മഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ: ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ...
Monday, June 3, 2024 4:51 PM IST
മഴക്കാലം എത്തി. പെയ്തു തുടങ്ങിയതേയുള്ളു. വാർത്തകളിൽ നിറഞ്ഞുകാണുന്നത് വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലുകളുടെയും മഞ്ഞപ്പിത്തത്തിന്റെയും പകർച്ചപ്പനികളുടെയും കഥകളാണ്.
ജലദോഷം
മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതും സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ജലദോഷം.
തുടർച്ചയായ തുമ്മൽ, തൊണ്ടവേദന, പനി എന്നിവയാണ് ജലദോഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രധാന അസ്വസ്ഥതകൾ.
മുൻകരുതൽ
* ചൂടുവെള്ളം ഇടയ്ക്കിടെ കവിൾ കൊള്ളുന്നതു നല്ലതാണ്.
* പച്ചമഞ്ഞളോ ഇഞ്ചിയോ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിവെള്ളമാക്കുന്നതും നല്ലതായിരിക്കും.
കുറച്ചുകൊല്ലങ്ങളായി മഴക്കാലം കേരളത്തിലെ ജനങ്ങൾക്ക് മഴക്കാല രോഗങ്ങളും അവയുടെ ദുരിതങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു.
പകർച്ചപ്പനികൾ ഓരോ കൊല്ലവും ഓരോ പുതിയ പേരിലാണ് ഇവിടെ പതിവായി വിരുന്നുവരുന്നത്.
മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം എല്ലാ മഴക്കാലത്തും പതിവുതെറ്റാതെ വന്ന് കുറേയേറെ പേരെ കണ്ട് സൗഹൃദം കൂടാറുണ്ട്. മൂത്രത്തിന് മഞ്ഞനിറം കാണുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രഥമ ലക്ഷണം.
പിന്നെ കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്റെ അടിയിലും ചർമത്തിലുമെല്ലാം ഈ മഞ്ഞനിറം എത്തുന്നതാണ്.
കരളിനെ ബാധിക്കുന്ന കാൻസർ അടക്കമുള്ള ചില രോഗങ്ങൾ, പിത്തസഞ്ചിയിലുണ്ടാകുന്ന പ്രശ്നങ്ങൾ, പിത്തനീരിന്റെ സഞ്ചാര വഴിയിലുണ്ടാകുന്ന തടസം എന്നീ വിഷയങ്ങളിലും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ആയിരിക്കും അനുഭവപ്പെടുന്നത്.
മഞ്ഞനിറം കരളിൽ അണുബാധയുടെ ഫലമായി ഉണ്ടാകുന്നതാണ്. ഈ അവസ്ഥയെയാണ് മഞ്ഞപ്പിത്തം എന്ന് പറയുന്നത്.
ഏറെയും വൈറസ് ബാധ
വൈറസ്, ബാക്ടീരിയ, അമീബ, ഫംഗസ് തുടങ്ങി പല രോഗാണുക്കളും കരളിനെ ബാധിക്കുന്നതാണ്. എന്നാൽ, ഏറ്റവും കൂടുതൽ പേരിൽ ഏറ്റവും കൂടുതലായി ബാധിക്കുന്നത് വൈറസുകളാണ്.
ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നീ വൈറസുകളാണ് അവയിൽ പ്രധാനപ്പെട്ടവ. വെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തിൽ എത്തുന്ന വൈറസുകളാണ് ഏയും ഇയും. ബി, സി, ഡി എന്നിവ രക്തത്തിലൂടെയും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം.പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.