‘ദേഷ്യം എനിക്കു പാരന്പര്യമായി കിട്ടിയതാണ്..!’
Wednesday, September 6, 2023 3:19 PM IST
ഐക്യൂ അഥവാ ‘ഇന്റലിജൻസ് കോഷ്യന്റി’നെ കുറിച്ച് (വിവേക ബുദ്ധി) എല്ലാവരും കേട്ടിരിക്കും. അതുപോലെയോ അതിലും പ്രധാനമോ ആണ് ഇക്യൂ എന്ന ഇമോഷണൽ കോഷ്യന്റ് അഥവ ഇമോഷണൽ ഇന്റലിജൻസ്.
സ്വന്തം വികാരങ്ങളെക്കുറിച്ചു ധാരണയുണ്ടായിരിക്കുക. അവ വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് യുക്താനുസരണം ഉപയോഗിച്ച് പ്രശ്നങ്ങളില്ലാതെ ജീവിക്കുക എന്നതാണു ഇക്യൂ നോർമലായ ആളിന്റെ രീതി.
വ്യക്തിജീവിതത്തിലും തൊഴിൽ മേഖലയിലും വിജയത്തിന് ഇത് അത്യന്താപേക്ഷിതമാണ്. അമേരിക്കൻ സൈക്കോളജിസ്റ്റായ ഡാനിയേൽ ഗോൽമാനാണ് ഇമോഷണൽ ഇന്റലിജെൻസിനെ പ്രശസ്തമാക്കിയത്.
അതു മറ്റുള്ളവർ സഹിക്കണോ?
ഇക്യൂവിനു പല തലങ്ങളുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വന്തം വികാരത്തെക്കുറിച്ചുള്ള ബോധമാണ് ഒന്നാമത്തേത്. എനിക്ക് വേഗം ദേഷ്യം വരുന്ന പ്രകൃതമാണ്, അല്ലെങ്കിൽ കരച്ചിൽ വരുന്ന പ്രകൃതമാണ് എന്നൊക്കെ യുള്ള തിരിച്ചറിവ് പ്രധാനമാണ്.
ആ യാഥാർഥ്യത്തെ അംഗീകരിക്കാൻ കഴിഞ്ഞാലേ നമുക്ക് അടുത്ത ഘട്ടത്തിലേക്ക് പോകാനാവൂ. ചിലർ ഈ അവസ്ഥയിൽ നിന്നു മാറാൻ താല്പര്യപ്പെടുന്നില്ല. ദേഷ്യം എനിക്ക് പാരന്പര്യമായി കിട്ടിയതാ എന്ന് അഭിമാനത്തോടെ പറയുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്.
അവർക്ക് ഇ ക്യൂ കുറവാണെന്നതാണു യാഥാർഥ്യം. അവർക്ക് പാരന്പര്യമുണ്ടെന്നതുകൊണ്ട് മറ്റുള്ളവർ അത് സഹിച്ചോളണം എന്നു പറയുന്നതിൽ എന്തു ന്യായമാണുള്ളത്.
‘നോ’ പറയാനാകുന്നില്ല
വികാരങ്ങൾ നമ്മെ ഭരിക്കാതെ നാം അവയെ ഭരിക്കുന്ന രീതിയിലാകണം കാര്യങ്ങൾ. ചിലർ നമ്മുടെ ഈ സ്വഭാവത്തെ മുതലെടുക്കും. നമ്മെ പ്രകോപിപ്പിച്ച് പ്രശ്നങ്ങളിൽ ചാടിക്കും.
എം.എൻ വിജയൻ മാഷ് പറഞ്ഞിട്ടുണ്ട് പ്രസംഗിക്കുന്പോൾ ഇടയ്ക്കുള്ള കൈയടികളെ ഭയക്കണം, നമ്മുടെ വായിൽ നിന്ന് ആവേശത്തിൽ പലതും ചാടാതെ സൂക്ഷിക്കണം എന്ന്.
നമ്മുടെ പല നേതാക്കന്മാരും ഇങ്ങനെ വൻ കുടുക്കിൽ ചാടുന്നതും അവരെ സൂത്രക്കാരായ ചില മാധ്യമ പ്രവർത്തകർ പ്രകോപിപ്പിച്ച് വൻ കുഴിയിൽ ചാടിക്കുന്നതും അവർക്ക് സത്യത്തിൽ ഇക്യൂ കുറവുള്ളതുകൊണ്ടല്ലേ?
ഇക്യൂ കുറവുള്ളവർക്ക് നോ എന്ന് പറയാൻ പലകാര്യത്തിലും സാധിക്കില്ല. അങ്ങനെ പലപല പ്രശ്നങ്ങളിലും ചെന്നു ചാടുകയും ചെയ്യും.
മറ്റുള്ളവരുടെ വികാരങ്ങൾ
മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാനുള്ള ശേഷിയുണ്ടായിരിക്കുക എന്നതാണു മറ്റൊരു പ്രധാന കാര്യം.
തന്നെപ്പോലെ അവർക്കും വികാരങ്ങളുണ്ടെന്നും അവയും ക്ഷണികങ്ങളാണെന്നും അതുകഴിഞ്ഞാൽ അവർക്കും വിവേകം വരുമെന്നും മനസിലാക്കാനുള്ള കഴിവാണു നേടേണ്ടത്. ഇക്യൂ കുറഞ്ഞവരിൽ ഒരു വികാരം ദീർഘകാലം നീണ്ടു നില്കും.
അത് സന്തോഷമായാലും സങ്കടമായാലും. സ്നേഹമായാലും പ്രേമമായാലും. മറ്റുവരോടുള്ള ദേഷ്യമായാലും വെറുപ്പായാലും കുശുന്പായാലും.
ദീർഘമായി ഒരേ വികാരങ്ങൾ നമ്മളെ ഭരിച്ചാൽ ജീവിതം പ്രയാസ കരം തന്നെ. വികാരങ്ങളുടെ തീരുമാനങ്ങൾ മിക്കവാറും ബുദ്ധിക്കു നിരക്കുന്നതായിരിക്കില്ല, നമുക്കു ഭാവിയിലുണ്ടാകുന്ന നാശനഷ്ടങ്ങൾ കൂടുതലായിരിക്കും.
രാഷ്ട്രീയത്തിനും മതത്തിനും പ്രണയത്തിനും കവിതയ്ക്കും വേണ്ടിയൊക്കെ മരിക്കുന്നവർ ഒരുകണക്കിൽ പറഞ്ഞാൽ ഇക്യൂ കുറഞ്ഞവരാണ്.
അവർക്കവരുടെ ശരിയുണ്ടാകും. എന്നാൽ ഒന്നു മാറിനിന്നു നോക്കിയാൽ മനസിലാകും വികാരങ്ങളിലെ തെറ്റ്.
ഡോ. റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ - 9447689239 drmanoj.1973@yahoo.com