വിഷാദം ഒരു രോഗമാണ്; ചികിത്സിച്ചാൽ ഭേദമാകും
കാവ്യാ ദേവദേവൻ
Sunday, October 1, 2023 10:16 AM IST
പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വിഷാദരോഗം അഥവാ ഡിപ്രഷൻ. ആണ്-പെണ് വ്യത്യാസമില്ലാതെ പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ടുവരുന്നുണ്ട്. ജീവിതത്തിൽ ഉണ്ടാകുന്ന പലതരം തിരിച്ചടികളും ഒറ്റപ്പെട്ടു പോകുന്ന സാഹചര്യവുമാണ് പലരെയും വിഷാദ രോഗത്തിലേക്ക് തള്ളിവിടുന്നത്. കൃത്യസമയത്ത് കണ്ടെത്തി മതിയായ ചികിത്സ നൽകിയാൽ വിഷാദം എന്ന അവസ്ഥ പൂർണമായും മാറ്റാനാകും.
നാഡി ഞരമ്പുകളിലെ ചില ദ്രാവകങ്ങൾ അഥവാ ന്യൂറോ ട്രാൻമിറ്ററുകൾ കുറയുന്ന അവസ്ഥയാണ് വിഷാദ രോഗം എന്നു പറയുന്നത്. സെറട്ടോനിൻ, ഡോപമിൻ, നോർ എപിനഫ്രിൻ എന്നീ മൂന്ന് ന്യൂറോ ട്രാൻസ്മിറ്ററുകൾ തലച്ചോറിന്റെ ചില സ്ഥലങ്ങളിൽ താഴ്ന്ന് പോകുന്ന സ്ഥിതി വരുമ്പോഴാണ് ഡിപ്രഷൻ എന്ന അവസ്ഥ ഉണ്ടാകുന്നത്.
ഈ മൂന്ന് ന്യൂറോ ട്രാൻസ്മിറ്ററുകളും എന്തുകൊണ്ട് താഴ്ന്നു പോകുന്നു എന്നതിനു വ്യക്തമായ ഒരു ഉത്തരം ഇതുവരെ ലഭ്യമായിട്ടില്ല. ജീവിതത്തിലെ സമ്മർദ്ദങ്ങൾ മൂലവും പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും അയാളുടെ കോപിംഗ് സ്കിലിലുണ്ടാകുന്ന (സാഹചര്യങ്ങളോട് പൊരുത്തപ്പെടുക) കുറവ് മൂലവും മാനസിക സംഘർഷങ്ങളാൽ മേൽ പറഞ്ഞ മൂന്ന് ദ്രാവകങ്ങൾ കുറഞ്ഞു പോകുന്ന സ്ഥിതി ഉണ്ടാകാം.
നമ്മൾ ജീവിക്കുന്ന പശ്ചാത്തലത്തിൽ നിന്നും വരുന്ന സമ്മർദ്ദങ്ങൾ മൂലം വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ അതിനെ അഡ്ജസ്റ്റ്മെന്റൽ ഡിസ്ഓഡർ എന്നു വിളിക്കാം. അക്ഷരാർഥത്തിൽ പലരും ഉപയോഗിക്കുന്ന ഡിപ്രഷൻ എന്ന വാക്ക് യഥാർഥത്തിൽ അഡ്ജസ്റ്റ്മെന്റൽ ഡിസ്ഓഡർ ആണ്.
മൂന്ന് മേജർ മാനദണ്ഡങ്ങളും, ഏഴ് മൈനർ മാനദണ്ഡങ്ങളും ഉൾപ്പെടുന്ന 10 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നിലനിൽക്കുകയാണെങ്കിൽ അതിനെ ഡിപ്രഷൻ എന്നു പറയാം.
മേജർ മാനദണ്ഡങ്ങൾ
1. മാനസികാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം
എല്ലാ മനുഷ്യരുടെയും സ്വഭാവം വിഭിന്നമാണ്. സന്തോഷം വന്നാൽ ചിരിയും സങ്കടം വന്നാൽ കരച്ചിലും ദേഷ്യം വന്നാൽ ക്ഷോഭവും പ്രകടിപ്പിക്കുന്നവരാണ് മനുഷ്യർ. എന്നാൽ അകാരണങ്ങളാൽ സദാ സമയവും വിഷാദാവസ്ഥയിൽ നിലനിൽക്കുന്ന മനുഷ്യർ നമുക്ക് ചുറ്റിലുമുണ്ട്. ചിരിക്കേണ്ട സന്ദർഭങ്ങളിൽ പോലും ചിരിക്കാൻ മറക്കുന്നവർ. മാനസികാവസ്ഥയിലുണ്ടാകുന്ന വ്യത്യാസം വിഷാദത്തിന്റെ മറ്റൊരു ലക്ഷണമാണ്.
