മിക്കവരെയും അലട്ടുന്ന ഉപ്പൂറ്റിവേദന
Thursday, September 28, 2023 12:52 PM IST
‘എന്തൊരു കാലുവേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താൻ വയ്യാത്ത പോലെ.’ രാവിലെ എണീറ്റ് അടുക്കളയിൽ ജോലിചെയ്യുമ്പോഴും പലരും ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്ന പ്രശ്നം.
മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഈ ഉപ്പൂറ്റി വേദന. പ്ലാന്റർ ഫാഷ്യൈറ്റിസ് - പേര് പോലെ തന്നെ പ്രശ്നക്കാരനായ ഒരു രോഗാവസ്ഥയാണിത്.
കുതികാൽ /ഉപ്പൂറ്റി വേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നാണ് പ്ലാന്റർ ഫാഷ്യൈറ്റിസ്. ഓരോ പാദത്തിന്റെയും അടിയിലൂടെ കടന്നുപോകുന്ന, കുതികാൽ അസ്ഥിയെ കാൽവിരലുകളുമായി ബന്ധിപ്പിക്കുന്ന കട്ടിയുള്ള ടിഷ്യുവിന്റെ (പ്ലാന്റർ ഫാഷ്യ) വീക്കം ആണ് ഇതിനു കാരണം.
പ്ലാന്റർ ഫാഷ്യ ഒരു ഷോക്ക് അബ്സോർബറായി പ്രവർത്തിക്കുകയും നമ്മുടെ പാദത്തിന്റെ കമാനത്തെ പിന്തുണയ്ക്കുകയും നടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പ്ലാന്റർ ഫാഷ്യൈറ്റിസ് സാധാരണയായി കുത്തുന്ന വേദനയ്ക്ക് കാരണമാകുന്നു. ഇത് സാധാരണയായി രാവിലെ എണീക്കുമ്പോൾ തുടങ്ങുന്ന ആദ്യ ചുവടുകളിൽ സംഭവിക്കുന്നു.
എന്നാൽ എഴുന്നേറ്റു ചലിച്ചുതുടങ്ങുമ്പോൾ, വേദന സാധാരണഗതിയിൽ കുറയുന്നു. പക്ഷേ, ദീർഘനേരം നിന്നതിനു ശേഷമോ അല്ലെങ്കിൽ ഇരുന്നതിനുശേഷം എഴുന്നേറ്റു നിൽക്കുമ്പോഴോ അത് തിരിച്ചെത്തിയേക്കാം.
ഓട്ടക്കാരിലും അമിതഭാരമുള്ളവരിലും ഇത് സാധാരണമാണ്. ഏറ്റവും സാധാരണമായ ഓർത്തോപീഡിക് പരാതികളിൽ ഒന്നാണ് പ്ലാന്റർ ഫാഷ്യൈറ്റിസ്. നമ്മുടെ പ്ലാന്റർ ഫാഷ്യ ലിഗമെന്റുകൾക്കു ദൈനംദിന ജീവിതത്തിൽ ധാരാളം തേയ്മാനങ്ങൾ നേരിടേണ്ടതായി വരുന്നു.
നമ്മുടെ പാദങ്ങളിൽ അമിത സമ്മർദം വരുമ്പോൾ അസ്ഥിബന്ധങ്ങൾക്ക് കേടുവരുകയോ കീറുകയോ ചെയ്യുന്നു. ഇത് പ്ലാന്റർ ഫാഷ്യ വീക്കത്തിനു കാരണമാവുകയും വീക്കം കുതികാൽ വേദനയ്ക്കും കാഠിന്യത്തിനും കാരണമാവുകയും ചെയ്യുന്നു.
പ്രാഥമിക ലക്ഷണങ്ങൾ
പ്ലാന്റർ ഫാഷ്യൈറ്റിസ് ഉള്ളവരുടെ പ്രധാന പരാതി കുതികാൽ അടിയിലോ ചിലപ്പോൾ മധ്യഭാഗത്തോ ഉണ്ടാകുന്ന വേദനയാണ്. ഇത് സാധാരണയായി ഒരു പാദത്തെ മാത്രമേ ബാധിക്കുകയുള്ളൂ, എന്നാൽ ചിലപ്പോൾ ഇത് രണ്ട് പാദങ്ങളെയും ബാധിക്കുന്നു.
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
oommenarun@yahoo.co.in