ഐക്യുവും ഇക്യുവും: ഇന്റർവ്യൂ വിജയത്തിനും നേതാവാകാനും
Thursday, September 7, 2023 1:28 PM IST
സൈക്കോളജിക്കൽ കൗണ്‍സലിംഗ് എന്നാൽ വൈകാരിക ബുദ്ധിയുടെ(ഇക്യു) ഇടപെടലിൽ കഷ്ടപ്പെടുന്ന ഒരാളെ വിവേകത്തിന്റെ, ഐ.ക്യു പവറിന്റെ നിയന്ത്രണത്തിലേക്കു കൊണ്ടുവരിക എന്നതാണ്.
അതുപോലെ മറ്റുള്ളവന്റെ വികാരം മനസിലാക്കാനും അവയിലെ പോരായ്മകൾ കണ്ടെത്താനും സാധിക്കുന്നവർ... അതായത് ഒരേസമയത്ത് വിവേകവും വികാരവും ഒത്തൊരുമിച്ച് പ്രവർത്തിപ്പിക്കുന്നവർക്കേ നല്ലൊരു സൈക്കോളജിക്കൽ കൗണ്‍സിലർ ആകാൻ കഴിയൂ.
നേതാവാകാൻ ഇക്യു
ചിലർ സ്വന്തം ഇക്യു കുറവിനെ മാർക്കറ്റ് ചെയ്ത് കൈയടി നേടുകയും ചെയ്യും. ബുദ്ധി കൂടുതലുള്ളവനെ അഥവാ ഐക്യൂ കൂടുതലുള്ളവനെ നാം ബഹുമാനിക്കുന്നതുപോലെ ഇക്യു കൂടുതലുള്ളവരെയും നാം ബഹുമാനിച്ചുപോകും.
നല്ല നേതാവാകണമെങ്കിൽ ഇക്യു കൂടുതലുണ്ടാവണം. അണികളിലെ വികാരങ്ങൾ ഉയർത്തണം. എന്നാൽ അത് തന്റെ നിയന്ത്രണത്തിൽ ആയിരിക്കുകയും വേണം.
ഏതു തൊഴിൽ മേഖലയിൽ വിജയിക്കണമെങ്കിലും ഇ. ക്യു ആവശ്യമാണ്. പല കന്പനികളും ഇന്റർവ്യൂകളിൽ നിങ്ങളുടെ ഐക്യു അല്ല ഇക്യു ആണു പരീക്ഷിക്കാറുള്ളത്. അവർ മനപ്പൂർവം നിങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കും.
കസ്റ്റമർ പല സ്വഭാവക്കാരായിരിക്കും. അവരുടെ വികാരത്തെ മാനിക്കണം. എന്നാലേ കച്ചവടം എന്ന നിങ്ങളുടെ ലക്ഷ്യം വിജയിക്കു. ഇന്ന് കസ്റ്റമേർസിനു ധാരാളം ഓപ്ഷൻസ് ഉണ്ട്.
നല്ല രീതിയിൽ പെരുമാറിയില്ലങ്കിൽ അവർ അടുത്ത സ്ഥലത്തെ ആശ്രയിക്കും. ഏതു മേഖലയിലും ഇത് യാഥാർഥ്യമാണെന്നറിയുക.
ഇക്യു മെച്ചപ്പെടുത്താം
ഐക്യു(വിവേക ബുദ്ധി) പോലെയല്ല ഇക്യു(വൈകാരിക ബുദ്ധി). ഇതേക്കുറിച്ചു നമുക്ക് പഠിക്കാനും വർധിപ്പിക്കാനും സാധിക്കും. സ്വയം വിശകലനം ചെയ്യാൻ നിങ്ങൾ തയാറുണ്ടോ, മാറാൻ നിങ്ങൾ തയാറാണോ എങ്കിൽ വഴിയുണ്ട്.
തന്റെ വൈകാരിക സ്വഭാവത്തിലെ ശക്തിയെന്തെന്നും ബലഹീനതയെന്തെന്നും സ്വയം ചോദിക്കുക. എന്റെ വൈകാരികത എന്റെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിഞ്ഞിരിക്കുക.
മറ്റുള്ളവർ കാണുന്ന ‘ഞാൻ’
നിങ്ങളുടെ സ്വഭാവ വൈഷമ്യങ്ങൾ ഒരു ബുക്കിൽ എഴുതിവയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കൂടുതൽ നന്നാകാൻ ആഗ്രഹിക്കുന്നവർ തന്റെ സ്വഭാവ വിശേഷത്തെക്കുറിച്ച് അഭ്യുദയകാംക്ഷികളോട് ചോദിക്കുകയും ചെയ്യാം.
സമ്മർദ ഘട്ടങ്ങളിൽ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നത് അവരോട് ചോദിച്ചറിയുക. അവർ ആരോപിക്കുന്ന തകരാറുകൾ ഇനി അവരെക്കൊണ്ട് പറയിപ്പിക്കില്ല എന്നങ്ങു തീരുമാനിക്കൂ.
ഇതാണു മറ്റുള്ളവർ കാണുന്ന ഞാൻ എന്ന യാഥാർഥ്യം അംഗീകരിക്കുക.
പലരും കുറ്റപ്പെടുത്തുന്പോൾ
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്കവാറും
പ്രശ്നം നിങ്ങളുടേത് തന്നെയാണ് എന്ന യാഥാർഥ്യം എത്രയും പെട്ടെന്ന് അംഗീകരിക്കുന്നുവോ അത്രയും പെട്ടെന്ന് നിങ്ങൾക്കു നല്ലവനാകാം.
സ്വയം എല്ലാ അഭിനന്ദനങ്ങളും ഏറ്റുവാങ്ങണം എന്ന് ചിന്തിക്കാതെ മറ്റുള്ളവർക്കു കൂടി അതിനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക.
ഡോ. റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 [email protected]