2. ഊർജത്തിന്റെ അഭാവം
പ്രവൃത്തി ചെയ്യാനുള്ള കഴിവിനെയാണ് ഊർജം എന്നു പറുന്നത്. എന്തെങ്കിലും കാര്യം ചെയ്തുകൊണ്ടിരിക്കുന്പോൾ അത് പൂർണമാക്കാൻ സാധിക്കാത്ത അവസ്ഥയിലേക്ക് പെട്ടെന്ന് മാറുക എന്നൊരു സ്ഥിതി ഉണ്ടാകുന്നതും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്.
3. താൽപര്യ കുറവ്
എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിൽ നേരത്തെ ഉണ്ടായിരുന്ന താൽപര്യം ക്രമേണ നഷ്ടമാകുന്നു. വളരെ ഇഷ്ടത്തോടെ ചെയ്തിരുന്ന ജോലി ചെയ്യാൻ വിരക്തി തോന്നിപ്പിക്കുന്നതും വിഷാദ രോഗത്തിന്റെ ലക്ഷണമാണ്.
മൈനർ മാനദണ്ഡങ്ങൾ
1. ഉറക്കമില്ലായ്മ - എത്ര രാത്രിയായാലും ഉറക്കം വരാതെ കിടക്കുക. ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുക ഇവയെല്ലാം വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
2. വിശപ്പില്ലായ്മ - ഭക്ഷണം കഴിക്കാൻ സാധിക്കാത്ത അവസ്ഥ.
3. പ്രതീക്ഷയില്ലാത്ത ചിന്തകൾ/നെഗറ്റീവ് ചിന്തകൾ - സമൂഹത്തിനും വീടിനും തന്നെകൊണ്ടു ഗുണമില്ല എന്ന് ചിന്തിക്കുക, അനാവശ്യമായ ചിന്തകൾ മനസിനെ അലട്ടികൊണ്ടിരിക്കുക ഇവയും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
4. കുറ്റബോധം - വർഷങ്ങൾക്ക് മുൻപ് ചെയ്ത കാര്യങ്ങളെ ഓർത്ത് പശ്ചാത്തപിക്കുക. അകാരണമായി കരയുക.
5. ആത്മഹത്യ പ്രവണത - പ്രതീക്ഷ ഇല്ലാത്ത ചിന്തകൾ ആത്മഹത്യയിലേക്ക് നയിക്കും.
6. ഏകാഗ്രതയുടെയും ശ്രദ്ധയുടെയും അഭാവം - എന്ത് കാര്യം ചെയ്താലും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരിക.
7. വേഗത കുറവ് - സംസാരത്തിനും പ്രവൃത്തികൾക്കും വേഗത കുറഞ്ഞുവരുന്നു.
വിഷാദരോഗം പൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കുന്നതിനാൽ ഒരു രോഗമായി ഇത് കണക്കാക്കാം. ശരിയായ ചികിത്സയിലൂടെയും കൗണ്സിലിംഗിലൂടെയും ഈ രോഗത്തെ ജീവിതത്തിൽ നിന്നു തുടച്ചുനീക്കാം.
ജീവിതത്തിലുണ്ടാകുന്ന സമ്മർദങ്ങൾ മൂലം മനുഷ്യനു സ്വഭാവത്തിൽ വ്യതിയാനങ്ങൾ സംഭവിക്കാം. എന്നാൽ അത്തരം വ്യതിയാനങ്ങൾ വിഷാദ രോഗമായി കണക്കാക്കുന്നത് വെറും മിഥ്യാ ധാരണയാണ്.
മേൽ സൂചിപ്പിച്ചത് പോലെ മൂന്ന് ന്യൂറോ ട്രാൻസ്മിറ്ററുകളിലും ഉണ്ടാകുന്ന കുറവാണ് വിഷാദ രോഗത്തിന്റെ അടിസ്ഥാന കാരണം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ടോണി തോമസ്
സൈക്യാട്രിസ്റ്റ് ജനറൽ ആശുപത്രി
കോട്ടയം