നിപ മഹാമാരിയല്ല, പക്ഷേ, കൊലയാളിയാണ്...
Thursday, September 14, 2023 1:07 PM IST
1998ൽ മലേഷ്യയിലും തുടർന്ന് സിംഗപ്പൂരിലുമാണ് നിപ വൈറസ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
എൽ നിനോ പ്രതിഭാസം മലേഷ്യൻ കാടുകളെ നശിപ്പിച്ചതിനെ തുടർന്ന് കാട്ടിലെ കായ്കനികൾ ഭക്ഷിച്ച് ജിവിച്ചിരുന്ന വവ്വാലുകൾ നാട്ടിലെത്തി.
ഈ വവ്വാലുകളിൽനിന്നു നിപ്പാ വൈറസ് പന്നി തുടങ്ങിയ നാട്ടുമൃഗങ്ങളിലേക്കു വ്യാപിച്ചു. പിന്നീട് ജനിതകമാറ്റം വന്ന വൈറസ് മനുഷ്യരിലേക്കും പടർന്നു.
‘നിപ’ മലേഷ്യയിലെ ഒരു സ്ഥലം
മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് നിപ (Nipah) എന്ന പേരിൽ വൈറസ് അറിയപ്പെട്ടത്.
മൃഗങ്ങളിൽനിന്നു മൃഗങ്ങളിലേക്ക് മാത്രം പകർന്നിരുന്ന നിപ വൈറസ് ജനിതകമാറ്റം സംഭവിച്ചതുകൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരിൽനിന്നു മനുഷ്യരിലേക്കും പടരുന്നത്.
ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തിൽപെട്ട ആർഎൻഎ വൈറസുകളാണ് നിപ വൈറസുകൾ.
പ്രധാനമായും പഴവർഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് ജനുസിൽപെട്ട വവ്വാലുകളാണ് നിപ വൈറസിന്റെ പ്രകൃതിദത്ത വാഹകർ.
വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.
വവ്വാലുകൾ ഭക്ഷിച്ച് ഉപേക്ഷിക്കുന്ന ഫലങ്ങളിലൂടെയും വവ്വാലുള്ള സ്ഥലങ്ങളിൽ കലങ്ങളിൽ ശേഖരിക്കുന്ന പാനീയങ്ങളിലൂടെയുമാണ് പ്രധാനമായും രോഗം പടരുന്നത്.
മലേഷ്യയിൽ മാത്രമാണ് പന്നികളിൽനിന്നു രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
മരണനിരക്ക് 40-60 ശതമാനം
രോഗിയുടെ സ്രവങ്ങളിലൂടെയാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. പനി, തലവേദന, തലകറക്കം, ചുമ, ബോധക്ഷയം മുതലായവയാണ് നിപ രോഗലക്ഷണങ്ങൾ.
തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് മരണത്തിന് കാരണമാവും. 40 മുതൽ 60 ശതമാനം വരെയാണ് മരണനിരക്ക്. ആർടിപിസിആർ, എലിസ ടെസ്റ്റുകൾ വഴി രോഗനിർണയം നടത്താം.
കൂടുതൽ മരണം ബംഗ്ലാദേശിൽ
മലേഷ്യയിൽ 1998-99 കാലത്ത് 265 പേരെ രോഗം ബാധിച്ചതിൽ 105 പേർ മരണമടഞ്ഞു. സിംഗപ്പുരിൽ 11 പേരിൽ രോഗം കണ്ടെത്തി.
ഒരാൾ മാത്രമാണ് മരണമടഞ്ഞത്. ബംഗ്ലാദേശിൽ രോഗം ബാധിച്ച 263 പേരിൽ 196 (74.5%) പേരും മരിച്ചു.
2001 ൽ ഇന്ത്യയിൽ പശ്ചിമബംഗാളിലെ സിലിഗുരിയിൽ 71 പേരെ നിപ വൈറസ് രോഗം ബാധിക്കുകയും 50 പേർ മരണമടയുകയും ചെയ്തു. 2007ൽ നാദിയായിൽ 30 പേർക്ക് രോഗബാധയുണ്ടായി 5 പേർ മരണമടഞ്ഞു.
1998നുശേഷം ഇതുവരെ നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി 477 പേരെ ബാധിച്ചിട്ടുണ്ട്. ഇവരിൽ 252 പേർ മരണമടഞ്ഞു.
40 മുതൽ 75 ശതമാനം വരെയായിരുന്നു വിവിധ രാജ്യങ്ങളിലെ മരണനിരക്ക്. 2018 മേയ് മാസത്തിൽ കേരളത്തിൽ നിപ വൈറസ് ബാധ ഉണ്ടായി.
28 പേരിൽ രോഗ ലക്ഷണം കണ്ടെങ്കിലും 18 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 17 പേർ മരണമടഞ്ഞു. നിപ വൈറസ് രോഗത്തിന് പ്രത്യേക മരുന്നുകളോ വാക്സിനോ കണ്ടെത്തിയിട്ടില്ല.
വൈറസുകളെ നശിപ്പിക്കുന്ന റിബാവിറിൻ (Ribavirin) എന്ന മരുന്ന് പരീക്ഷണ ഘട്ടത്തിലാണ്. വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നു വരുന്നു.
കോഴിക്കോട് വീണ്ടും നിപ ബാധയുണ്ടായി മരണം സംഭവിച്ചതായി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ആവർത്തിച്ച് നിപ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള സൂക്ഷ്മ പഠനം നടത്തേണ്ടിയിരിക്കുന്നു.
ഡോ. ബി. ഇക്ബാൽ