പൾപ്പ് വരെ എത്തുന്ന പോടുകൾ റൂട്ട് കനാൽ ചികിത്സയും ക്യാപ്പുമിട്ട് പരിരക്ഷിച്ചാൽ ദീർഘകാലം നിലനിൽക്കും
പ്രതിരോധം
പരിശോധനകളിൽ കൂടി മാത്രമേ പോടുകൾ കണ്ടുപിടിക്കാൻ സാധിക്കുകയുള്ളൂ. ഒരു ഡോക്ടറുടെ സഹായത്താലും എക്സറേ പരിശോധനയിലും പോടുകൾ ഭൂരിഭാഗവും കണ്ടുപിടിക്കാവുന്നതാണ്.
വർഷത്തിലൊരിക്കൽ ദന്തഡോക്ടറെ കണ്ട് പരിശോധിച്ചാൽ പ്രാരംഭഘട്ടത്തിൽ തന്നെ ഇതു കണ്ടെത്താം. ചെലവു കുറഞ്ഞ ചികിത്സയിലൂടെ ഇത് പരിഹരിക്കുകയും ചെയ്യാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 94472 19903.